പൊള്ളാച്ചി: പൊള്ളാച്ചി പീഡനക്കേസിൽ മൂന്ന് അണ്ണാഡിഎംകെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. പൊള്ളാച്ചി വടുഗപാളയത്തിലെ കെ അരുളാനന്തം (34), പൊള്ളാച്ചി അച്ചിപട്ടിയിലെ ടി ഹെറോൺ പോൾ (29), വടുഗപാളയം പി ബാബു എന്ന ബൈക്ക് ബാബു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എ.ഐ.എ.ഡി.എം.കെ വിദ്യാർത്ഥി വിഭാഗത്തിന്റെ പൊള്ളാച്ചി ടൗൺ സെക്രട്ടറിയാണ് അരുളാനന്തം. അറസ്റ്റിനെത്തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് നീക്കി. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ വർഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്.

ഇവരുടെ ഫോണിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിനികളുടെ ഉൾപ്പടെ ന​ഗ്നചിത്രങ്ങൾ കണ്ടെത്തി.കേസിൽ രണ്ട് മന്ത്രി പുത്രന്മാരുടെ പങ്കും സിബിഐ പരിശോധിക്കുകയാണ്. യുവ നേതാക്കളുടെ ഫോണിലും ലാപ് ടോപ്പിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനികൾ അടക്കം നിരവധി സത്രീകളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി. ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രണ്ട് വർഷത്തോളമായി അമ്പതിലധികം പെൺകുട്ടികളെയാണ് യുവനേതാക്കൾ പീഡിപ്പിച്ചത്. ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പെൺകുട്ടികളെ കെണിയിൽ വീഴ്‌ത്തിയത്.

പ്രണയം നടിച്ച് തമിഴ്‌നാടിന്റെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനവിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ചില പെൺകുട്ടികളിൽ നിന്ന് സ്വർണവും കൈക്കലാക്കി. 19-കാരിയായ പൊള്ളാച്ചി സ്വദേശിനിയുടെ കുടുംബം മാധ്യമങ്ങൾ മുമ്പാകെ നടത്തിയ വെളിപ്പെടുത്തലാണ് നിർണായകമായത്.

'അവർ നാലു പേരുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങൾ അവർ വലിച്ചു കീറി ദൃശ്യങ്ങൾ പകർത്തി. ഞാൻ നിലവിളിച്ചപ്പോൾ അവർ നടുറോഡിൽ എന്നെ ഇറക്കിവിട്ടു. കഴുത്തിലെ മാലയും പൊട്ടിച്ചെടുത്തു...' - ഇത്തരത്തിലാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ച കേസിലേക്ക് നയിച്ച സംഭവത്തിൽ പരാതി നൽകിയ പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ വാക്കുകൾ. കുട്ടി വീട്ടിൽ വിവരം പറഞ്ഞതോടെ സഹോദരന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബ്ലാക്ക്‌മെയിൽ സംഘത്തിൽ പ്രധാനമായും നാലു പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ ശൃംഖല വളരെ വലുതായിരുന്നു. കോയമ്പത്തൂർ, സേലം, പൊള്ളാച്ചി മേഖലയിലുള്ള സ്‌കൂൾ-കോളജ് വിദ്യാർത്ഥികളും യുവ ഡോക്ടർമാരും ഉൾപ്പെടെ ഇവരുടെ പീഡനത്തിനിരയായി എന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച് എത്തി‍ച്ചാണ് പീഡനം നടത്തിയിരുന്നത്. പീഡനദൃശ്യങ്ങൾ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്. ഇത്തരത്തിൽ കാടുകളിൽ കൊണ്ടുപോയും വാഹനങ്ങളിൽ വച്ചുമെല്ലാം പീഡനം നടന്നിട്ടുണ്ടെന്നാണ് വിവരം.