ബുഡാപെസ്റ്റ്: നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം പൂജ ബത്ര. മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പൂജ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. ഹംഗറിയിൽ വച്ചാണ് ഇരുവും കണ്ടുമുട്ടിയത്.

മുപ്പത്തഞ്ചോളം ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ നിന്നു മായാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് പൂജ ബത്ര. ഹിന്ദി ഒഴിവാക്കിയാൽ ഏറ്റവുമധികം ചിത്രങ്ങൾ അവർ അഭിനയിച്ചിട്ടുള്ളത് മലയാളത്തിലുമാണ്, അഞ്ച് ചിത്രങ്ങൾ. അതിൽത്തന്നെ രണ്ട് ചിത്രങ്ങൾ പ്രിയദർശന്റെ സംവിധാനത്തിൽ എത്തിയവയുമാണ്. ചന്ദ്രലേഖയും മേഘവും. 1999 ഏപ്രിലിലാണ് മമ്മൂട്ടി നായകനായ മേഘം തിയറ്ററുകളിലെത്തിയത്.

പ്രിയ ഗിൽ നായികയായ ചിത്രത്തിൽ മമ്മൂട്ടിയുടെ മുൻ ഭാര്യയുടെ റോളിലായിരുന്നു പൂജ എത്തിയത്. ലഫ്റ്റനന്റ് കേണൽ രവി വർമ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. കേണലിന്റെ മുൻഭാര്യ സ്വാതിയുടെ വേഷത്തിലായിരുന്നു പൂജയെത്തിയത്.

മേഘം കൂടാതെ മറ്റ് നാല് മലയാള സിനിമകളിലും പൂജ വേഷമിട്ടിരുന്നു. മോഹൻലാൽ നായകനായ 'ചന്ദ്രലേഖ', ജയറാം നായകനായെത്തിയ 'ദൈവത്തിന്റെ മകൻ' എന്നിവയാണ് മറ്റ് രണ്ട് പ്രമുഖ ചിത്രങ്ങൾ. നീണ്ട 22 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ വീണ്ടും നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ചാണ് പൂജ ബത്ര ചിത്രങ്ങൾ പങ്കുവച്ചത്.

സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ഏജന്റ്' എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. ഹംഗറിയിലാണ് ചിത്രീകരണം. അവിടെനിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തെത്തിയിരുന്നു. ഹംഗറിയിൽ വച്ചാണ് തന്റെ പഴയ സഹതാരത്തെ അപ്രതീക്ഷിതമായി പൂജ ബത്ര കണ്ടുമുട്ടിയത്.

പ്രാതൽ കഴിക്കാനെത്തിയ ഹോട്ടലിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 'എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരങ്ങളിൽ ഒരാളായ മമ്മൂട്ടിക്കൊപ്പം. കണ്ടതിൽ ഒരുപാട് സന്തോഷം. നിങ്ങൾ തരിമ്പും മാറിയിട്ടില്ലല്ലോ', മേഘം എന്ന ഹാഷ് ടാഗിനും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾക്കുമൊപ്പം പൂജ ബത്ര ട്വീറ്റ് ചെയ്തു. ഭർത്താവ് നവാബ് ഷായ്‌ക്കൊപ്പം ഹംഗറിയിലാണ് പൂജ ഇപ്പോൾ ഉള്ളത്.

 

2017നു ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് അവർ. മേജർ രവി ചിത്രം കർമ്മയോദ്ധാ, ഹിന്ദി ചിത്രം മിറർ ഗെയിം എന്നിവയാണ് അവസാനം പുറത്തെത്തിയവ. അതേസമയം 'ഏജന്റി'ൽ മമ്മൂട്ടി അവതരിപ്പിക്കുന്നതും ഒരു പട്ടാള ഉദ്യോഗസ്ഥനെയാണ്. എന്നാൽ അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രമായിരിക്കും ഇത്.

2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്റെ ആഹ്‌ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികൾ. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‌കരിച്ച ചിത്രത്തിൽ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന 'പുഴു'വാണ് അടുത്തിടെ മമ്മൂട്ടി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം. അമൽ നീരദിന്റെ 'ഭീഷ്മ പർവ്വ'മാണ് പുറത്തിറങ്ങാനുള്ള മറ്റൊരു മമ്മൂട്ടി ചിത്രം.