തിരുവനന്തപുരം: കേരളത്തിലെ സിപിഎം പ്രവർത്തകർ സമ്മേളനങ്ങളുടെ തിരക്കിലാണ്. ജില്ലാ സമ്മേളനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഓരോ സമ്മേളനങ്ങളിലും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടു പങ്കെടുക്കുന്നുമുണ്ട്. ജില്ലാ ഭാരവാഹികളുടെ കുറ്റവും കുറവുമൊക്കെ അദ്ദേഹം എടുത്തു പറയുകയും ചെയ്യുന്നു. പത്തനംതിട്ട സമ്മേളനത്തിൽ വെച്ച് വ്യക്തിപൂജയുടെ പേരിൽ ചിലരെ കർശന ഭാഷയിൽ വിമർശിക്കുകയും ചെയ്തു കോടിയേരി. അങ്ങനെയുള്ള പാർട്ടി സെക്രട്ടറി പാർട്ടി നയത്തിന് വിരുദ്ദമായി പ്രവർത്തിച്ചോ? ചോദ്യം ഉയർത്തുന്നത് മറ്റാരുമല്ല. ബിജെപി മുഖപത്രമായ ജന്മഭൂമിയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുദോഷ പരിഹാരത്തിനു പൂജ നടന്നുവെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശ്വാസ കാര്യങ്ങളിൽ മറ്റു പാർട്ടി നേതാക്കളേക്കാൾ ഒരുപടി മുന്നിലാണ് കോടിയേരിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷവും കോടിയേരിയുടെ വീട്ടിൽ കുടുംബപൂജ നടന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടിയേരിയുടെ വീട്ടിൽ ശത്രുദോഷ പരിഹാരത്തിനു പൂജ നടന്നെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്തത്.

കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ നടന്നതെന്നാണ് ജൻഭൂമി പത്രം പുതവത്സര ദിനത്തിൽ നൽകിയ ചൂടുള്ള വാർത്ത. വി പി ജിതേഷാണ് വാർത്താ ലേഖകൻ. ആരുടെ നേതൃത്വത്തിലാണ് പൂജ നടന്നതെന്ന വിവരം അടക്കം ജൻഭൂമി വാർത്തയിൽ പറയുന്നുണ്ട്.

കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് വാർത്തയിൽ പറയുന്നത്. സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചനയും പത്രം നൽകുന്നുണ്ട്.

വീടിനു സമീപത്തെ പ്രസിദ്ധക്ഷേത്രമായ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയിൽ അപരിചിതരായ ബ്രാഹ്മണന്മാർ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകർമ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നും വാർത്തയിൽ പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വർഷവും കോടിയേരിയുടെ തറവാട്ടിൽ കുടുംബാംഗങ്ങൾ ദോഷങ്ങൾക്ക് പരിഹാരമായി പൂജകൾ നടത്തിയത് വാർത്തയായിരുന്നു. തറവാട് ജോത്സ്യരുടെ നിർദ്ദേശമനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയതായും സൂചനയുണ്ട്.- ജന്മഭൂമി പറയുന്നു.

തുടർന്ന് പത്രം പറയുന്നത് ഇങ്ങനെയാണ്: ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്റെ പേരിൽ പാർട്ടി പ്രാദേശിക ഭാരവാഹികൾക്കും അംഗങ്ങൾക്കും പാർട്ടി അണികൾക്കുമെതിരെ നടപടിയെടുക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാർട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചർച്ചയായിട്ടുണ്ട്. ഏതാനും വർഷം മുമ്പ് കോടിയേരിക്കു വേണ്ടി കാടാമ്പുഴയിൽ പൂമൂടൽ പൂജ കഴിച്ചത് ഏറെ വിവാദമായിരുന്നു. ഗുരുവായൂർ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിച്ച പാർട്ടിയുടെ സെക്രട്ടറിയുടെ വീട്ടിൽ പൂജ നടത്തിയതിലെ വിരോധാഭാസവും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തിൽ കടകംപള്ളി ഗുരുവായൂർ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരിൽ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുതിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടിയേരിയാണ് അന്നത്തെ സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ചത്. വിവാദം ഒഴിവാക്കാൻ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദർശനം പാർട്ടിക്ക് അകത്തും പുറത്തും വിമർശനത്തിന് ഇടയാക്കിയെന്നും ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്തായാലും സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്ന വേളയിൽ തന്നെയാണ് ബിജെപി മുഖപത്രം കോടിയേരി ബാലകൃഷ്ണനെതിരെ വാർത്ത എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരേ മനസോടെ തന്നെയാണ് പാർട്ടിയെ നയിക്കുന്നത്. അവശേഷിക്കുന്ന വി എസ് വിഭാഗത്തെ വെട്ടിനിരത്താൻ വേണ്ട ഒത്താശയെല്ലാം ഇവർ ചെയ്യുന്നുമുണ്ട്. ഓരോ സമ്മേളനങ്ങളിലും പാർട്ടി അച്ചടക്കത്തെ കുറിച്ചും മറ്റും ഇരുനേതാക്കളും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ജന്മഭൂമി പാർട്ടി സെക്രട്ടറിയുടെ വീട്ടിലെ പൂജയെ കുറിച്ച് വാർത്തയെഴുതിയത്. എന്തായാലും വാർത്തയോട് സിപിഎം നേതാക്കളാരും പ്രതികരിച്ചിട്ടില്ല. പാർട്ടിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വാർത്തയെ കാണാനാണ് സഖാക്കൾക്ക് താൽപ്പര്യവും.