- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്ന്യം ബാങ്കിൽ കവർച്ച നടത്തിയതു കൊലക്കേസ് പ്രതികൾക്ക് കോടതയിൽ പിഴ ശിക്ഷ അടയ്ക്കാൻ? ഏഴ് കൊല്ലം മുമ്പ് നടന്ന മോഷണക്കേസിൽ വഴിത്തിരിവായി രഹസ്യാന്വേഷണ റിപ്പോർട്ട്
കോഴിക്കോട്: തലശേരിക്കടുത്ത പൊന്ന്യം സഹകരണ ബാങ്ക് കവർച്ച നടത്തിയതുകൊലക്കേസിൽ പ്രതികളായവർക്ക് കോടതി വിധിച്ച പിഴയടയ്ക്കാനാണെന്ന് സൂചന. 2008 സെപ്റ്റംബർ മൂന്നിനു നടന്ന കവർച്ച മറ്റൊരു കൊലക്കേസിൽ പ്രതികളായ കുറെ രാഷ്ട്രീയ ക്രിമിനലുകൾക്ക് കോടതി വിധിച്ച പിഴയടയ്ക്കാനാണ് ഈ കവർച്ച നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചന. ബാങ
കോഴിക്കോട്: തലശേരിക്കടുത്ത പൊന്ന്യം സഹകരണ ബാങ്ക് കവർച്ച നടത്തിയതുകൊലക്കേസിൽ പ്രതികളായവർക്ക് കോടതി വിധിച്ച പിഴയടയ്ക്കാനാണെന്ന് സൂചന. 2008 സെപ്റ്റംബർ മൂന്നിനു നടന്ന കവർച്ച മറ്റൊരു കൊലക്കേസിൽ പ്രതികളായ കുറെ രാഷ്ട്രീയ ക്രിമിനലുകൾക്ക് കോടതി വിധിച്ച പിഴയടയ്ക്കാനാണ് ഈ കവർച്ച നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചന.
ബാങ്കിന്റെ സ്‌ട്രോംഗ്് റും കട്ടർ ഉപയോഗിച്ച് കുത്തിത്തുറന്ന് 23 കിലോഗ്രാം പണയസ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു. എട്ടു ലക്ഷം രൂപയുടെ കറൻസി ബാങ്കിലുണ്ടായിട്ടും കവർച്ചക്കാർ എടുത്തത് ഒരു ലക്ഷം രൂപ മാത്രം. തലശേരി-കൂത്തുപറമ്പ് റോഡിൽ കതിരൂർ ടൗണിൽനിന്നും നോക്കെത്തും ദൂരത്താണു തലയെടുപ്പുള്ള പൊന്ന്യം സർവ്വീസ് സഹകരണ ബാങ്ക്. സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടാകുന്ന ഈ ബാങ്കിൽ 2008 സെപ്റ്റംബർ മൂന്നിനു ബുധനാഴ്ച നടന്ന കവർച്ചയെപ്പറ്റി അന്നു മുതലുണ്ടായിരുന്ന വൻദുരൂഹതകളുടെ ചുരുളുകൾ നിവരുന്നതിന്റെ സൂചനകളാണു കണ്ടുതുടങ്ങിയിരിക്കുന്നത്. കേരളത്തിലുണ്ടാകുന്ന ഭുരിഭാഗം കവർച്ചകളുടെയും പഴി തമിഴന്മാരുടെ തലയിൽ വച്ചശേഷം എഴുതിത്ത്ത്ത്തള്ളുന്ന പ്രവണതയാണ് കേരളാ പൊലീസിലുള്ളത്. അതുപോലെ പൊന്ന്യം സഹകരണ ബാങ്ക് കവർച്ചയും തമിഴരുടെ ചുമലിൽ ചാർത്തി കേരളാ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു തടിതപ്പുകയായിരുന്നെന്ന ആക്ഷേപം അന്നേയുണ്ടായിരുന്നു.
രാഷ്ട്രീയ സംഘർഷങ്ങൾകൊണ്ട് കലുഷിതമായ മേഖലയാണ് പൊന്ന്യം സഹകരണ ബാങ്കും പരിസരവും സമീപപ്രദേശങ്ങളും. സിപിഐ.(എം)യും ആർഎസ്എസ്-ബിജെപി. സംഘടനകളും പരസ്പരം ഏറ്റുമുട്ടുകയും ബോംബെറിയുകയും ചെയ്യുന്ന ഈ മേഖലയിൽ അപരിചിതരാരുംതന്നെ കടന്നു ചെല്ലാൻ ഭയപ്പെടുന്ന കാലത്താണ് പൊന്ന്യം ബാങ്ക് കവർച്ച നടന്നത്. രാപ്പകൽ ഭേദമില്ലാതെ കുടിപ്പക തീർക്കുന്ന ഇരുവിഭാഗവും ക്ലബുകളിലും വെയിറ്റിങ്ങ് ഷെൽട്ടറുകളിലും തമ്പടിച്ച് എതിരാളികളെ നിരീക്ഷിക്കുന്ന കാലം. അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെപ്പോലെ ശത്രുവിന്റെ നീക്കം ശ്രദ്ധിക്കുന്ന ഇരുസംഘടനകളേയും കബളിപ്പിച്ച് ഒരു വൻ കവർച്ച നടത്താൻ ആര് ധൈര്യപ്പെടുമെന്ന സംശയം അന്നേ ജനിച്ചിരുന്നു.
