- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിലും മഹാരാഷ്ട്രയിലും തിരിച്ചടി കിട്ടിയതോടെ ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ വിലയിടിഞ്ഞു; മമതയെ കൊണ്ടുവരൂ, ഇന്ത്യാ മുന്നണിയെ രക്ഷിക്കൂ എന്ന് മുറവിളി; പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോട് സഹകരിക്കാതെ തൃണമൂലിന്റെയും എസ്പിയുടെയും കളി; ബിജെപിയെ തളയ്ക്കാന്‍ മമത തലപ്പത്ത് വരുമോ?
മമതയെ കൊണ്ടുവരൂ, ഇന്ത്യാ മുന്നണിയെ രക്ഷിക്കൂ എന്ന് മുറവിളി
ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ കാല്‍ചോട്ടിലെ മണ്ണിളകുന്നുവോ? പ്രതിപക്ഷ സഖ്യത്തെ തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജി നയിക്കണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നതാണ് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നത്. ആര്‍ജെഡി സ്ഥാപക നേതാവ് ലാലു പ്രസാദ് യാദവും ഇന്ന് മമതയ്്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ' ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഞങ്ങള്‍ മമതയെ പിന്തുണയ്ക്കും. ഇന്ത്യ മുന്നണിയുടെ നേതൃത്വം മമത ഏറ്റെടുക്കണം', ലാലു പ്രസാദ് യാദവ് പറഞ്ഞു.
അച്ഛന്റെ തീരുമാനം തന്നെയാണ് തന്റേതെന്ന് മകനും, ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും പ്രതികരിച്ചു. മമതയെ പിന്തുണയ്ക്കുന്നു. എന്നാല്‍ കൂട്ടായ ആലോചനയിലൂടെ വേണം ഒരു തീരുമാനമുണ്ടാകാനെന്നും തേജസ്വി വ്യക്തമാക്കി.
ഈ മാസമാദ്യം, എല്ലാവരെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ട് നീങ്ങേണ്ടതെന്ന് കോണ്‍ഗ്രസിന് എതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഒളിയമ്പ് എയ്തിരുന്നു. ' എനിക്ക് അവസരം കിട്ടിയാല്‍, ഇന്ത്യാമുന്നണിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും. എനിക്ക് ബംഗാളിന് പുറത്തുപോകണമെന്നില്ല. പക്ഷേ ഇവിടെ ഇരുന്ന് കൊണ്ട് തന്നെ എനിക്ക് മുന്നണിയെ നയിക്കാനാകും'-മമത പറഞ്ഞു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് മമതയ്ക്ക് അനുകൂലമായ നീക്കം. നരേന്ദ്ര മോദി സര്‍ക്കാരിനെ പാര്‍ലമെന്റില്‍ തളയ്ക്കാന്‍ ഏതു തന്ത്രം പിന്തുടരണമെന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് അദാനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്റില്‍ ബഹളം കൂട്ടുകയും, ഇറങ്ങിപ്പോവുകയും ചെയ്യുന്നത്. അദാനിയെ ചൊല്ലി പലവട്ടം പാര്‍ലമെന്റ് സ്തംഭിക്കുകയും ചെയ്തു. എന്നാല്‍, സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അതുവഴി സുപ്രധാന വിഷയങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂര്‍ വിഷയം എന്നിവ ഉന്നയിക്കാമെന്നുമാണ് തൃണമൂലിന്റെ നിലപാട്. അദാനി വിഷയത്തില്‍, തൃണമൂല്‍ മാത്രമല്ല, സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒപ്പം ചേര്‍ന്നില്ല.
2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്‌സഭയില്‍ ഇരട്ടി സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയെങ്കിലും, ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലേറ്റ് തിരിച്ചടി പ്രതിപക്ഷ ക്യാമ്പിലെ വിലയിടിച്ചു. ഇതോടെയാണ് മുറുമുറുപ്പ് തുടങ്ങിയത്.
