തിരുവനന്തപുരം: പ്രമുഖ വ്യവസായി പോളി മാത്യു സോമതീരം (66) അന്തരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

സോമതീരം ആയൂർവേദിക് റിസോർട്ടിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം. ടൂറിസം രംഗത്തെ മികച്ച സംഭാവനകൾക്ക് സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ വ്യവസായം, കല, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. കോതമംഗലമാണ് സ്വദേശം. ജീവൻ ടിവി എം ഡി ബേബി മാത്യു സോമതീരം സഹോദരനാണ്.

കോതമംഗലം നാടുകാണിയിൽ അറബൻ കുടിയിൽ കുടുംബാംഗമാണ്. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദിക്ക് റിസോർട്ട് സ്ഥാപിച്ച് വിജയത്തിലേക്ക് എത്തിച്ച വ്യക്തിയാണ് ഇദ്ദേഹം. ദേശീയ ടൂറിസം അവാർഡിനും അർഹനായിട്ടുണ്ട്. ലോക മലായാളി കൗൺസിലിന്റെ ജനറൽ സെക്രട്ടറിയും ചെയർമാനുമാണ് ഇദ്ദേഹം. പത്രം വാരികയുടെ എക്‌സികുട്ടിവ് എഡിറ്ററുമാണ് പോളി മാത്യു സോമതീരം.

കേരളത്തിലെ ആയൂർവേദ ടൂറിസത്തെ ജർമനിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പരിചയപ്പെടുത്തിയവരിൽ പ്രധാനിയാണ് സോമതീരം ഗ്രൂപ്പിന്റെ സാരഥിയും വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ജനറൽ സെക്രട്ടറിയുമായിരുന്ന ഡോക്ടർ പോളി മാത്യു സോമതീരം. 30 വർഷക്കാലത്തോളം കുടുംബത്തോടൊപ്പം ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനായി വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തു.വേൾഡ്മലയാളി കൗൺസിലിന്റെ ഗ്ലോബൽ ടൂറിസം ചെയർമാനായും ഇന്ത്യൻ വേൾഡ് വൈഡ് ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ആയൂർ ടൂറിസം ആൻഡ് പ്രൊമോഷന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു പോളി മാത്യു.2010 മുതൽ 2012 വരെ തുടർച്ചയായി 3 വർഷം ദേശീയ ടൂറിസം അവാർഡ് രാഷ്ട്രപതിയിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. കൂടാതെ സാമൂഹ്യസേവന രംഗത്തും ആയൂർവേദ ടൂറിസം പ്രോത്സാഹിപ്പിച്ചതിനുമുള്ള നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ഇദ്ദേഹം ഏറ്റുവാങ്ങി.

കേരളത്തിലെ ആയൂർവേദ ടൂറിസത്തിന്റെ സാധ്യതകളെയും പ്രയോജനങ്ങളെയും പറ്റി വിവിധ അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്ത് വിശദീകരിച്ചിട്ടുണ്ട്. സോമതീരം ആയൂർവേദ ഗ്രൂപ്പിന്റെ ഡയറക്ടർ ട്രീസ പോളിയാണ് ഭാര്യ. ജെയിംസ്,ജിംസൺ,ജോൺസ് എന്നിവർ മക്കളാണ്.