- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കോടതി സമുച്ചയം ഏതു നിമിഷവും നിലംപൊത്തും; കെട്ടിടം അപകടാവസ്ഥയിൽ എന്ന സർട്ടിഫിക്കറ്റ് നൽകിയിട്ട് മൂന്ന് വർഷം; ചുവപ്പുനാടയിൽ കുരുങ്ങി പുനർനിർമ്മാണം; ദിനംപ്രതി നൂറിലധികംപേർ എത്തുന്ന പൊന്നാനി കോടതി സമുച്ചയത്തിന് വേണ്ടത് അടിയന്തര അറ്റകുറ്റപ്പണി
മലപ്പുറം: ഏതു നിമിഷവും പൂർണമായും നിലംപൊത്തി വീഴാറായിട്ടും പൊന്നാനി കോടതി സമുച്ചയ കെട്ടിടത്തിന്റെ നടപടികൾ ചുവപ്പുനാടയിൽ തന്നെ. ചുമരുകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അതോടൊപ്പം മേൽക്കൂരയാകെ പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ചിരിക്കുകയാണ്. ചുമരിൽ പലയിടത്തും മരങ്ങൾ വളർന്ന് പന്തലിച്ചു. ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത് നൂറിലധികമാളുകൾ .ഒരു നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച പൊന്നാനി കോടതി കെട്ടിട സമുച്ചയത്തിന്റെ നിലവിലെ സ്ഥിതിയാണിത്.
കോടതി കെട്ടിടത്തിന്റെ കേടുപാടുകൾ ചൂണ്ടിക്കാണിച്ച് പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം റിപ്പോർട്ട് നൽകിയിട്ട് മൂന്ന് വർഷം പിന്നിട്ടു. യഥാസമയം അറ്റകുറ്റപണികൾ നടത്താതെ തകർച്ചയിലായി പൊന്നാനി കോടതി കെട്ടിടം. വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന പൊന്നാനി കോടതി കെട്ടിട സമുച്ചയത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ച് 2018 ൽ അടിയന്തര അറ്റകുറ്റപണികൾ നടത്തിയതിന് ശേഷമേ കെട്ടിടത്തിലെ ഓഫീസുകൾ പ്രവർത്തിക്കാവൂ എന്ന റിപ്പോർട്ട് പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം നൽകിയിട്ടും അറ്റകുറ്റപണികൾ നടത്താൻ തീരുമാനമായില്ല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കോടതി കെട്ടിടം കാലപ്പഴക്കത്തെ തുടർന്നാണ് അടിയന്തര അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം റിപ്പോർട്ട് പൊന്നാനി തഹസിൽദാർക്ക് കൈമാറിയത്.
എന്നാൽ റവന്യൂ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു വർഷം മുമ്പ്കോടതി കെട്ടിട സമുച്ചയത്തിലെ സബ്ട്രഷറിയുടെ മേൽക്കൂര അടർന്ന് വീണിരുന്നു. പൊന്നാനി കോടതി, ഫിഷറീസ് ഓഫീസ്, ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് തുടങ്ങിയവ ഉൾകൊള്ളുന്ന കെട്ടിട സമുച്ചയമാണ് തകർച്ചയുടെ വക്കിലുള്ളത്. പൂർണ്ണമായ അറ്റകുറ്റ പണിക്ക് വേണ്ടി ഓഫീസുകൾ താൽക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റേണ്ടി വരും. നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമായതിനാൽ ഓഫീസുകൾ മാറ്റാനുള്ള അസൗകര്യമാണ് അറ്റകുറ്റപണികൾ നീണ്ടുപോകാനിടയാക്കുന്നത്. അതേ സമയം കെട്ടിട സമുച്ചയം പഴയ കാല തനിമയോടെ നിലനിർത്താൻ വേണ്ടി പദ്ധതി തയ്യാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതും എങ്ങുമെത്തിയില്ല. അപകടാവസ്ഥയിലായ കെട്ടിടത്തിൽ താൽക്കാലിക അറ്റകുറ്റപണികളെങ്കിലും നടത്തണമെന്നാണ് ആവശ്യമുയരുന്നത്