കണ്ണുർ: മാവേലി എക്സ്‌പ്രസിൽ പൊലിസ് മർദ്ദനമേറ്റ യാത്രക്കാരൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന പൊലീസ് വിശദീകരണം വസ്തുതാപരമാണെന്ന് തെളിഞ്ഞു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഷമീറിനെ നാട്ടുകാരിൽ അപൂർവ്വം പേർക്ക് മാത്രമേ അറിയുകയുള്ളൂ കുത്തുപറമ്പ് നിർമ്മലഗിരിയിലെ വീട്ടിൽ ഇയാൾ വല്ലപ്പോഴും മാത്രമേ വരാറുള്ളുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

എ എസ് ഐ ബൂട്ടിട്ട കാല് കൊണ്ട് യാത്രക്കാരനെ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം ചർച്ചയായത് .കൂത്തുപറമ്പ് സ്റ്റേഷനിൽ മാത്രം ഷമിറിനെതിരെ നാലു കേസുകളുണ്ട്. ഇതു കൂടാതെ പോണ്ടിച്ചേരി, കോഴിക്കോട് എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും ഇയാൾ പ്രതിയാണ്. മദ്യക്കടത്ത് സ്ത്രീ പീഡനം, മാല മോഷണം, വധശ്രമം, മദ്യകടത്ത് എന്നീ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

കുത്തുപറമ്പ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകളിൽ പ്രതിയായ ഷമീർ പിന്നീട് കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നു കടുത്ത മദ്യപാനിയായ ഇയാൾ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവം നടന്ന ദിവസം മാവേലി എക്സ്‌പ്രസിൽ കയറിയ ഇയാൾ മോഷണം ലക്ഷ്യമിട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

മാഹിയിൽ നിന്നും അമിതമായി മദ്യപിച്ചു കയറിയ ഇയാൾ ഉടുത്ത മുണ്ടിന്റെ സ്ഥാനം തെറ്റി കാൽ നിവർത്തി ഇരിക്കുന്നതു കണ്ടു സ്‌ളീപ്പറിലെ യാത്രക്കാരികളായ സ്ത്രീകൾ ടി.ടി.ഇ യോട് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് എഎസ്ഐ പ്രമോദ് ഇടപെട്ടത്. പലതവണ അവിടെ നിന്നും മാറ്റാൻ ശ്രമിച്ചിട്ടും ഇയാൾ വഴങ്ങാത്തതിനെ തുടർന്നാണ് പൊലീസ് ബലപ്രയോഗത്തിന് മുതിർന്നത്.

കുത്തുപറമ്പ് നിർമ്മലഗിരിയിലെ വീട്ടിൽ പൊന്നൻ ഷമീർ വല്ലപ്പോഴുമേ എത്താറുള്ളുവെന്ന് വീട്ടുകാർ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ സ്ഥിരം പ്രതിയായ ഇയാൾ ഒരാഴ്‌ച്ച മുൻപാണ് വീട്ടിൽ വന്നു പോയതത്രെ. ഷമീറിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ തേടാനായി റെയിൽവെ പൊലിസും കുത്തുപറമ്പ് പൊലിസും ഇയാളുടെ വീട്ടിലെത്തി. ഷമീറിനെ ഇതുവരെ പൊലിസ് കണ്ടെത്തിയിട്ടില്ല.