തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്നും സഭയില്‍ ക്രമപ്രശ്‌നം അവതരിപ്പിക്കവേ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍:

നിയമസഭ നടപടി ക്രമങ്ങളുടെ ഭാഗമായി 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുമെന്നായിരുന്നു അജണ്ടയിലുണ്ടായിരുന്നത്. ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാതെ ചട്ടം 76, 77, 237 എന്നിവ ഇളവ് ചെയ്തുകൊണ്ട് ഇന്നലെ (10.6.2024) സഭ പാസാക്കിയ ദൗര്‍ഭാഗ്യകരമായ നടപടിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

ഇന്നലെ നല്‍കിയ റൂള്‍ 50 നോട്ടീസില്‍ അന്വേഷണം നടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്. അങ്ങനെ സമരം നടത്തുന്നത് ഈ സഭയില്‍ ആദ്യമായല്ല. യു.ഡി.എഫ് ഭരണകാലത്ത് ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഒരു ഡസനില്‍ അധികം തവണ അന്നത്തെ പ്രതിപക്ഷം നടത്തളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍, സഭാതലത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ തന്നെ അജണ്ടയില്‍ വ്യക്തമാക്കിയതില്‍ നിന്നും വ്യത്യസ്തമായി ബില്ലുകള്‍ പരിഗണനയ്ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്‍കുകയും ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ സഭ പാസാക്കുകയും ചെയ്തു. പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ ബില്‍ പാസാക്കുന്നതിന്റെ നടപടിക്രമങ്ങളൊക്കെ കാറ്റില്‍പ്പറത്തി. പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കുന്നതു പോലെ മോദി ശൈലിയിലാണ് കേരള നിയമസഭയില്‍ ഇന്നലെ ബില്‍ പാസാക്കിയത്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.

കേരള നിയമസഭയ്ക്ക് ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തെ കളഞ്ഞുകുളിച്ചും ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കിയും ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ആഘാതം കിട്ടിയിട്ടും ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷത്തിന് മാത്രമല്ല, എല്ലാ സാമാജികര്‍ക്കും ഭേദഗതികള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. അനാവശ്യ ധൃതിയാണ് സര്‍ക്കാര്‍ കാട്ടിയത്. നിയമസഭയ്ക്ക് തന്നെ അപമാനകരമായ സംഭവമാണ് നടന്നത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ കൃത്യമായ റൂളിങ് നല്‍കണം.

ഞങ്ങളുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല. ഇല്ലാത്ത കാര്യമാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഞങ്ങളുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. നിങ്ങള്‍ ആരോടാണ് ഈ വാശി കാണിക്കുന്നത്. നിയമസഭയുടെ പേരാണ് മോശമായത്. എന്ത് നേട്ടമാണ് നിങ്ങള്‍ക്കുണ്ടായത്. നിങ്ങള്‍ക്ക് നിങ്ങളുടെ ഭൂരിപക്ഷം കൊണ്ട് തന്നെ ബില്‍ പാസാക്കാമായിരുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.

ഡീ ലിമിറ്റേഷന്‍ വലിയ പ്രക്രിയ ആണെന്ന് പറയുന്ന മന്ത്രിക്ക് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പെ ഈ ബില്‍ കൊണ്ടു വരാമായിരുന്നില്ലേ? എത്രയോ അവസരങ്ങളുണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് നിഷ്‌ക്രിയത്വമാണ്. സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കുമെന്നാണ് അജണ്ടയിലുണ്ടായിരുന്നത്. മുന്‍ സഭയില്‍ ഈ ബില്‍ പരിഗണിച്ചപ്പോള്‍ ഇല്ലാതിരുന്ന നിരവധി പേര്‍ ഇപ്പോഴത്തെ സഭയിലുണ്ട്. അവര്‍ക്കും ഭേദഗതികള്‍ അവതരിപ്പിക്കാനുണ്ടാകും. പെട്ടന്ന് പാസാക്കേണ്ടതായിരുന്നെങ്കില്‍ പ്രതിപക്ഷത്തോട് പറയാമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായം പറഞ്ഞേനെ. ഇന്ന് വൈകുന്നേരം പാസാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങള്‍ സഹകരിക്കുമായിരുന്നല്ലോ. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ബില്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നത്. അത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. മന്ത്രിയുടെ ന്യായവാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. മോദി സ്റ്റൈലിലാണ് ബില്ലുകള്‍ പാസാക്കുന്നതെങ്കില്‍ നിങ്ങള്‍ സബ്ജക്ട് കമ്മിറ്റികളൊക്കെ പിരിച്ചു വിട്.

ഭേദഗതി തന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞതും തെറ്റാണ്. പ്രതിപക്ഷത്ത് നിന്നും സണ്ണി ജോസഫ് ജനറല്‍ അമന്‍ഡ്മെന്റ് തന്നിരുന്നു. ബില്‍ സര്‍ക്കുലേറ്റ് ചെയ്ത ശേഷമാണ് പ്രധാന ഭേഗദതികള്‍ അവതരിപ്പിക്കുന്നത്. പ്രതിപക്ഷവുമായി സമവായമുണ്ടാക്കിയും അടിയന്തര സാഹചര്യത്തിലും മാത്രമാണ് കേരള നിയമസഭ ഇത്തരത്തില്‍ ബില്‍ പാസാക്കിയിട്ടുള്ളത്. എന്നാല്‍ ഇതുപോലൊരു സംഭവം സഭാചരിത്രത്തില്‍ ആദ്യമായാണ്.

സ്പീക്കറുടെ വിഷമം പരിമിതമായ വാക്കുകളിലൂടെ പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ നടപടി തെറ്റായിരുന്നുവെന്ന് സ്പീക്കറുടെ വാക്കുകളില്‍ വ്യക്തമാണ്. പ്രതിപക്ഷ നേതാവ് കസേരയില്‍ നിന്നും എഴുന്നേറ്റ് പറഞ്ഞില്ലെന്നു പറഞ്ഞ മന്ത്രി ഭാവിയില്‍ പ്രതിപക്ഷം ഇതൊക്കെ കേട്ട് അടങ്ങിയിരുന്നെന്നും പറയും. കേന്ദ്രത്തില്‍ സംഘപരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്ന അതേ നടപടി നിയമസഭയിലും തുടരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് ചെയ്യുന്നു.