കൊച്ചി: കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തു വിവിധ പോളിങ് ബൂത്തുകൾ വെള്ളത്തിലായെങ്കിലും ആദ്യഘട്ടത്തെ വെല്ലുന്ന തരത്തിൽ തന്നെ രണ്ടാം ഘട്ട വോട്ടെടുപ്പും പൂർത്തിയായി. വോട്ടിടാനുള്ള സമയം അവസാനിച്ചപ്പോൾ 74.1 ശതമാനം പേർ വോട്ടു ചെയ്തതായാണു ആദ്യവട്ട കണക്കുകൾ പറയുന്നത്. 2010ൽ 75.79 ശതമാനവും 2005ൽ 64.54 ശതമാനവുമായിരുന്നു പോളിങ്.

കോട്ടയത്താണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. 77.89 ശതമാനം പേരാണു കോട്ടയത്ത് വോട്ടു ചെയ്യാനെത്തിയത്. ആലപ്പുഴയും പാലക്കാടും തൊട്ടുപിന്നാലെയുണ്ട്. അതിനിടെ, യന്ത്രത്തകരാറിനാൽ താമസിച്ചു തുടങ്ങിയ മലപ്പുറം ജില്ലയിലെ വോട്ടെടുപ്പ് രാത്രി ഏഴുവരെ നീണ്ടു.

തിരുവിതാംകൂറിലെയും മലബാറിലെയും രണ്ട് ജില്ലകളും മധ്യകേരളവുമാണ് തദ്ദേശഭരണസാരഥികളെ തെരഞ്ഞെടുക്കാനായി ഇന്നു പോളിങ് ബൂത്തിലെത്തിയത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ ലഭിച്ച 76 ശതമാനത്തിലേറെ പോളിംഗും ഇന്നു പോളിംഗിന് അനുകൂലമായേക്കാമെന്ന വിലയിരുത്തൽ ശരിയായതായാണ് ആദ്യകണക്കുകൾ സൂചിപ്പിക്കുന്നത്.

തീരദേശ മേഖലയിലെ ബൂത്തുകളിൽ കനത്ത പോളിങ് നടന്നു. പല ബൂത്തുകളിലും ക്യൂവിലുള്ളവർക്കു ടോക്കൺ നൽകിയാണ് രാത്രി വൈകിയുള്ള വോട്ടെടുപ്പു നടന്നത്.

ഇന്നലെ രാത്രിമുതൽ എറണാകുളം ഉൾപ്പെടെയുള്ള മധ്യകേരള ജില്ലകളിൽ കനത്ത മഴ പെയ്യുന്നുണ്ട്. ഇത് പോളിംഗിനെ ബാധിച്ചേക്കാമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾ പങ്കുവച്ചിരുന്നു. എന്നാൽ ഈ ആശങ്ക അസ്ഥാനത്ത് ആക്കുന്നതായിരുന്നു ഇന്നത്തെ വോട്ടെടുപ്പ്. 

അതിനിടെ പാലക്കാട് ജില്ലയിലെ വടക്കുംതറ ഈസ്റ്റ് വാർഡിലെ പള്ളിപ്പുറം ബൂത്തിൽ ബിജെപി ബൂത്തുപിടിച്ചുവെന്നാരോപിച്ച് എൽ.ഡി.എഫ് വോട്ടിങ് ബഹിഷ്‌ക്കരിച്ചു. ബിജെപി അനുഭാവികൾക്ക് തിരിച്ചറിയിൽ കാർഡുകളേതുമില്ലാതെ വോട്ടുചെയ്യാൻ സാധിക്കുന്ന തരത്തിൽ ബിജെപി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയെന്നാണ് എൽഡിഎഫിന്റെ ആരോപണം. ഇവിടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ തടഞ്ഞുവെന്നും പരാതിയുണ്ട്.

