പത്തനംതിട്ട: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പമ്പയിൽ തടഞ്ഞതിൽ വിശദീകരണവുമായി പൊലീസ്. മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് എസ് പി ഹരിശങ്കർ പറഞ്ഞു. വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രതിഷേധക്കാർ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ് പി ഹരി ശങ്കർ വ്യക്തമാക്കി.

വാഹനം തടഞ്ഞ സംഭവത്തിൽ മന്ത്രി പൊലീസിൽനിന്ന് വിശദീകരണം തേടി. വാഹന വ്യൂഹം തടഞ്ഞതോടെ മന്ത്രി തിരികെ വരികയായിരുന്നു. പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപമാണ് തടഞ്ഞത്. മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞുവെന്ന് നേരത്തേ റപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും മാപ്പ് പറഞ്ഞിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു. ഒരു ഇന്നോവാ കാർ എത്തിയാൽ പരിശോധിക്കും. ഇതു മാത്രമാണ് സംഭവിച്ചത്. മന്ത്രിക്കൊപ്പമുള്ള വാഹനം തടഞ്ഞെന്ന് അറിഞ്ഞതോടെ മന്ത്രി തിരിച്ചെത്തി. ഇതിന് ശേഷം കാര്യങ്ങൾ തിരക്കി. ഇതോടെ താൻ ചെന്ന് എല്ലാം മന്ത്രിയെ ബോധ്യപ്പെടുത്തിയെന്ന് ഹരിശങ്കർ പറയുന്നു.

എല്ലാം ബോധ്യപ്പെട്ടാണ് മന്ത്രി മടങ്ങിയത്. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കിയവരുടെ ഫോട്ടോ പൊലീസിന്റെ മൊബൈലിൽ ഉണ്ട്. അവരുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചത്. ഇത് മന്ത്രിക്കും മനസ്സിലായി. പൂർണ്ണമായും കാര്യങ്ങൾ മനസ്സിലാക്കിയാണ് മന്ത്രി പോയതെന്ന് ഹരിശങ്കർ പറയുന്നു. അതായത് മന്ത്രിയെ പൊലീസ് തടഞ്ഞില്ലെന്ന വാദമാണ് പൊലീസ് ഔദ്യോഗികമായി മുന്നോട്ട് വയ്ക്കുന്നത്. പൊലീസിന്റെ നിലപാട് വിശദീകരണത്തോടെ ഈ വിവാദം തീരാനാണ് ഇട്.

എന്താണ് സംഭവിച്ചതെന്ന് പിന്നീട് മന്ത്രിക്ക് എഴുതിക്കൊടുത്തു എന്നും പൊലീസ് വ്യക്തമാക്കി. മന്ത്രിയുടെ വാഹനം തടഞ്ഞു എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിശദീകണം. എസ്‌പി ഹരിശങ്കറായിരുന്നു വിശദീകരണം എഴുതി നൽകിയത്. തടഞ്ഞ വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെയാണ് മന്ത്രിയെ വിളിച്ചുവരുത്തിയത്. പൊലീസ് പിന്നീട് എന്താണ് സംഭവിച്ചതെന്ന് മന്ത്രിയോട് വിശദീകരിച്ചു. കാറിൽ സംശയിച്ചയാൾ ഇല്ലെന്ന് എഴുതി നൽകുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്തയാൾ വാഹനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു വാഹനം പരിശോധിച്ചത്. വാർത്ത പുറത്തുവന്നത് മന്ത്രിയുടെ വാഹനം തടഞ്ഞു എന്ന രീതിയിലാണ്. ഇന്ന് പുലർച്ചെയോടെ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞെന്നായിരുന്നു വിവരം.

പൊലീസ് നടപടിയെ തുടർന്ന് മന്ത്രിക്ക് അര മണിക്കൂറാണ് നഷ്ടമായത്. പുലർച്ചെ ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞുവെച്ചത്. ഇന്നലെ രാത്രി സന്നിധാനത്ത് നാമജപയജ്ഞം നടത്തിയ പൊൻ രാധാകൃഷ്ണനൊപ്പം 400 പേരോളം ശബരിമലയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം നിലയ്ക്കലിൽനിന്ന് സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി കയർത്ത് സംസാരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. സുരക്ഷാ വീഴ്ച മുൻനിർത്തി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയുണ്ടായി.

ഉത്തരവാദിത്വം ഏൽക്കുമോ എന്ന മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ ചോദ്യത്തിനെതിരെ നിഷേധാത്മക നടപടിയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് അദ്ദേഹം ഇങ്ങനെ പെരുമാറുമോ എന്നും പൊൻ രാധാകൃഷ്ണൻ ചോദിച്ചിരുന്നു.