മുംബൈ: 22കാരിയായ ടിക് ടോക് താരത്തിന്റെ ആത്മഹത്യ വിവാദമായതിന് പിന്നാലെ മഹാരാഷ്​ട്ര വനംമന്ത്രി രാജിവെച്ചു. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമായ സഞ്​ജയ്​ റാത്തോഡാണ് 'ടിക്​ ടോക്​' താരം പൂജ ചവാന്റെ ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണങ്ങളെ തു‌ടർന്ന് രാജിവെച്ചത്. നാളെ സംസ്​ഥാന നിയമസഭ ബജറ്റ്​ സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ്​ ഇന്ന് മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ കണ്ട്​ സഞ്​ജയ്​ റാത്തോഡ് രാജിക്കത്ത്​ നൽകിയത്​. റാത്തോഡിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മർദം ചെലുത്തിയിരുന്നു.

കഴിഞ്ഞ ഏഴിനാണ്​ പുണെയിൽ സഹോദരൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണ്​ പൂജ മരിച്ചത്​. ആദിവാസി ബഞ്ചാര സമുദായത്തിലെ അംഗമായിരുന്നു പൂജ. ബീഡ് ജില്ലയിലെ പാർലി വൈജ്നാഥ് സ്വദേശിയായിരുന്നു. വിദ്യാഭ്യാസത്തിന്റെ ഭാ​ഗമായി ഒരു കോഴ്‌സിൽ പങ്കെടുക്കാനാണ് പൂണെയിൽ എത്തിയത്. ഫെബ്രുവരി 7 ന് പുലർച്ചെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തിന് ശേഷം പൂജയ്‌ക്കൊപ്പം താമസിക്കുന്ന രണ്ടുപേർ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിനിടയിലാണ് പൂജക്ക് മന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും പുറത്ത് വന്നിരുന്നു. സഞ്ജയ്​ റാത്തോഡും പൂജയുടെ ബന്ധുവും തമ്മിൽ നടത്തിയതായി ആരോപിക്കുന്ന ഫോൺ സംഭാഷണങ്ങളുടെ ഓഡിയോ ക്​ളിപ്പുകൾ ചോർന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസ്​ രംഗത്തെത്തുകയായിരുന്നു. പൂജയുടെ ഗർഭമലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയമുനയിലാക്കി.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ​ ഉത്തരവിനെ തുടർന്ന്​ അന്വേഷണം നടക്കുന്നുണ്ട്​. കഴിഞ്ഞ 16ന്​ മുഖ്യനെ കണ്ട്​ റാത്തോഡ്​ രാജി സന്നദ്ധത അറിയിച്ചെങ്കിലും ബഞ്ചാര സമുദായത്തിന്റെ സമ്മർദം ഭയന്ന് സ്വീകരിച്ചിരുന്നില്ല. അതേസമയം, മന്ത്രിക്കെതിരായ ആരോപണങ്ങൾ പൂജയുടെ ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്​.