ജില്ലകളിൽ വോട്ടിങ് ശതമാനം ഇങ്ങനെയാണ്:

  • പത്തനംതിട്ട 72
  • കോട്ടയം 77.89
  • ആലപ്പുഴ 75.7
  • എറണാകുളം 75.17
  • തൃശൂർ 69.17
  • പാലക്കാട് 75.5
  • മലപ്പുറം 72.5

രു കോടി 37 ലക്ഷം വോട്ടർമാരാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ. ഇതിൽ കൂടുതലും സ്ത്രീകളാണ്. 86 ലക്ഷം സ്ത്രീകളും 53.8 ലക്ഷം പുരുഷന്മാരുമാണ് ഏഴു ജില്ലകളിലെ പട്ടികയിലുള്ളത്. 44,388 സ്ഥാനാർത്ഥികളാണ് ഇന്നു ജനവിധി തേടുന്നത്. ഇടത്, വലത്, ബിജെപി മുന്നണികൾ വാശിയോടെ രംഗത്ത് നിൽക്കുന്ന വോട്ടെടുപ്പിൽ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 77.83 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. രണ്ടാം ഘട്ടത്തിൽ ഏഴു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12651 വാർഡുകളിലായാണ് 44,388 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. ഒന്നാംഘട്ടത്തിൽ ഏഴ് ജില്ലകളിലെ 9220 വാർഡുകളിലേക്ക് 31161 സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്.

രണ്ടാംഘട്ട വോട്ടെടുപ്പിൽ കൊച്ചി, തൃശൂർ കോർപറേഷനുകളിലായി യഥാക്രമം 403 ഉം 245 ഉം സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. പുതുതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ 55 മുനിസിപ്പാലിറ്റികളിലായി 1965 വാർഡുകളാണ് രണ്ടാംഘട്ടത്തിലുള്ളത്. ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളും വാർഡുകളും മലപ്പുറം ജില്ലയിലാണ്.12 മുനിസിപ്പാലിറ്റികളിലായി 479 വാർഡുകൾ. ഏറ്റവും കുറവ് പത്തനംതിട്ടയിൽ. നാല് മുനിസിപ്പാലിറ്റികളിലായി 132 വാർഡുകൾ. പുതുതായി രൂപീകരിച്ച പന്തളം, ഹരിപ്പാട്, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെർപ്പളശ്ശേരി, മണ്ണാർക്കാട്, താനൂർ, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലായി 469 വാർഡുകളുണ്ട്.

വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങും. അടുത്ത ദിവസം ബീഹാർ തെരഞ്ഞെടുപ്പ് ഫലവും വരും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാനുള്ള ആകാംക്ഷയിലേക്ക് മലയാളി മാറുകയാണ്.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും ഇന്നാണ്. മിഥിലാഞ്ചൽ, കോസി, ബംഗാളിനോടു ചേർന്നുകിടക്കുന്ന സീമാഞ്ചൽ പ്രദേശങ്ങളിലെ 57 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം ഞായറാഴ്ച നടക്കും. സെപ്റ്റംബർ ഒൻപതിനു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടുമാസത്തോളം നാടിനെ ഇളക്കിമറിച്ച പ്രചാരണ തന്ത്രങ്ങൾക്കാണു ബിഹാർ സാക്ഷ്യംവഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യ പ്രചാരകനാക്കി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തിൽ മതനിരപേക്ഷ സഖ്യവും ഉഗ്രൻ പ്രചരണമാണ് നടത്തിയത്.

ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാന തിരഞ്ഞെടുപ്പിൽ ഇത്രയേറെ റാലികളിൽ പങ്കെടുത്തത് ഇതാദ്യമായാണ്. മുപ്പതോളം റാലികളിലാണു മോദി പങ്കെടുത്തത്. നിതീഷും ലാലുവും ഇരുന്നൂറോളം റാലികളിൽ വീതം പങ്കെടുത്തു. ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികളെ നിർണ്ണയിക്കുന്നതാണ് ബീഹാറിലെ തെരഞ്ഞെടുപ്പ്. ഇവിടെ ജയിച്ചാൽ മോദിയക്ക് കരുത്തനായി തുടരാനാകും. ഇല്ലാത്ത പക്ഷം മോദി തരംഗം തീർന്നുവെന്ന വിലയിരുത്തലും വരും.