കൊച്ചി: മരണവെപ്രാളത്തിനിടയിലും കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ദുഃഖത്തിലാണ് ആൽഫ. ശക്തമായ ഒഴുക്ക് ഇല്ലായിരുന്നുവെങ്കിൽ, എല്ലാവർക്കും രക്ഷപ്പെടാമായിരുന്നു എന്നാണ് മറൈൻ എഞ്ചിനീയറിംങ് പഠനം പൂർത്തിയാക്കിയ ആൽഫ പറയുന്നത്.

പിൻസീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന ആൽഫ, കാർ പാലത്തിലിടിച്ചപ്പോഴാണ് ഞെട്ടിഉണരുന്നത്. ഞൊടിയിടയിൽ കാർ തലകീഴായി മറിഞ്ഞിരുന്നു. കാറിലേക്ക് വെള്ളം കയറി തുടങ്ങിയതിനാൽ ആർക്കും നിലവിളിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. വെള്ളത്തിൽ വീണുള്ള അപകടത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് പ്രത്യേക പരിശീലനം നേടിയത് സ്വയം രക്ഷക്കുള്ള കാരണമായെങ്കിലും, ഉറ്റസുഹൃത്തുക്കളെ രക്ഷിക്കാൻ കഴിയാത്തതിന്റെ തീര വേദനയിലാണ് ആൽഫ. ഇന്നലെ കാർ കനാലിൽ വീണ് പൊള്ളാച്ചിയിൽ ആയിരുന്നു അപകടം.

കാറിന്റെ ചില്ലുതകർത്താണ് ആൽഫ പുറത്ത് കടന്നത്. ശക്തമായ ഒഴുക്കിൽ കാർ ഒഴുകുന്നുണ്ടായിരുന്നു, ഇതിനിടയിൽ ചില്ല് തകർത്ത് പുറത്ത് വരുകയെന്നത് വളരെ ശ്രമകരമായിരുന്നു. ചില്ല് തകർത്ത് പുറത്തേക്ക് വരുന്ന ആൽഫയ്ക്ക് ഒരു ലോറി ഡ്രൈവർ കയർ ഇട്ട് നൽകി. ഇതിൽ പിടിച്ച് കരയക്ക് എത്തിയെങ്കിലും ശക്തമായ ഒഴുക്ക് ഉള്ളതിനാൽ പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങാൻ ലോറി ഡ്രൈവർ സമ്മതിച്ചില്ല. മാത്രവുമല്ല, ശ്വാസം കിട്ടാതെ വെള്ളം കയറിയ കാറിൽ നിന്ന് ചില്ല് തകർത്തനിന്റെ കനത്ത ബുദ്ധിമുട്ടും ആൽഫയെ തളർത്തിയിരുന്നു. കരയ്ക്കെത്തിയ ആൽഫ സുഹൃത്തുക്കളുടെ ജീവന് വേണ്ടി പ്രർത്ഥിച്ചു. അപ്പോഴേക്കും നാട്ടുകാർ രക്ഷപ്രവർത്തനം ആരംഭിച്ചിരുന്നു. അഗ്‌നി ശമന സേനയും നാട്ടുകാരും ചേർന്ന് മുങ്ങിയ കാർ ക്രെയിൻ ഉപയോഗിച്ച് കരയ്ക്കെത്തിച്ചെങ്കിലും കൂട്ടുകാരായ മൂന്നുപേരുടെ ചേതനയറ്റ ശരീരം കണ്ട് ആൽഫ തലതല്ലി കരഞ്ഞു.

ലോറിഡ്രൈവറായ കാർത്തികേയനാണ് വണ്ടിയിലെ വടം ഇട്ട് കൊടുത്ത് ആൽഫയെ രക്ഷിച്ചത്. ഗോമംഗലം പൊലീസും, പൊള്ളാച്ചി ഉദുമൽപേട്ട എന്നിവടങ്ങളിൽ നിന്നെത്തിയ ഫയർഫോഴും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. സമീപത്തെ ക്രഷറിലെ മനേജറായ അങ്കമാലി സ്വദേശി ചാക്കോച്ചനും ജീവനക്കാരുമാണ് ലോറി ഡ്രൈവർക്ക് പിന്നാലെ അപകടസ്ഥലത്തേക്ക് ആദ്യം എത്തിയവർ. ഇവരാണ് കാറിൽ കയർകൊണ്ട് കുടുക്ക് ഇട്ട് പിടിച്ചുകെട്ടാൻ ശ്രമിച്ചിരുന്നു. ഈ മാസം ഒന്നിനാണ് കാർഷിക ആവശ്യത്തിനായി തിരുമൂർത്തി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിട്ടത്. പൊള്ളാച്ച് സബ് കളക്ടർ ഗായത്രി കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്ത് എത്തിയിരുന്നു.

ദുബായിൽ നിന്ന് രണ്ട് വർഷത്തിന് ശേഷം നാട്ടിൽ എത്തിയ റിജോയ്ക്കൊപ്പം സന്തോഷം പങ്കിടാനാണ് അമ്മയുടെ അനുജത്തിയുടെ മക്കൾക്കൊപ്പം വിനോധയാത്ര പോയത്. കേൾവി തകരാറുള്ള റിജോ ചികിത്സയ്ക്കിടെയാണ് അപകടത്തിൽ പെടുന്നത്. റിജോയുടെ അമ്മ റോസ്ലിയുടെ സഹോദരിമാരായ മിനി, ത്രേസ്യ എന്നിവരുടെ മക്കളാണ് മരണമടഞ്ഞ ജാക്ണും അമലും. റിജോയുടെ ഉറ്റസുഹൃത്തായ ജിതിനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കാറിൽ സ്ഥലമുള്ളതിനാലാണ് ആൽഫയെ യാത്രപോകാൻ റിജോ ക്ഷണിക്കുന്നത്. വർഷങ്ങൾക്ക് ശേഷം കണ്ട സന്തോഷത്തിൽ ആൽഫ ക്ഷണം നിരസിച്ചതുമില്ല.

റിജോയും ജാക്സണും ഏഴാറ്റുമുഖത്തെത്തി അമലിനെ കയറ്റി. പറമ്പയത്തുനിന്ന് ആൽഫയേയും ജിതിനേയും കൂട്ടി മൂന്നാർ പോയി. മൂന്നാരിൽ നിന്ന് ഇന്നലെ പുലർച്ചെ അഞ്ചോടെ മടങ്ങി. ഉടുമലയിൽ നിർത്തി ചായ കുടിച്ചശേഷം യാത്രതുടർന്നു. അവിടെനിന്ന് തിരിച്ച് 10 മിനുട്ടുകൾക്ക് ശേഷമായിരുന്നു അപകടം. ആല്ഞഫയും റിജോയും പിൻസീറ്റിലാണ് ഇരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ റിജോ തെറിച്ചുപോയി. ഇയാൾക്കായുള്ള തിരച്ചിൽ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്.

കാർ വീണ കനാലിന് 12 അടിയിലേറെ ആഴമുണ്ട്. ഒട്ടേറെ ടണലുകൾ ഉള്ളതിനാൽ തിരച്ചിൽ ദുഷ്‌കരമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി വൈകി അങ്കമാലിയിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ സംസ്‌ക്കരിക്കും.