സിപിഐ.(എം). ഭരിക്കുന്ന സഹകരണ ബാങ്ക്. അന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് പാർട്ടിയുടെ കൈയിൽ ഭദ്രം. എന്നിട്ടും കേസന്വേഷിച്ച ലോക്കൽ പൊലീസിന് ഒരു തുമ്പുമുണ്ടാക്കാൻ കഴിഞ്ഞില്ല. പൊലീസ് അറിഞ്ഞ കാര്യം ബോധപൂർവ്വം മറച്ചുവക്കുകയായിരുന്നുവെന്ന് ബാങ്കിന്റെ ഓഹരി ഉടമകൾക്ക് സംശയമുണ്ടായിരുന്നു. ഒടുവിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. കാസർഗോഡ് പെരിയയിലെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് കവർച്ച ചെയ്ത തമിഴ് സംഘത്തെ കേസിൽ കുടുക്കാൻ പൊലീസ് തിരക്കഥ എഴുതിച്ചേർത്തു. കാര്യങ്ങളൊക്കെ എളുപ്പം നടത്തിയെടുക്കാൻ പൊലീസിലെ കുബുദ്ധികൾക്ക് കഴിഞ്ഞു. അന്നത്തെ ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായതിനാൽ ജനത്തെ ധരിപ്പിക്കാൻ പൊലീസ് നെട്ടോട്ടമോടി. കവർച്ച നടത്തിയത് തമിഴ്‌നാട്ടിലെ അയ്യനാർ സംഘമെന്ന് പൊലീസും പാർട്ടി നേതാക്കളും പ്രചരിപ്പിച്ചു.
പതിവുപോലെ, തമിഴ്‌നാട്ടിലെ മോഷണ വിഭാഗമായ അയ്യനാർ ഗ്രൂപ്പിലെ അംഗങ്ങളെ പിടിക്കാൻ ഐ.ജി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കം നടന്നു. കാസർഗോഡ് പെരിയ ബാങ്ക് കവർച്ചയിലെ നാലാം പ്രതി ചിന്നമുരുഗനിൽനിന്നും ലഭിച്ച വിവരമനുസരിച്ച് കേരളാ പൊലീസ് തമിഴ്‌നാട്ടിലേക്ക് കുതിച്ചു. പിന്നെ പൊലീസിന്റെ ഭാഷ്യം ഇങ്ങനെ. കവർച്ച നടത്തിയത് ഏഴംഗ അയ്യനാർ സംഘം. സംഘത്തിൽപ്പെട്ട കള്ളക്കുറിശ്ശി സ്വദേശികളായ തങ്കരാജ്, ഗണേശ് എന്നിവരെ വെല്ലൂർ സെൻട്രൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിലെ മറ്റൊരു മോഷണക്കേസിൽ വെല്ലൂർ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. ഇവരെ ചോദ്യം ചെയ്ത കേരളാ പൊലീസ് കള്ളക്കുറിശിയിലെ ഏഴുമലൈയിൽ മുടിയന്നൂർ സ്വദേശി വേൽമുരുകൻ എന്നിവരേയും പിടികൂടി വെറും നാലുകിലോ സ്വർണം അവരിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തു. ബാക്കി സ്വർണത്തെപ്പറ്റി യാതൊരു വിവരവുമില്ല. പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് പ്രതികളെ വലയിലാക്കിയെന്ന് പൊലീസ് അഭിമാനിക്കുകയും ചെയ്തു.
എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്നറിയുന്ന പലരും കതിരൂർ പൊന്ന്യം മേഖലയിൽ തന്നെയുണ്ട്. കാരണം നിരവധി പേർക്കു പങ്കാളിത്തമുള്ള സംഭവമാണിത്. പലരും ഇതിന്റെ ഗുണഭോക്താക്കളുമാണ്. അവരിൽത്തന്നെ പലരും ഇപ്പോൾ നല്ല നിലയിലുമായി. എന്നാൽ, ആരും പുറത്തു പറയാൻ ധൈര്യപ്പെടില്ലെന്നു മാത്രം.സത്യം പുറത്തു വന്നാൽ കുടുങ്ങുന്നത് രാഷ്ട്രീയ ക്രിമിനലുകളും ചില നേതാക്കളുമായിരിക്കും. രാഷ്ട്രീയക്രിമിനലുകളുടെ കണ്ണിലെ കരടാകാൻ ആരും തയ്യാറല്ല. അതുകൊണ്ട് തന്നെയാണ് യഥാർത്ഥ പ്രതികൾ രക്ഷപ്പെട്ടതും. ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവത്തോടെ എടുത്താൽ പ്രതികൾ ഉടൻ കുടങ്ങുമെന്നാണ് സൂചന.