- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിക്ക് പോയി
ചേർത്തല: അടിസ്ഥാനവർഗത്തെ അവഗണിക്കുന്നതു തുടർന്നാൽ പാർട്ടിയുടെ അടിത്തറയിളകുമെന്ന് സർക്കാരിന് ആലപ്പുഴയിലെ സിപിഎം. പ്രതിനിധികളുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പു വിശകലനത്തിനായി ചേർന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലം യോഗത്തിലാണ് ഈ മുന്നറിയിപ്പുണ്ടായത്. ജില്ലയിൽ സിപിഎമ്മിന്റെ അടിസ്ഥാന വർഗത്തിന്റെ വോട്ടാണ് ചോർന്നതെന്നാണ് പാർട്ടി വിലയിരുത്തിയിരിക്കുന്നത്.
ഏഴു നിയോജക മണ്ഡലങ്ങളിലെ ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയ സെക്രട്ടറിമാരുമാണ് പങ്കെടുത്തത്. വോട്ടുചോർച്ചയ്ക്കു കാരണമായ പ്രശ്നങ്ങൾ മുൻഗണന നിശ്ചയിച്ചു പരിഹരിക്കണമെന്നും നിർദേശമുയർന്നു. പാർട്ടിയുടെ അടിത്തറയിളകിയിട്ടില്ല. എന്നാൽ, ശക്തികേന്ദ്രങ്ങളിലടക്കം ബിജെപി.യിലേക്കു വോട്ടൊഴുകിയത് സർക്കാർ നയങ്ങളോടുള്ള എതിർപ്പുമൂലമാണ്. ക്ഷേമപെൻഷൻ മുടക്കം, കയർ, മത്സ്യമേഖലകളിലെ പ്രശ്നങ്ങൾ തുടങ്ങിയവ തിരിച്ചടിയായി.
തിരഞ്ഞെടുപ്പിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകിയെങ്കിലും വോട്ടിനു വേണ്ടിയാണെന്ന ധാരണ പരന്നു. ക്ഷേമപെൻഷൻ വലിയൊരു സമൂഹത്തിന്റെ ആശ്രയമാണ്. കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താത്വികമായ നിർദ്ദേശം മാത്രമാണു സർക്കാർതലത്തിൽ നിന്നുണ്ടാകുന്നത്. മേഖലയെ ആശ്രയിക്കുന്നവർക്ക് ആശ്വസിക്കാവുന്ന ഒരുവാക്കുപോലും പറയാൻ സർക്കാരിനോ മന്ത്രിക്കോ ബന്ധപ്പെട്ടവർക്കോ കഴിയുന്നില്ല.
ബിജെപി.യും യു.ഡി.എഫും പാർട്ടിക്കു മേൽക്കൈയുള്ള കയർകേന്ദ്രങ്ങളിലെല്ലാം ഇക്കാര്യങ്ങളുയർത്തിയാണു പ്രചാരണം നടത്തിയത്. ഇതു പ്രതിരോധിക്കാനുള്ള നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കാൻ പാർട്ടിക്കോ എൽ.ഡി.എഫിനോ കഴിഞ്ഞില്ല. മത്സ്യ, നിർമ്മാണ മേഖലകളിലും സാധാരണ തൊഴിലാളികൾക്കു ലഭിക്കേണ്ട ആനുകൂല്യം കിട്ടാത്ത സ്ഥിതിയാണെന്നും പാർട്ടി വിലയിരുത്തി.
അസേമയം ആലപ്പുഴയിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം വോട്ട് ബിജെപിക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടിക്ക് ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായി. ന്യൂനപക്ഷ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിക്ക് പോയെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്ക് ന്യൂനപക്ഷ വോട്ടും കിട്ടിയില്ല. പാർട്ടി തിരുത്തേണ്ട കാര്യങ്ങൾ ഉണ്ട് അത് തിരുത്തുമെന്നും ആർ നാസർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾക്കും നാസർ മറുപടി നൽകി. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. പലർക്കും പല അഭിപ്രായം ഉണ്ടാകും. സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് പാർട്ടിയാണ്. പാർട്ടി നിർണയിച്ച സ്ഥാനാർത്ഥിയാണ് മത്സരിച്ചതെന്നും നാസർ പ്രതികരിച്ചു.