മലപ്പുറം: ചങ്ങരംകുളം നരണിപ്പുഴ തോണിയപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് നാടിന്റെ കണ്ണീർ യാത്രയയപ്പ്. നരണിപ്പുഴ തെക്കുമുറി ഗ്രാമത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കു ശേഷം സംസ്‌കാരം നടക്കും. മാപ്പലക്കൽ വീട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനാകാത്തതാണ് ദുരന്തം. കുടുംബത്തിലെ ആറു കുട്ടികൾ ഇനി തിരിച്ചു വരില്ലെന്ന് കുടുംബാംഗങ്ങൾ പലരും ഇപ്പോഴും അറിഞ്ഞിട്ടില്ല. അവധിക്കാലം ആഘോഷമാക്കാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ നരണിപ്പുഴയുടെ തീരത്ത്. ഇത്അന്ത്യയാത്രയാകുകയായിരുന്നു. ദുരന്തത്തിന്റെ ഞെട്ടലിൻ നിന്ന് ഇപ്പോഴും തെക്കുംമുറി ഗ്രാമവാസികൾ മുക്തരായിട്ടില്ല. വിദ്യാർത്ഥികളുടെ വേർപാട് താങ്ങാനാകാതെ കൂട്ടുകാരും ബന്ധുക്കളും മൃതദേഹത്തിന് മുന്നിൽ വിങ്ങിപൊട്ടി.

മത്സ്യബന്ധന തൊഴിലാളികളും കർഷകരുമൊക്കെയായി കായലും വെള്ളവുമായി അടുത്ത ബന്ധമായിരുന്നു തെക്കുംമുറി ഗ്രാമവാസികൾക്ക്. എന്നാൽ വിശ്വസിക്കാനാകാത്തതായിരുന്നു ആറ് കുട്ടികളുടെ ദാരുണാന്ത്യം. പതിറ്റാണ്ടുകളായി മീൻപിടിച്ച് ഉപജീവനം നടത്തുന്ന വേലായുധൻ സ്വന്തം കുട്ടികൾക്കൊപ്പം സഹോദരന്മാരുടെ കുട്ടികളെയും അയൽവാസികളെയുമെല്ലാം കൂട്ടി പുറപ്പെട്ട ഉല്ലാസയാത്രയാണ് വലിയ ദുരന്തമായി മാറിയത്. പിന്നീട് അപകടമറിഞ്ഞവർ ഗ്രാമത്തിലേക്കും ആശുപത്രിയിലേക്കും ഒഴുകി.

വിവരമറിഞ്ഞതോടെ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ആർത്തലച്ചു കരഞ്ഞു. നിമിഷങ്ങൾക്കു മുമ്പ് വരെ തങ്ങൾക്കു മുമ്പിൽ കളിച്ചും ചിരിച്ചും നടന്ന കുട്ടികളൊന്നാകെ യാത്രയായതിന്റെ ദുഃഖം വിങ്ങിനിന്നു. ഒരേ തറവാട്ടിലെത്തന്നെ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും മക്കളാണ് മരിച്ചതിൽ അഞ്ചു പേരും.

ചെറിയ തോണിയിൽ ഇത്രയേറെ കുട്ടികളുമായി പോകേണ്ട വേലായുധേട്ടാ...' വേലായുധനും കുട്ടികളും ആഹ്ലാദത്തോടെ തോണിയിൽ കയറി പോകുന്നത് കണ്ട പരിസരവാസികളുടെ വാക്കുകളായിരുന്നു ഇത്. പക്ഷെ, പതിറ്റാണ്ടുകളുടെ അനുഭവ പരിചയം കൈമുതലായുള്ള വേലായുധന്റെ ധൈര്യത്തിനും കായലിൽ യാത്രചെയ്യാനുള്ള കുട്ടികളുടെ ആവേശത്തിനുമിടയിൽ ആ വാക്കുകൾ മുങ്ങിപ്പോവുകയായിരുന്നു. കരയിൽ നിന്നും പതിനെഞ്ചടിയോളം ദൂരത്തേക്ക് പോയപ്പോഴേക്കും തോണിയുടെ വക്ക് ജലോപരിതലത്തിനൊപ്പമായിരുന്നു. കുട്ടികൾ ഒരു വശത്തേക്ക് ചരിഞ്ഞതോടെ അവിടെ താഴുകയും വെള്ളം കയറുകയും ചെയ്തതാണ് വേലായുധന്റെ കണക്കുകൾ തെറ്റിച്ചത്.

