- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{സിപിഎം}} ഭരിക്കുന്ന പാർട്ടി ഗ്രാമത്തിലെ ബാങ്കിൽ മോഷണം നടത്താൻ ഏത് തമിഴന് ധൈര്യം? 23 കിലോ കവർന്നിടത്തു നാല് തിരിച്ചു കിട്ടിയപ്പോൾ സ്വീകരണവും കുടുംബ സദ്യയും എന്തുകൊണ്ട്? പൊന്ന്യം ബാങ്ക് കവർച്ചയുടെ ദുരൂഹത ചെന്നിത്തലയുടെ പൊലീസ് അഴിക്കുമോ?
കണ്ണൂർ: തലശേരിക്കടുത്ത പൊന്ന്യം സഹകരണ ബാങ്ക് കവർച്ച സിപിഐ.(എം) അറിഞ്ഞു നടത്തിയ ഗൂഢാലോചനയുടെ ഫലമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സംശയം. പാർട്ടി ക്രിമിനലുകൾക്കൊപ്പം തമിഴ്‌നാട്ടിലെ കവർച്ചാസംഘവും ചേർന്നിരിക്കാമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ പാർട്ടി ക്രിമിനലുകൾ തയ്യാറാക്കിയ അജണ്ട അനുസരിച്ച് പ്രവർത്തിക്കാൻ മാത്രമേ തമിഴ
കണ്ണൂർ: തലശേരിക്കടുത്ത പൊന്ന്യം സഹകരണ ബാങ്ക് കവർച്ച സിപിഐ.(എം) അറിഞ്ഞു നടത്തിയ ഗൂഢാലോചനയുടെ ഫലമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സംശയം. പാർട്ടി ക്രിമിനലുകൾക്കൊപ്പം തമിഴ്‌നാട്ടിലെ കവർച്ചാസംഘവും ചേർന്നിരിക്കാമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ പാർട്ടി ക്രിമിനലുകൾ തയ്യാറാക്കിയ അജണ്ട അനുസരിച്ച് പ്രവർത്തിക്കാൻ മാത്രമേ തമിഴ്‌സംഘത്തിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അറിയുന്നു. പൊന്ന്യം സഹകരണബാങ്കു കവർന്നു 23 കിലോഗ്രാം പണയസ്വർണം തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് സൂചന ലഭിച്ചതായി മറുനാടൻ ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു. ഈ വിഷയത്തിൽ അന്വേഷണം സജീവമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പൊലീസിന് നിർദ്ദേശം നൽകിയതായാണ് സൂചന.
കവർച്ച നടത്തിയ 23 കിലോഗ്രാം സ്വർണം പൊന്ന്യത്തുനിന്നും തമിഴ് കവർച്ചാ സംഘം കടത്തിക്കൊണ്ടുപോയി എന്നത് അവിശ്വസനീയം തന്നെ. കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ മദ്യപരുടെ പറുദീസയാണ് മൂലക്കടവ്. സന്ധ്യമയങ്ങുന്നതോടെ മദ്യപർ വാഹനങ്ങളിലും കാൽനടയായും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഏതാണ്ട് പുലർച്ചവരെ അവരുടെ സഞ്ചാരം തുടരും. മറ്റു ഭാഗങ്ങളിൽ സിപിഐ.(എം)കാരും ബിജെപി.ക്കാരും തമ്പടിച്ചിരിക്കും. ഇവരും വീടുകളിൽ ചേക്കേറുന്നത് അർദ്ധരാത്രി കഴിഞ്ഞ് മാത്രം. പൊന്ന്യം ബാങ്കിന്റെ ലോക്കർ മുറിക്കാനും ആഭരണം നീക്കാനും തമിഴർ സഹായിച്ചിരിക്കാം. എന്നാൽ കവർച്ചയുടെ ആസൂത്രകർ അവരല്ലെന്നാണ് അന്വേഷണ ഏജൻസിയുടെ അനുമാനം.
