ന്യൂഡൽഹി: മീടൂ ക്യാമ്പെയിനെ നിസ്സാരവൽകരിച്ച് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ രംഗത്ത്. 'വഴിപിഴച്ച മനസ്സുള്ള'വരാണ് മി ടൂ കാമ്പയിൻ ആരംഭിച്ചതെന്നും വർഷങ്ങൾ മുൻപ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി എം ജെ അക്‌ബർ അടക്കമുള്ളവർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പലരും ഉന്നയിക്കുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതാണ്. 'അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ഒരു സംഭവത്തെപ്പറ്റി ഇപ്പോൾ ആരോപണം ഉന്നയിച്ചാൽ അതെങ്ങനെ ശരിയാകും? ലൈംഗികവൈകൃതം കൊണ്ടുനടക്കുന്ന മനസ്സുള്ളവരാണ് ഈ ക്യാംപെയ്‌നു പിന്നിൽ. ഇന്ത്യയുടെയും ഇവിടത്തെ വനിതകളുടെയും പ്രതിച്ഛായ നശിപ്പിക്കുന്നതായി ഈ വിവാദം. സ്ത്രീകൾക്കു സമാനമായി പുരുഷന്മാരും ഇതുപോലെ പരാതിയുമായി രംഗത്തു വന്നാൽ എങ്ങനെയുണ്ടാകും? അതും അംഗീകരിക്കാനാകുമോ?' രാധാകൃഷ്ണൻ ചോദിച്ചു.

മീ ടൂ കാമ്പയിൻ കൊണ്ട് രാജ്യത്തിന്റെയും സ്ത്രീകളുടെയും പ്രതിച്ഛായ നശിപ്പിക്കുക എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഈ സ്ത്രീകൾക്കെതിരെ പുരുഷന്മാരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയാൽ അത് അംഗീകരിക്കാൻ കഴിയുമോ?- അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മീ ടൂ കാമ്പയിന്റെ ഭാഗമായി നിരവധി സ്ത്രീകളാണ് പ്രമുഖരായ വ്യക്തികൾക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ലൈംഗിക പീഡനാരോപണം അന്വേഷിക്കുന്നതിന് എല്ലാ പാർട്ടികളും ആഭ്യന്തര പരാതി പരിഹാര സമിതികൾക്കു രൂപം നൽകണമെന്നു വനിതാശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടതിനിടെയാണു രാധാകൃഷ്ണന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് 6 ദേശീയ പാർട്ടികൾക്കും 59 പ്രാദേശിക പാർട്ടികൾക്കും മേനക കത്തെഴുതി.