നേരത്തെ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും മമത ബാനര്‍ജി ഇന്ത്യ മുന്നണിയുടെ മുഖ്യ പങ്കാളിയായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊല്‍ക്കത്തയില്‍ പോയി മമതയുമായി ഇക്കാര്യം സംസാരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. ബംഗാളില്‍, ബിജെപിയെ അകറ്റി നിര്‍ത്തി മമത മാതൃക കാട്ടി എന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിലപാട്. മമതയുടെ തിരഞ്ഞെടുപ്പ് പരിചയം പോരാട്ട വീര്യം, എന്നിവ കണ്ക്കിലെടുത്ത് മമതയെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നാണ് ശിവസേനയുടെയും ഉള്ളിലിരുപ്പ്.
എന്‍സിപി സ്ഥാപക നേതാവ് ശരദ് പവാറും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ' മമത മുന്നണിയെ നയിക്കാന്‍ പ്രാപ്തയാണ്. അവര്‍ രാജ്യത്തെ പ്രമുഖ നേതാവാണ്. മമത പാര്‍ലമെന്റിലേക്ക് അയച്ച എംപിമാര്‍ ഉത്തരവാദിത്തമുള്ളവരും, ചുമതലാബോധം ഉള്ളവരും, തിരിച്ചറിവുളളവരുമാണ്. അതുകൊണ്ട് അവര്‍ക്ക് അത് പറയാനുളള അവകാശമുണ്ട്, പവാര്‍ പറഞ്ഞു.
'മമത ദീദി 42 ലോക്സഭാ സീറ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അവര്‍ക്ക് തിരഞ്ഞെടുപ്പ് ഗോദയില്‍ വളരെ വലിയ പരിജ്ഞാനവുമുണ്ട്. അതുകൊണ്ട് ഇന്ത്യ മുന്നണിയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യയാണ്''- വൈ.എസ്.ആര്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായ വിജയസായി റെഡ്ഡി പറഞ്ഞു. വൈ.എസ്.ആര്‍.സി.പി അദ്ധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി മമതയുമായി കൂടുതല്‍ അടുക്കുന്നുവെന്ന സൂചനയാണ് വിജയസായി നല്‍കുന്നത്.
കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ മമതയെ പിന്തുണച്ച് രംഗത്ത് വന്നതോടെ കോണ്‍ഗ്രസ് തങ്ങളുടെ ഈഗോ മാറ്റിവച്ച് ഇന്ത്യ മുന്നണി നേതാവായി മമത ബാനര്‍ജിയെ അംഗീകരിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടത്. ''നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി പരാജയമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണം. മമതയെ കോണ്‍ഗ്രസ് അകറ്റി നിറുത്തുന്നത് കേവലം ഈഗോ കൊണ്ട് മാത്രമാണ്. രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ മമതയെ കണ്ടുപഠിക്കൂ''- കല്യാണ്‍ പറഞ്ഞു.
എന്നാല്‍, മമതയെ നേതാവായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല എന്നതാണ് യാഥാര്‍ഥ്യം. ബംഗാള്‍ വിട്ടുകഴിഞ്ഞാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണെന്നാണ് കോണ്‍ഗ്രസ് എംപി മണിക്കാം ടാഗോറിന്റെ ചോദ്യം. ഗോവയിലും, ത്രിപുരയിലും, മണിപ്പൂരിലും, അസാമിലും മേഘാലയയിലും നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലും എന്താണ് സംഭവിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്ന് മണിക്കാം ടാഗോര്‍ ആവശ്യപ്പെട്ടു.
ബിജെപിയെ താഴെയിറക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ത്യ മുന്നണി രൂപീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, ഇന്ത്യ മുന്നണി അതിന്റെ ഫലം കൊയ്യുകയും ചെയ്തു. എന്നാല്‍, ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ രാഷ്ട്രീയ എതിരാളികള്‍ ആയിരിക്കുന്ന മേഖകളിലെ സഹകരണം വലിയ വെല്ലുവിളിയാണ് താനും. ഇന്ത്യമുന്നണി അവസര വാദ മുന്നണിയാണെന്നാണ് ബിജപിയുടെ ആക്ഷേപം.