തമിഴ്‌നാട്ടിലെ അയ്യനാർ സംഘം കവർച്ച ചെയ്ത സ്വർണം പങ്കുവയ്ക്കുന്നത് ബംഗഌരുവിലെ ഹോസ്‌പെട്ട് എന്ന സ്ഥലത്തു വച്ചാണ്. സമീപകേന്ദ്രങ്ങളിൽ തന്നെ അവർ അതു വിറ്റ് പണമാക്കുകയാണ് പതിവ്. എന്നാൽ പൊന്ന്യം ബാങ്ക് കവർച്ചയിൽ നാലു കിലോഗ്രാം തലശേരിയിലെയും സമീപപ്രദേശങ്ങളിലേയും ജൂവലറികളിൽനിന്ന് ഉരുക്കിയ നിലയിലാണ് കണ്ടെത്തിയത്. ബാക്കിയുള്ള സ്വർണം എവിടെയെന്ന് അന്നും ഇന്നും ദുരൂഹമാണ്. കേസന്വേഷിച്ച ലോക്കൽ സിഐസദാനന്ദൻ നടത്തിയ അന്വേഷണത്തെപ്പറ്റി പല ദുരൂഹതകളും നിലനിൽക്കുന്നുണ്ട്. ബാക്കി സ്വർണം കിട്ടാതെ പോയതിന്റെ പിന്നിൽ പാർട്ടിക്കാരുടെ പങ്കും സംശയിക്കുന്നുണ്ട്. ലോക്കൽ പൊലീസിന്റെ കയ്യിൽ പ്രധാന തമിഴ് പ്രതിയെ കിട്ടിയിട്ടും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് വിവരംപോലും നൽകിയില്ല എന്ന കുറ്റകരമായ നിലപാടും ലോക്കൽ പൊലീസ് എടുത്തത് അന്നു തന്നെ വിമർശനങ്ങൾക്കിടനൽകിയിരുന്നു.
23 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ട സ്ഥാനത്ത് നാലു കിലോഗ്രാം മാത്രം ലഭിച്ചതിനെ കേരളാ പൊലീസിന്റെ മഹത്തായ സേവനമാക്കി പ്രഖ്യാപിച്ചിരുന്നു. കളവു മുതൽ പിടിച്ചു കൊണ്ടു വന്നതിനെ അനുമോദിച്ചുകൊണ്ടു പൊന്ന്യത്ത് പൊലീസുകാർക്ക് സ്വീകരണവുമുണ്ടായി. മറ്റൊരിടത്ത് സന്തോഷം പങ്കിട്ടുകൊണ്ടു പൊലീസ് കുടുംബസദ്യ വിളമ്പി. കവർച്ചയുടെ ഗൗരവം പിടിച്ചെടുത്ത നാലു കിലോ സ്വർണത്തിലൂടെ പൊലീസ് ബോധപൂർവ്വം കുറയ്ക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന്റെ കാരൃത്തിലും സംശയത്തിന്റെ മുൾമുന വീണിരുന്നു. തലശേരി നഗരത്തിലെ ജൂവലറികളിൽനിന്നും പൊലീസ് ഭീഷണിപ്പെടുത്തി ഉരുക്കിയ സ്വർണ ഉരുപ്പടികളായിരുന്നു കോടതിയിൽ ഹാജരാക്കപ്പെട്ടത്. ബാക്കി 19 കിലോഗ്രാം സ്വർണം എവിടെയെന്ന് പൊലീസിന് അറിയാതെ പോയതെന്ത്.? കവർച്ചചെയ്ത സ്വർണാഭരണങ്ങളിൽ നാലിലൊരുഭാഗംപോലും കണ്ടെത്താനാവാത്ത പൊലീസിന് വീരപരിവേഷം നൽകിയതിനു പിന്നിലും അന്നത്തെ ഭരണസമിതിയാണുള്ളത്. കവർച്ചക്കാരെ പിടിച്ചിട്ടും തൊണ്ടി മുതൽ കിട്ടാത്തതിനു പിന്നിലും ദുരൂഹതകളേറെയുണ്ട്.
