ന്യൂഡൽഹി: മേഖലയിൽ അസ്വാരസ്യമുണ്ടാക്കാതെ, എന്നാൽ, ഇന്ത്യയുടെ വളർച്ചയെ ഓരോ കോണിൽനിന്ന് മുടക്കാൻ ശ്രമിക്കുകയെന്ന തന്ത്രമാണ് ചൈന ഏറെക്കാലമായി പയറ്റുന്നത്. ഇതിനവർ കണ്ട എളുപ്പവഴി ഇന്ത്യയുടെ അയൽരാജ്യങ്ങളെയും മേഖലയിലുള്ള മറ്റു രാജ്യങ്ങളെയും ഇന്ത്യാ വിരുദ്ധരാക്കുകയെന്നതാണ്. ശ്രീലങ്കയിൽ അവർ പയറ്റി വിജയിച്ച തന്ത്രം നേപ്പാളിലും മാലിദ്വീപിലും ഏറെക്കുറെ ഫലവത്തായി നടപ്പാക്കി. പാക്കിസ്ഥാന് ശക്തമായ പിന്തുണയുമായി അവർ രംഗത്തുനിൽക്കുന്നതും ഇന്ത്യ വിരുദ്ധത മേഖലയിൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.

ഇന്ത്യക്കെതിരായ രാഷ്ട്രീയ കൂട്ടായ്മ മേഖലയിലുണ്ടാക്കുകയെന്ന തന്ത്രമാണ് ചൈനയുടേത്. നേപ്പാളിലാണ് അതിനവർ തുടക്കമിട്ടത്. ഭരണവിരുദ്ധ വികാരവും ഇന്ത്യാവിരുദ്ധ വികാരവും ഒരുമിപ്പിച്ച് കടുത്ത ഇന്ത്യ വിരുദ്ധനായ കെ.പി. ഓലിയെ പ്രധാനമന്ത്രി പദവിയിൽ തിരിച്ചുകൊണ്ടുവരാൻ ചൈനയ്ക്കായി. ഇന്ത്യയോടല്ല നേപ്പാളിന്റെ കൂറെന്ന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അയൽരാജ്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പ അടുത്ത ഒന്നരവർഷത്തിനിടെ നടക്കാനിരിക്കെ, നേപ്പാളിൽ വിജയിച്ച തന്ത്രം പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ നടപ്പാക്കാൻ ചൈനയ്ക്ക് സാധിച്ചേക്കുമെന്നാണ് സൂചന.

2018 ജൂണിലാണ് പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ്. സെപ്റ്റംബറിൽ മാലിദ്വീപിലും പിന്നാലെ ഭൂട്ടാനിലും തിരഞ്ഞെടുപ്പ് നടക്കും. 2019 തുടക്കത്തിൽ ബംഗ്ലാദേശിലും തിരഞ്ഞെടുപ്പുണ്ടായേക്കും. പാക്കിസ്ഥാനിൽ ആര് തിരഞ്ഞെടുക്കപ്പെട്ടാലും ഉഭയകക്ഷി ബന്ധത്തിൽ ഇപ്പോഴുള്ളതിനേകകാൾ കാര്യമായ പുരോഗതി ഉണ്ടാകാനിടയില്ലെങ്കിലും മറ്റു രാജ്യങ്ങളുടെ സ്ഥിതി അതല്ല. മാലിദ്വീപിലെ പ്രസിഡന്റ് അബ്ദുള്ള യമീൻ കടുത്ത ഇന്ത്യാ വിരുദ്ധനാണ്.

ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാർ ഇന്ത്യയോട് കൂറുപുലർത്തുന്നവരാണ്. കോടിക്കണക്കിന് രൂപ ഇന്ത്യ ബംഗ്ലാദേശിൽ നിക്ഷേപിച്ചിട്ടുമുണ്ട്. തുടരെ രണ്ടുതവണയായി ഭരിക്കുന്ന ഹസീന സർക്കാരിനോട് കടുത്ത ഭരണവിരുദ്ധ വികാരം ബംഗ്ലാദേശിലുണ്ട്. ഇവിടെയാണ് ചൈന പിടിമുറുക്കുന്നതും. ഇന്ത്യക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ചൈന ബംഗ്ലാദേശടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ കാണുന്നതും സ്ഥിതിഗതികൾ വരുതിയിലാക്കുന്നതും.

വിദേശ കാര്യ സെക്രട്ടറി ്സ്ഥാനത്തുനിന്നും എസ്. ജയശങ്കറിന് പകരം വിജയ് ഗോഖലെ വന്നത് ഇത്തരമൊരു സവിശേഷമായ പ്രതിസന്ധി ഘട്ടത്തിലാണ്. മേഖലയിലെ രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത് നടത്താനിരിക്കുന്ന സന്ദർശനങ്ങളിൽ ഇന്ത്യാ അനുകൂല പാക്കേജിന് അരങ്ങൊരുക്കുകയെന്ന വലിയ ദൗത്യം അദ്ദേഹത്തിന് മുന്നിലുണ്ട്. ഇന്ത്യയുമായി ഒപ്പുവെച്ചിരുന്ന പല കരാറുകളും റദ്ദാക്കി ചൈനയ്ക്കുനൽകാൻ നേപ്പാൾ പ്രധാനമന്ത്രി ഒലി തീരുമാനിച്ചിരുന്നു. ഇത്തരം തിരിച്ചടികളും ഇന്ത്യക്ക് മറികടക്കേണ്ടതുണ്ട്.