തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് അടച്ചിട്ട പൊന്മുടി വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ വൈകും. മഴയിൽ തകർന്ന റോഡുകളുടെ നിർമ്മാണം വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പൊന്മുടി ഉടനെ വിനോദസഞ്ചാരികൾക്കായി തുറക്കേണ്ടതില്ലെന്നാണ് ഡിടിപിസിയുടെ തീരുമാനം.

കല്ലാർ മുതൽ അപ്പർ സാനട്ടോറിയം വരെയുള്ള 12 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും റോഡ് പൊട്ടിത്തകർന്നും നാശമുണ്ടായത്. ഇതോടെ കഴിഞ്ഞ ഒരുമാസക്കാലമായി പൊന്മുടിയാത്ര നിർത്തിവെച്ചിരിക്കുകയായിരുന്നു. ഹെയർപിൻ 12, 17, 21 എന്നിവിടങ്ങളിലാണ് റോഡ് വലിയതോതിൽ ഇടിഞ്ഞുതാണത്.

ഇവിടെ സുരക്ഷാവേലികൾ സ്ഥാപിക്കുക, പാർശ്വഭിത്തികൾ കെട്ടി റോഡ് സംരക്ഷിക്കുക, മണ്ണിടിച്ചിൽ ഒഴിവാക്കുക തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പൊതുമരാമത്തിന്റെ റോഡ് വിഭാഗമാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശക്തമായ മഴയിൽ നിലംപൊത്താവുന്ന നിരവധി പാറകളും മരങ്ങളും പൊന്മുടി സംസ്ഥാനപാതയിൽ അപകടകരമായി ശേഷിക്കുന്നുണ്ട്.

കോവിഡിനെ തുടർന്ന് ദീർഘകാലം അടച്ചിട്ടിരുന്നതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് പൊന്മുടി വീണ്ടും തുറന്നത്. എന്നാൽ ഒക്ടോബറിൽ കനത്ത മഴയിൽ വാമനപുരം നദി കരകവിഞ്ഞ് ഒഴുകുകയും മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തതോടെ പൊന്മുടി വീണ്ടും അടയ്ക്കുകയായിരുന്നു.

കല്ലാറിനു സമീപത്ത് റോഡിന്റെ ഒരു വലിയഭാഗം ഇടിഞ്ഞുതാണ് റോഡ് പകുതിയായതോടെയാണ് പൊന്മുടിയിലേക്കുള്ള ഗതാഗതം നിർത്തേണ്ടിവന്നത്. അധികം താമസിയാതെ പൊന്മുടിയാത്ര പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കുട്ടികൾക്കായി പുതുതായി നിർമ്മിച്ച പാർക്കുകൾ, മുതിർന്നവർക്കുള്ള നിർമ്മിതികൾ എല്ലാം ഉദ്ഘാടനം കഴിഞ്ഞെങ്കിലും അവയൊന്നും ഉപയോഗിക്കാനായിട്ടില്ല. കോവിഡ് സാഹചര്യം മാറിവരുന്നതോടെ റോഡുപണിയും കഴിയുമെന്നും പൊന്മുടി സന്ദർശകർക്ക് തുറന്നുകൊടുക്കാൻ സജ്ജമാകുമെന്നും വനംവകുപ്പ് അധികൃതരും പറയുന്നു.