കവർച്ച ചെയ്ത പണയ സ്വർണം ലഭിക്കില്ലെന്ന് ഉറപ്പാക്കിയതോടെ സ്വർണം പണയം വച്ചവർക്ക് ഇൻഷൂറൻസ് തുക ലഭിക്കാൻ പൊലീസും ബാങ്ക് ഭരണസമിതിയും കൈകോർത്തു. എഴുനൂറിലധികം പേർക്കാണ് ഇൻഷൂറൻസ് കമ്പനി നഷ്ടപരിഹാരം നൽകിയത്. സ്വർണം പണയം വച്ചവരെ നോട്ടീസയച്ച് വരുത്തി ഇൻഷൂറൻസ് കമ്പനി ബാങ്കിൽവച്ചു തന്നെയാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്. നഷ്ടപരിഹാരം നൽകാൻ സഹകരണ ബാങ്കിന്ന് ചെലവായത് ഒന്നരക്കോടി രൂപയാണ്. നഷ്ടപരിഹാരം ലഭിച്ചതോടെ ഓഹരി ഉടമകളും ഇടപാടുകാരും ബാങ്കിൽ വീണ്ടും വിശ്വാസമർപ്പിച്ചു. ഇതുതന്നെയായിരുന്നു ബാങ്ക് ഭരണസമിതിയുടെ ലക്ഷ്യവും. അവശേഷിക്കുന്ന 19 കിലോഗ്രാം സ്വർണം എവിടെയെന്ന് ചോദിച്ചാൽ പൊലീസിനുത്തരമില്ല. നാലു കിലോഗ്രാം സ്വർണം മാത്രം കവർച്ചാക്കാരിൽനിന്നും ലഭിച്ചെന്നു പറയുന്നത് ഇന്നും ദുരൂഹത ഉണർത്തുകയാണ്.
തലശേരിക്കടുത്ത പൊന്ന്യം സഹകരണ ബാങ്ക് കവർച്ച നടത്തിയതുകൊലക്കേസിൽ പ്രതികളായവർക്ക് കോടതി വിധിച്ച പിഴയടയ്ക്കാനാണെനാനാണ് പൊലീസ് ഇപ്പോൾ നൽകുന്ന സൂചന. 2008 സെപ്റ്റംബർ മൂന്നിനു നടന്ന കവർച്ച മറ്റൊരു കൊലക്കേസിൽ പ്രതികളായ കുറെ രാഷ്ട്രീയ ക്രിമിനലുകൾക്ക് കോടതി വിധിച്ച പിഴയടയ്ക്കാനാണ് ഈ കവർച്ച നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഇപ്പോൾ പറയുന്നു. ബാങ്കിന്റെ സ്‌ട്രോംഗ്് റും കട്ടർ ഉപയോഗിച്ച് കുത്തിത്തുറന്ന് 23 കിലോഗ്രാം പണയസ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു. എട്ടു ലക്ഷം രൂപയുടെ കറൻസി ബാങ്കിലുണ്ടായിട്ടും കവർച്ചക്കാർ എടുത്തത് ഒരു ലക്ഷം രൂപ മാത്രം. തലശേരികൂത്തുപറമ്പ് റോഡിൽ കതിരൂർ ടൗണിൽനിന്നും നോക്കെത്തും ദൂരത്താണു തലയെടുപ്പുള്ള പൊന്ന്യം സർവ്വീസ് സഹകരണ ബാങ്ക്.
സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടാകുന്ന ഈ ബാങ്കിൽ 2008 സെപ്റ്റംബർ മൂന്നിനു ബുധനാഴ്ച നടന്ന കവർച്ചയെപ്പറ്റി അന്നു മുതലുണ്ടായിരുന്ന വൻദുരൂഹതകളുടെ ചുരുളുകൾ നിവരുന്നതിന്റെ സൂചനകളാണു കണ്ടുതുടങ്ങിയിരിക്കുന്നത്. കേരളത്തിലുണ്ടാകുന്ന ഭുരിഭാഗം കവർച്ചകളുടെയും പഴി തമിഴന്മാരുടെ തലയിൽ വച്ചശേഷം എഴുതിത്ത്ത്ത്ത്ത്ത്തള്ളുന്ന പ്രവണതയാണ് കേരളാ പൊലീസിലുള്ളത്. അതുപോലെ പൊന്ന്യം സഹകരണ ബാങ്ക് കവർച്ചയും തമിഴരുടെ ചുമലിൽ ചാർത്തി കേരളാ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു തടിതപ്പുകയായിരുന്നെന്ന ആക്ഷേപം അന്നേയുണ്ടായിരുന്നു.
