- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെമ്പറെന്ന പേരിൽ വിശ്വാസം നേടി; ഓരോ ആഴ്‌ച്ചയും ആയിരം രൂപവീതം 151 തവണകളിലായി ഒന്നര ലക്ഷം രൂപ ഓരോ ആളുകളിൽ നിന്നും വാങ്ങി; ചിട്ടിയുടെ പേരിൽ തട്ടിപ്പ്, ഒന്നരക്കോടി രൂപ തട്ടിയെടുത്തത് സിപിഎം പ്രാദേശിക നേതാക്കൾ
പൊൻകുന്നം : പൊൻകുന്നം ശാന്തിഗ്രാം കോളനിയിൽ ചിട്ടിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്. 146 പേരിൽ നിന്നായി 1,43,08,000 (ഒരുകോടി നാൽപ്പത്തി മൂന്ന് ലക്ഷത്തി എണ്ണായിരം) രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ചിറക്കടവ് മുൻ പഞ്ചായത്ത് മെമ്പറും സിപിഎം വനിതാ നേതാവുമായ ബിന്ദു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഒമ്പതുപേരാണ് ശാന്തിഗ്രാം കോളനിയിലെ കുടുംബങ്ങളിൽ നിന്ന് പണം തട്ടിയെടുത്തിരിക്കുന്നത്.
കോട്ടയം ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം കോളനിയിൽ 'അഞ്ജലി സ്വയം സ്വാശ്രയ സംഘ'മെന്ന പേരിലാണ് ചിട്ടിസംഘം പ്രവർത്തിച്ചുവന്നിരുന്നത്. ഓരോ ആഴ്‌ച്ചയും ആയിരം രൂപവീതം 151 തവണകളിലായി ഒന്നര ലക്ഷം രൂപ ഓരോ ആളുകളിൽ നിന്നും ഇവർ വാങ്ങിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചിട്ടി കുറിയിടാതെ അടച്ച പണവുമായി ഇവർ മുങ്ങിയെന്നാണ് കോളനിവാസികൾ പറയുന്നത്.
പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായവർ പരാതി നൽകുകയും തുടർന്ന് മാർച്ച് 23ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിന്ദു സന്തോഷ്, സരിത ബാബു, പ്രീതി ജോഷി, പുഷ്പ സുരേന്ദ്രൻ, നിസ ഷൈജു, നീതു രതീഷ്, ചിഞ്ചു പ്രതീപ്, ജയശ്രീ സുരേഷ്, സീനാ താഹ എന്നീ ഒമ്പതുപേർക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഇതിൽ ബിന്ദു സന്തോഷ് സിപിഎമ്മിന്റെ വനിതാ നേതാവും മുൻ പഞ്ചായത്ത് മെംബറുമാണ്. ഇവരുടെ സ്വാധീനം ഉപയോഗിച്ച് നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയതിന് ശേഷമാണ് ചിട്ടിപൊട്ടിച്ച് പണവുമായി പ്രതികൾ മുങ്ങിയത്.
എന്നാൽ, ഇക്കാര്യത്തിൽ സിപിഎം നേതാക്കൾ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത്തരമൊരു പരാതി ഉയർന്നിട്ടും പാർട്ടി നേതാക്കളോ മറ്റോ പരാതിക്കാരെ കണ്ട് വിവരങ്ങൾ അന്വേഷിച്ചില്ലെന്നുമുള്ള ആക്ഷേപം ശക്തമാണ്.