തകർന്ന തിരുത്തുമ്മൽ ബണ്ട് കാണണമെന്നുള്ള ആഗ്രഹമാണ് കരയിൽ നിന്ന് അൽപമകലെയുള്ള സ്ഥലത്തേക്ക് തോണിയുമായി പോകാൻ കാരണമായത്. കഴിഞ്ഞ ദിവസമാണ് തിരുത്തുമ്മൽ ബണ്ട് തകർന്നത്. വിരുന്നെത്തിയ കുട്ടികൾക്ക് ബണ്ടിന്റെ തകർന്ന ഭാഗം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് വേലായുധൻ കുട്ടികളുമായി തോണിയുമായി പുറപ്പെട്ടത്. ആഴമുള്ള ഭാഗത്തെത്തിയപ്പോൾ തോണി ആടിയുലഞ്ഞു. ഇതോടെ കുട്ടികൾ ഓരോരുത്തരായി വെള്ളത്തിൽ വീണു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വേലായുധനും തളർന്ന് ആഴങ്ങളിലേക്ക് മുങ്ങിപ്പോയി. ഒടുവിൽ നാട്ടുകാർ ചേർന്നാണ് എല്ലാവരെയും കരയ്ക്കെടുത്തത്.

പ്രാണന്റെ പ്രാണനായ രണ്ട് മക്കളെയും മരണം കൊണ്ടുപോയതറിഞ്ഞ് താങ്ങാനാകാതെ വിനീത ബോധരഹിതയായി. താങ്ങാനാവാത്ത ദുരന്തത്തിന്റെ ആഘാതത്തിൽ ബോധമറ്റു കിടക്കുകയായിരുന്നു തെക്കുംമുറി മാപ്പാലിക്കൽ ജയന്റെ ഭാര്യ വിനീത. തോണി ദുരന്തത്തിൽ തറവാട്ടിൽ നിന്ന് അഞ്ച് പേരെ നഷ്ടപ്പെട്ടപ്പോൾ ജയൻ-വിനീത ദമ്പതിമാർക്ക് നഷ്ടമായത് തങ്ങളുടെ രണ്ട് മക്കളെയുമാണ്. ഇവരുടെ മകൾ ജനീഷ, പൂജ (മിന്നു) എന്നിവരാണ് മരിച്ചത്. ജനീഷ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും പൂജ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ദുരിതങ്ങളുടെ കൂടെപ്പിറപ്പുകളാണ് ഈ കുടുംബം.

നിത്യവൃത്തിക്കു വേണ്ടി മീൻപിടിത്തം നടത്തിയും കൃഷിപ്പണികൾ ചെയ്തുമൊക്കെയാണ് ഇവർ ജീവിച്ചത്. ഹൃദയം പൊട്ടി കരയുകയായിരുന്നു മാപ്പാലിക്കൽ കുടുംബത്തിലെ ഓരോ അംഗവും. ഒരു കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെയും വേദനയായി ദുരന്തം. ആശുപത്രിയിലേക്ക് ഒഴുകിയെത്തിയ ആൾകൂട്ടം ആ വേദനയുടെ സ്പന്ദനമായിരുന്നു. സാധാരണക്കാർ മുതൽ മന്ത്രിമാർ വരെ സ്ഥലത്തെത്തി. മുഖ്യമന്ത്രി
പിണറായി വിജയൻ, സ്പീക്കർ ശ്രീരാമ കൃഷ്ണൻ, മന്ത്രമാരായ സി രവീന്ദ്രനാഥ്, എ.സി മൊയ്ദീൻ, എംഎ‍ൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, മത നേതാക്കൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

സ്പീക്കറും മന്ത്രമാരും ഇടപെട്ടതോടെ കുട്ടികളുടെ മൃതദേഹ പരിശോധന ഒഴിവാക്കി. മരിച്ചവരുടെ കുടുംബത്തിന് സർക്കാറിൽ നിന്ന്പരമാവധി സഹായം ലഭ്യമാക്കുമെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. അതേസമയം തോണി മറിഞ്ഞ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവത്തിനിടയായ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാർ ആവശ്യപ്പെട്ടു.