കൊല്ലം: പോംസി രാജേന്ദ്രൻ ദുബായിലെ ജയിലിൽ നിന്നും മോചിതനാവുമ്പോൾ ഓച്ചിറക്കാർക്ക് സന്തോഷം ഏറെയാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബിസ്‌ക്കറ്റ് കമ്പനിയുടെ അമരക്കാരനായിരുന്ന രാജേന്ദ്ര പ്രസാദ് നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്നു. സഹായ മനസ്‌ക്കനായ അദ്ദേഹം ജന മനസ്സുകളിൽ അത്രമേൽ ആഴ്ന്നിറങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു.

ഓച്ചിറ, ചങ്ങൻകുളങ്ങര, ചെറുവാറയിൽ വീട്ടിൽ പോംസി രാജേന്ദ്രപ്രസാദ് എന്ന പി. രാജേന്ദ്ര പ്രസാദ് നാട്ടിലും വിദേശത്തും നിരവധി ബിസിനസ്സ് സംരംഭങ്ങളുള്ള പ്രമുഖ പ്രവാസി മലയാളി വ്യവസായായിരുന്നു. പാർട്ണർഷിപ്പിൽ നടത്തിയിരുന്ന അലക്സ് ആൻഡ് പ്രസാദ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ യുടെ പടലപിണക്കങ്ങളും ബാങ്ക് വായ്പ തിരിച്ചടവിൽ വന്ന മുടക്കത്തെയും തുടർന്ന് 2013 ലാണ് ദുബായ് കോടതി രാജേന്ദ്രപ്രസാദിനെ ജയിലിലടച്ചത്.

ദക്ഷിണ ഇന്തൃയിലെ ആദ്യത്തെ റെഡി-ടു-ഈറ്റ് എക്സ്ട്രൂഡഡ് ലഘുഭക്ഷണം നിർമ്മിക്കുന്ന ഏറ്റവും ആധുനികവും, പൂർണ്ണമായും ഓട്ടോമാറ്റിക്ക് ഫുഡ് പ്രോസസ്സിങ് കമ്പനിയുമായിരുന്നു പോംസി. 1993-ൽ സ്ഥാപിതമായ പോംസി ഫുഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് ദക്ഷിണേന്ത്യയിലുടനീളം സ്വന്തമായി വിപണന സൗകര്യങ്ങളുണ്ടായിരുന്നു, പ്രതിമാസം 1500 മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള കമ്പനിയായിരുന്നു പോംസി പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്.

മൾട്ടി സ്‌കിൽ വ്യക്തികളെ നിയമിച്ചിരുന്ന സ്ഥാപനം 100ശതമാനം പ്രോഗ്രാം ചെയ്യാവുന്ന ലോജിക് കൺട്രോൾ (പിഎൽസി) ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആധുനികവും പൂർണ്ണമായും ഓട്ടോമേറ്റഡ് ബിസ്‌ക്കറ്റ് ഫാക്ടറിയായിരുന്നു. ആധുനിക സജ്ജീകരങ്ങളോടു കൂടിയ പ്ലാന്റ് 2001- സെപ്റ്റംബർ മുതൽ ചങ്ങൻകുളങ്ങരയിൽ പ്രവർത്തനം ആരംഭിച്ചു. വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുന്നതിനായി, ഫാക്ടറി ചിലപ്പോൾ രൂപകൽപ്പന ചെയ്ത ശേഷി വിനിയോഗം കവിയുകയും പ്രതിമാസം 2000 ടൺ ഉത്പാദിപ്പിക്കുകയും ചെയ്യ്തിരുന്നു. ഫാക്ടറി നിയന്ത്രിച്ചിരുന്നത് എന്റർപ്രൈസസ് റിസോഴ്‌സ് പ്ലാനിങ് (ഇആർപി) ആണ്.

കൂടാതെ വെബ് ക്യാമറ കൊണ്ട് സജ്ജീകരിച്ചിരുന്നു, അതിലൂടെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഏത് സമയത്തും ഫലപ്രദമായ നിരീക്ഷണം നടത്താൻ കഴിയും. ഈ നൂതന സാങ്കേതിക സംവിധാനത്തിന് വിദൂര നിരീക്ഷണ ശേഷി ലഭിച്ചു. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ അടങ്ങുന്ന ശക്തമായ ഹൈടെക് ഇൻഫ്രാസ്ട്രക്ചർ അടിത്തറയുള്ള ഇന്ത്യയിലെ ഇത്തരത്തിലുള്ള ഫാക്ടറികളിൽ ഒന്നായിരുന്നു പോംസി. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ പുർണ്ണമായും ഉൽപ്പന്നങ്ങൾ യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന പ്രോഗ്രാം ലോജിക് കൺട്രോൾ ഫാക്ടറിയായിരുന്നു

വിദേശത്ത് നിന്നും വ്യാഴാഴ്ച വിമാനം കയറി നാട്ടിലെത്തി തന്റെ നാട്ടിലെ ബിസിനസ്സിലും നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്തും ഇടപെട്ട് ശനിയാഴ്ച വൈകിട്ട് തിരികെ പറക്കുന്ന രാജേന്ദ്രപ്രസാദിന്റെ വരവിനായി രാഷ്ട്രിയക്കാരും,അമ്പലക്കമ്മറ്റിക്കാരും, പള്ളിക്കമ്മറ്റിക്കാരും കാത്തു നിന്നിരുന്നു. ഒരു പ്രദേശത്തെ ആളുകൾക്കു ജോലിയും അന്നവും നൽകി ഓച്ചിറ ചങ്ങൻകുളങ്ങര എന്ന പ്രദേശത്തെ ലോക ഭൂപടത്തിൽ അടയാള പെടുത്തിയ വൃവസായ സംരംഭകനായി മാറിയ പോംസി രാജേന്ദ്രപ്രസാദ് വളരെ പെട്ടെന്നാണ് ദുബായിൽ നിയമ കുരുക്കിൽ അകപ്പെട്ടത്.

