ഭോപ്പാൽ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ മധ്യപ്രദേശിലും മിസോറാമിലും വോട്ടിങ് പുരോഗമിക്കുന്നു. ഏറ്റവും കൂടുതൽ വോട്ടിങ് രേഖപ്പെടുത്തിയത് ഉമാരിയ ജില്ലയിലാണ്. 36.36 ശതമാനം. 18.55 ശതമാനം രേഖപ്പെടുത്തിയ സിദ്ധി ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്. ഭിന്ധ് സിറ്റിയിൽ പോളിങ് ബൂത്തിന് 200 മീറ്റർ മാറി പൊലീസ് വെടിവച്ചുവെന്ന് റിപ്പോർ്ട്ട്. കള്ളവോട്ടു ചെയ്യാനെത്തിയ ആളെ പിടികൂടാനാണ് വെടിവച്ചതെന്ന് പറയപ്പെടുന്നു. കൂടാതെ സംസ്ഥാനത്ത് മൊത്തം 250 വോട്ടിങ് യന്ത്രങ്ങൾ സാങ്കേതിക തടസം മൂലം മാറ്റിവയ്‌ക്കേണ്ടി വന്നു.

പോളിങ് തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ക്രമക്കേടുകൾ കാട്ടി 140 പരാതികളാണ് ഇലക്ടറൽ ഓഫീസർക്ക് ലഭിച്ചത്. മധ്യപ്രദേശിൽ 230 അസംബ്ലി മണ്ഡലങ്ങളിലാണ് ഇന്നു ജനവിധ തേടുന്നത്്. നീണ്ട പതിനഞ്ചു വർഷത്തെ ഭരണം തുടരാൻ ബിജെപിയും ബിജെപിയുടെ ആധിപത്യം തകർക്കാൻ കോൺഗ്രസും വാശിയേറിയ പോരാട്ടമാണ് മധ്യപ്രദേശിൽ നടത്തുന്നത്. രാവിലെ എട്ടിന് 227 സീറ്റുകളിലേക്കുള്ള പോളിങ് ആരംഭിച്ചു. എന്നാൽ നക്‌സലൈറ്റ് ഭീഷണി നേരിടുന്ന ബലാഗട്ട് ജില്ലയിലെ ലഞ്ചി, പരസ്വാഡ, ബെയ്ഹാർ മണ്ഡലങ്ങളിൽ രാവിലെ ഏഴിനു തന്നെ വോട്ടിങ് ആരംഭിച്ചിരുന്നു.

230 മണ്ഡലങ്ങളിലായി 2899 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 250 പേർ വനിതകളും അഞ്ചു പേർ ട്രാൻസ്‌ജെൻഡർമാരുമാണെന്നും ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. ഇതിൽ 1094 പേർ സ്വതന്ത്രരാണ്. 5.40 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 45904 സ്ത്രീകൾ ഉൾപ്പെടെ 3,00,782 സർക്കാർ ഉദ്യോഗസ്ഥരാണുള്ളതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വി എൽ കാന്തറാവു വ്യക്തമാക്കി.

മൊത്തമുള്ള പോളിങ് സ്‌റ്റേഷനുകലിൽ 17,000 ഓളം എണ്ണം പ്രശ്‌നബാധിത സ്റ്റേഷനുകളാണ്. ഇവിടെ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 1.80 ലക്ഷം സെക്യൂരിറ്റി ജീവനക്കാരാണ് പോളിങ് സ്‌റ്റേഷനുകളിൽ വിന്യസിപ്പിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള പാരാമിലിട്ടറി ഫോഴ്‌സും ഇതിൽ ഉൾപ്പെടുന്നുണ്ട്.

6500 പോളിങ് സ്‌റ്റേഷനുകളിൽ വെബ് കാസ്റ്റിങ് നടത്തും. 4600 ബൂത്തുകളിൽ വീഡിയോഗ്രാഫി ഉപയോഗിക്കുന്നുണ്ട്. 78,870 വോട്ടിങ് യന്ത്രങ്ങളാണ് ഇത്തവണ ഇലക്ഷന് തയാറാക്കിയിട്ടുള്ളത്. അതേസമയം ഗുന എന്ന സ്ഥലത്ത് വോട്ടിംഗിനിടെ പ്രസിഡിങ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചിട്ടുണ്ട്. സോഹൻലാൽ ബോതം എന്ന ഓഫീസർക്ക് വോട്ടെടുപ്പിന് മുമ്പു തന്നെ ആരോഗ്യപരമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

കോൺഗ്രസ് ഭരിക്കുന്ന മിസോറാമിൽ 40 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലിന് സമാപിക്കും. 15 വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 209 പേരാണ് മത്സരരംഗത്തുള്ളത്. വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. ബ്രൂ അഭയാർത്ഥികൾക്ക് വോട്ടവകാശം നൽകുന്നതിനെചൊല്ലി വലിയ പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പത്ത് വർഷമായി കോൺഗ്രസിന്റെ കൈയിലാണ് സംസ്ഥാനത്തിന്റെ ഭരണം. 2013ൽ 34 സീറ്റുകൾ സ്വന്തമാക്കിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. കോൺഗ്രസും പ്രതിപക്ഷമായ മിസോ നാഷണൽ ഫ്രണ്ടും നാൽപ്പത് സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ബിജെപി 39 സീറ്റുകളിലും മത്സരിക്കുന്നു. നാഷണൽ പീപ്പിൾ പാർട്ടി ഒൻപത് സീറ്റുകളിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഞ്ച് സീറ്റുകളിലും മത്സരിക്കുന്നു. 7,70,395 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 3,94,897 പേരും സ്ത്രീകളാണ്. 1164 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 32 എണ്ണവും പ്രശ്‌നബാധിത പോളിങ് ബൂത്തുകളാണ്.