ന്യൂഡല്‍ഹി: 2024-25 ലെ സമ്പൂര്‍ണ ബജറ്റ് ജൂലൈ 23 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തൊട്ടുതലേന്ന്( 22ന് ) ആരംഭിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം. ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.

ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഈ വര്‍ഷം ആദ്യത്തില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.

23-ന് തന്റെ ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ നിര്‍മല സീതാരാമന്‍ ഏറ്റവും കൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കും. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വേഗം കൂട്ടുമെന്നും ചരിത്രപരമായ നിരവധി ചുവടുവയ്പുകള്‍ പ്രതീക്ഷിക്കാമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി വ്യക്തമാക്കിയതോടെ ബജറ്റിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉയര്‍ന്നിരിക്കുന്നത്. മധ്യവര്‍ഗ്ഗ-ശമ്പള വരുമാനക്കാരുടെ വലിയ പ്രതീക്ഷ ആദായ നികുതി ഘടനയില്‍ മാറ്റം ഉണ്ടാകുമോ എന്നാണ്. കൂടുതല്‍ ഇളവുകളാണ്
പ്രതീക്ഷിക്കുന്നത്.

18 ാമത് ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ വര്‍ദ്ധിത വീര്യമാണ് കണ്ടത്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച.മണിപ്പൂര്‍ അടിയന്തരാവസ്ഥ, അഗ്നിപഥ്, ഭരണഘടനയെ താഴ്ത്തിക്കെട്ടുന്നുവെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക സമ്മേളനത്തില്‍ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയത്. നീറ്റ് അടക്കമുള്ള ചില ബജറ്റ് സമ്മേളനത്തിലും പ്രതിഷേധത്തിന് വഴി വച്ചേക്കാം.