ദുബായിലെ അലക്സ് ആൻഡ് പ്രസാദ് ഫുഡ് പ്രോഡക്ട്സ് കമ്പനിയിൽ ഉണ്ടായ ചില തർക്കങ്ങളും സാമ്പത്തിക ബാധ്യതയും മൂലം രാജേന്ദ പ്രസാദും പാർട്ണർ അലക്സും ജയിലിൽ അടക്കപ്പെട്ടു. അലക്സ് വളരെ വേഗം തന്നെ ജയിൽ മോചിതനായെങ്കിലും രാജേന്ദ്ര പ്രസാദ് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. ഇതിന് പിന്നിൽ ചില ഗൂഢാലോനകൾ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

1993ൽ തുടങ്ങിയ അലക്സ് ആൻഡ് പ്രസാദ് ഫുഡ് പ്രോഡക്ട്സ് കമ്പനിക്ക് വിദേശരാജ്യങ്ങളിലടക്കം ഒട്ടേറെ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ബിസ്‌കറ്റും മറ്റ് ഉത്പന്നങ്ങളും നിർമ്മിക്കുന്ന സ്ഥാപനമായിരുന്നു ചങ്ങൻകുളങ്ങരയിൽ പ്രവർത്തിച്ചുവന്ന പോംസി കമ്പനി. വൻകിട കോർപ്പറേറ്റുകളെ വളരെ വേഗം പിന്നിലാക്കിയായിരുന്നു പോംസിയുടെ കുതിപ്പ്. പോംസി കേരളാ വിപണി കീഴടക്കിയപ്പോൾ ബ്രിട്ടാണിയക്ക് വലിയ തിരിച്ചടി നേരിട്ടു.

കേരളത്തിൽ എവിടെയും പോംസി ബിസ്‌ക്കറ്റ് മാത്രമായിരുന്നു കാണാനുണ്ടായിരുന്നത്. ഇരുപതോളം വ്യത്യസ്തമായ ഉത്പന്നങ്ങൾ വിപണി കീഴടക്കുന്നത് കണ്ട് വൻകിട കോർപ്പറേറ്റുകളുടെ കണ്ണിലെ കരടായി. ഇതിനിടയിൽ കമ്പനിക്കുള്ളിൽ തന്നെ രാജേന്ദ്ര പ്രസാദിനെതിരെ പ്രവർത്തിക്കാൻ ആളുകളുണ്ടായിരുന്നു. ജീവനക്കാരുടെ പി.എഫും ഇൻഷുറൻസ് പരിരക്ഷയും അടക്കുന്നതിൽ വീഴ്ച വരുത്തി. ഇതിനിടയിലായണ് രാജേന്ദ്ര പ്രസാദ് ജയിലിലാവുന്നത്. ഈ സമയം ബന്ധുക്കൾ ഏറ്റെടുത്തു നടത്തിയെങ്കിലും കമ്പനിക്ക് വൈകാതെ താഴു വീണു.

രാജേന്ദ്ര പ്രസാദിന്റെ മോചനത്തിനായി ഒരു നാടു മുഴുവൻ എട്ടു വർഷത്തോളമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബന്ധുക്കൾ പോലും ഇതിന് മുൻകൈ എടുത്തിരുന്നില്ല. പിന്നീട് നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും മുഖ്യ മന്ത്രിക്കും പ്രധാന മന്ത്രിക്കും വിദേശ കാര്യ മന്ത്രാലയത്തിനും മോചനത്തിനു വേണ്ടി അപേക്ഷ നൽകി. ഒടുവിൽ വ്യാഴാഴ്ച അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ കഴിഞ്ഞു. രാജേന്ദ്രപ്രസാദിന്റെ മോചനത്തിനായി എംപി.മാരായ എ.എം.ആരിഫ്, എൻ.കെ.പ്രേമചന്ദ്രൻ, കെ.സോമപ്രസാദ് എന്നിവരും സി.ആർ.മഹേഷ് എംഎ‍ൽഎ.യും അക്ഷീണം പ്രയത്നിച്ചിരുന്നു.

രാജേന്ദ്ര പ്രസാദിനെ പോലെ ബിസിനസ്സ് രാജാവായി മാറിയ മുൻഗാമിയായിരുന്നു കൊല്ലത്തുകാരനായ രാജൻപിള്ള. ബ്രിട്ടണിയയെ വരെ സ്വന്തമാക്കിയ രാജൻപിള്ള ഒടുവിൽ ജയിലിൽ കിടന്ന് രക്തം ചർദ്ദിച്ചു മരിച്ചു. ഇതിന് പിന്നിലും ബിസ്‌കറ്റ് ബിസിനസ്സിലെ കുടിപ്പകയായിരുന്നു. ഇതു തന്നെയാണ് ഓച്ചറിക്കാരൻ രാജേന്ദ്ര പ്രസാദിനും വിനയും ജയിൽ വാസവും നൽകിയത്.