രാഷ്ട്രീയ സംഘർഷങ്ങൾകൊണ്ട് കലുഷിതമായ മേഖലയാണ് പൊന്ന്യം സഹകരണ ബാങ്കും പരിസരവും സമീപപ്രദേശങ്ങളും. സിപിഐ.(എം)യും ആർഎസ്എസ്ബിജെപി. സംഘടനകളും പരസ്പരം ഏറ്റുമുട്ടുകയും ബോംബെറിയുകയും ചെയ്യുന്ന ഈ മേഖലയിൽ അപരിചിതരാരുംതന്നെ കടന്നു ചെല്ലാൻ ഭയപ്പെടുന്ന കാലത്താണ് പൊന്ന്യം ബാങ്ക് കവർച്ച നടന്നത്. രാപ്പകൽ ഭേദമില്ലാതെ കുടിപ്പക തീർക്കുന്ന ഇരുവിഭാഗവും ക്ലബുകളിലും വെയിറ്റിങ്ങ് ഷെൽട്ടറുകളിലും തമ്പടിച്ച് എതിരാളികളെ നിരീക്ഷിക്കുന്ന കാലം. അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെപ്പോലെ ശത്രുവിന്റെ നീക്കം ശ്രദ്ധിക്കുന്ന ഇരുസംഘടനകളേയും കബളിപ്പിച്ച് ഒരു വൻ കവർച്ച നടത്താൻ ആര് ധൈര്യപ്പെടുമെന്ന സംശയം അന്നേ ജനിച്ചിരുന്നു.
സിപിഐ.(എം). ഭരിക്കുന്ന സഹകരണ ബാങ്ക്. അന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് പാർട്ടിയുടെ കൈയിൽ ഭദ്രം. എന്നിട്ടും കേസന്വേഷിച്ച ലോക്കൽ പൊലീസിന് ഒരു തുമ്പുമുണ്ടാക്കാൻ കഴിഞ്ഞില്ല. പൊലീസ് അറിഞ്ഞ കാര്യം ബോധപൂർവ്വം മറച്ചുവക്കുകയായിരുന്നുവെന്ന് ബാങ്കിന്റെ ഓഹരി ഉടമകൾക്ക് സംശയമുണ്ടായിരുന്നു. ഒടുവിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. കാസർഗോഡ് പെരിയയിലെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് കവർച്ച ചെയ്ത തമിഴ് സംഘത്തെ കേസിൽ കുടുക്കാൻ പൊലീസ് തിരക്കഥ എഴുതിച്ചേർത്തു. കാര്യങ്ങളൊക്കെ എളുപ്പം നടത്തിയെടുക്കാൻ പൊലീസിലെ കുബുദ്ധികൾക്ക് കഴിഞ്ഞു. അന്നത്തെ ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായതിനാൽ ജനത്തെ ധരിപ്പിക്കാൻ പൊലീസ് നെട്ടോട്ടമോടി. കവർച്ച നടത്തിയത് തമിഴ്‌നാട്ടിലെ അയ്യനാർ സംഘമെന്ന് പൊലീസും പാർട്ടി നേതാക്കളും പ്രചരിപ്പിച്ചു.
പതിവുപോലെ, തമിഴ്‌നാട്ടിലെ മോഷണ വിഭാഗമായ അയ്യനാർ ഗ്രൂപ്പിലെ അംഗങ്ങളെ പിടിക്കാൻ ഐ.ജി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കം നടന്നു. കാസർഗോഡ് പെരിയ ബാങ്ക് കവർച്ചയിലെ നാലാം പ്രതി ചിന്നമുരുഗനിൽനിന്നും ലഭിച്ച വിവരമനുസരിച്ച് കേരളാ പൊലീസ് തമിഴ്‌നാട്ടിലേക്ക് കുതിച്ചു. പിന്നെ പൊലീസിന്റെ ഭാഷ്യം ഇങ്ങനെ. കവർച്ച നടത്തിയത് ഏഴംഗ അയ്യനാർ സംഘം. സംഘത്തിൽപ്പെട്ട കള്ളക്കുറിശ്ശി സ്വദേശികളായ തങ്കരാജ്, ഗണേശ് എന്നിവരെ വെല്ലൂർ സെൻട്രൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിലെ മറ്റൊരു മോഷണക്കേസിൽ വെല്ലൂർ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ.
ഇവരെ ചോദ്യം ചെയ്ത കേരളാ പൊലീസ് കള്ളക്കുറിശിയിലെ ഏഴുമലൈയിൽ മുടിയന്നൂർ സ്വദേശി വേൽമുരുകൻ എന്നിവരേയും പിടികൂടി വെറും നാലുകിലോ സ്വർണം അവരിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തു. ബാക്കി സ്വർണത്തെപ്പറ്റി യാതൊരു വിവരവുമില്ല. പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് പ്രതികളെ വലയിലാക്കിയെന്ന് പൊലീസ് അഭിമാനിക്കുകയും ചെയ്തു. ഈ കേസിലാണ് പുതിയ വെളിപ്പെടുത്തലുമായി പൊലീസ് ഇപ്പോൾ സജീവമാകുന്നത്.