- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് കൊലപാതകിയെയും അറസ്റ്റ് ചെയ്തു; 14 കൊല്ലത്തിന് ശേഷം അറിയുന്നു മൃതദേഹം അയാളുടേതല്ലെന്ന്: പൊന്നാനിയിൽ നിന്നും ഒരു പൊലീസ് നാണക്കേടിന്റെ കഥ
കോഴിക്കോട്: അടിയന്തരാവസ്ഥാ കാലത്ത് കാണാതായ രാജൻ എന്ന യുവാവിന് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാക്കാൻ നമ്മുടെ പൊലീസിന് വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഇനിയും സാധിച്ചിട്ടില്ല. സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളിയെ ക്കുറിച്ചു യാതൊരു വിവരവുമില്ല. നല്ല കുറച്ച് പൊലീസ് കഥകൾക്കിടയിലും ഇത്തരം ചില നാണക്കേടുകൾ നമ്മുടെ പൊലീസിൽ ഉണ്ട്. എന്
കോഴിക്കോട്: അടിയന്തരാവസ്ഥാ കാലത്ത് കാണാതായ രാജൻ എന്ന യുവാവിന് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാക്കാൻ നമ്മുടെ പൊലീസിന് വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഇനിയും സാധിച്ചിട്ടില്ല. സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളിയെ ക്കുറിച്ചു യാതൊരു വിവരവുമില്ല. നല്ല കുറച്ച് പൊലീസ് കഥകൾക്കിടയിലും ഇത്തരം ചില നാണക്കേടുകൾ നമ്മുടെ പൊലീസിൽ ഉണ്ട്. എന്നാൽ, അതിലേറെ നാണക്കേടുണ്ടാക്കാന്ന മറ്റൊരു പൊലീസ് കഥയാണ് പൊന്നാനിയിൽ നിന്നും പുറത്തുവരുന്നത്.
കൊല്ലപ്പെട്ടു എന്ന കരുതിയ യുവാവിന്റെ മൃതദേഹം 14 വർഷങ്ങൾക്ക് ശേഷം അല്ലെന്ന് തെളിഞ്ഞതോടെയാണ് പൊന്നാനി പൊലീസ് പുലിവാല് പിടിച്ചത്. കൊലപാതകമെന്നു സ്ഥിരീകരിച്ച് കുറ്റവാളികളായി കണ്ടെത്തി നാല് യുവാക്കളെ അറസ്റ്റ് ചെയ്ത കേസിലാണ് സിനിമാക്കഥയെയും വെല്ലുന്ന മറിമായം ഉണ്ടായത്. മൃതദേഹം കൊല ചെയ്യപ്പെട്ടുവെന്നു കരുതുന്നയാളുടേതല്ലെന്നു ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് കേരള പൊലീസിന് നാടക്കേടായത്. എന്തായാലും നാണക്കേട് തീർക്കാൻ പുതിയ തുമ്പുണ്ടാക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
14 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഇങ്ങനെയാണ്: പൊന്നാനി പെരുമ്പടപ്പ് മാറഞ്ചേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുറൂറി (23) നെ 2001 ലാണു കാണാതായത്. സുറൂറിനെ കാണാതായി നാലു മാസത്തിനു ശേഷം പെരുമ്പടപ്പ് പൊലീസിൽ സുറൂറിന്റെ ഉമ്മ പരാതി നൽകി. ഇതിനിടെ സ്റ്റേഷൻ പരിധിയിൽ തിരിച്ചറിയാത്ത വിധം കൊല്ലപ്പെട്ട അജ്ഞാതന്റെ മൃതദേഹം സുറൂറിന്റേതായിരിക്കുമെന്നു പൊലീസ് സംശയിച്ചു. തുടർന്നു സുറൂറിന്റെ പുതിയ ഫോട്ടോയും തലയോട്ടിയും തമ്മിൽ താരതമ്യപഠനം നടത്തി.
ഫൊറൻസിക് സയൻസ് ലാബിലെ ബയോളജിസ്റ്റ് സൂപ്പർ ഇംപോസിഷൻ പരിശോധന നടത്തി മൃതദേഹം സുറൂറിന്റേതാണെന്ന് സ്ഥിരീകരിച്ചു. സുറൂറിന്റെ കൊലയാളികളെന്നു പറഞ്ഞു പെരുമ്പടപ്പ് സ്വദേശികളായ പ്രസാദ്, ബിജോയ്, സുരേഷ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. അവിഹിതബന്ധം സംശയിച്ചു സുറൂറിനെ കൊലപ്പെടുത്തി എന്ന് കണ്ടെത്തി കുറ്റവും ചുമത്തി. എന്നാൽ അന്വേഷണം മുന്നോട്ടു പോകവേ കേസിന് ആവശ്യമായ തെളിവുകൾ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല.
തുടർന്നു കേസ് 2014ൽ കോഴിക്കോട് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എസ്. മുരളീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഫൊറൻസിക് ഒഡന്റോളജി പരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തിന്റെ പ്രായം അറിയുന്നതിനുള്ള പരിശോധനയാണിത്. പല്ലു പരിശോധിച്ചാണു പ്രായം നിർണയിക്കുന്നത്. ഫൊറൻസിക് വിദഗ്ധൻ ഡോ. ബി. ഉമാദത്തന്റെ നേതൃത്വത്തിൽ മൃതദേഹത്തിന്റെ പല്ലു പരിശോധിച്ചപ്പോൾ, 37 അല്ലെങ്കിൽ 38 വയസ്സുള്ളയാളുടേതാണ് ഇതെന്നു കണ്ടെത്തി.
തുടർന്ന് അന്വേഷണസംഘം സുറൂറിന്റെ അമ്മയുടെ രക്തവും മൃതദേഹത്തിന്റെ തലയോട്ടിയും ഹൈദരാബാദ് സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്‌സിൽ (സിഡിഎഫ്ഡി) ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഡിഎൻഎ പരിശോധനാഫലത്തിൽ നേരത്തേ കണ്ടെത്തിയ മൃതദേഹം സുറൂറിന്റേതല്ലെന്നു വ്യക്തമായി.
ഇതോടെയാണു സുറൂർ എവിടെപ്പോയി എന്നും കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നുമുള്ള ചോദ്യം ഉയർന്നതും അന്വേഷണം ആരംഭിച്ചതും. സുറൂറിന്റെ കൊലപാതകികളെന്നു പറഞ്ഞു പൊലീസ് അറസ്റ്റ് ചെയ്ത നാലു യുവാക്കളോട് എന്തു സമാധാനം പറയുമെന്നതാണു പൊലീസിന്റെ മുന്നിലുള്ള മറ്റൊരു ചോദ്യം. എന്തായാലും സുറൂർ ജീവിപ്പിച്ചിരിപ്പുണ്ടോ അപ്പോൾ കൊല്ലപ്പെട്ടത് ആരാണ് എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ഒരുങ്ങുകയാണ് പൊലീസ്.