ടെക്‌സാസ്: കൗമാരക്കാർ നടത്തിയ പൂൾ പാർട്ടിക്കിടെ ഉണ്ടായ ബഹളം നിയന്ത്രിക്കാനെത്തിയ പൊലീസ് ഓഫീസർ പതിനഞ്ചുകാരിയോട് കാട്ടിയ അതിക്രമത്തിന്റെ വീഡിയോ വൈറലായി. കൂടാതെ സ്ഥലത്തുണ്ടായിരുന്ന മറ്റ് നിരായുധരായ കൗമാരക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും ചെയ്ത പൊലീസ് ഓഫീസറെ അവസാനം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തിരിക്കുകയാണിപ്പോൾ.

കറുത്ത വർഗക്കാരോട് പൊലീസ് ഓഫീസർമാർ കാട്ടുന്ന അതിക്രമം അടുത്തകാലത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഏറ്റവുമൊടുവിലായി നടന്ന ഈ സംഭവം അമേരിക്കയിലെങ്ങും ചർച്ചാവിഷയമായിരിക്കുകയാണ്. ടെക്‌സാസിൽ നിന്നും 30 മൈൽ അകലെയുള്ള മക്കിനിയിലാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ അതിക്രമം അരങ്ങേറിയത്. കറുത്ത വർഗക്കാരായ കൗമാരക്കാർ നടത്തിയ പൂൾ പാർട്ടിക്കിടെ കലഹം നടന്നത് നിയന്ത്രിക്കാനാണ് പൊലീസ് ഓഫീസർമാർ എത്തിയത്. പാർട്ടി നടന്ന പൂളിൽ ജൂവനൈൽ ഹോമുകളിൽ നിന്നുള്ളവർക്ക് പ്രവേശനമില്ലെന്ന പരാതിയാണ് മക്കിനി പൊലീസിന് ആദ്യം ലഭിച്ചതെങ്കിലും പിന്നീട് ഇവർക്കിടയിൽ തമ്മിൽത്തല്ല് നടക്കുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.

പാർട്ടിക്കിടെ ഏറ്റുമുട്ടുന്ന കൗമാരക്കാരെ നിയന്ത്രിക്കാനെത്തിയ പൊലീസ് ഓഫീസർമാരിൽ ഒരാൾ പക്ഷേ, ബിക്കിനി ധരിച്ച പതിനഞ്ചുകാരിയെ തള്ളി നിലത്തിടുകയും മുടിക്കുത്തിൽ പിടിച്ചുവലിച്ച് മർദിക്കുകയും ചെയ്യുന്ന വീഡിയോ സംഭവ സ്ഥലത്തു നിന്ന് ഒരാൾ പകർത്തുകയായിരുന്നു. നിലത്തു വീണ പെൺകുട്ടിയുടെ പുറകുഭാഗത്ത് മുട്ടുകാലിൽ നിന്ന് പൊലീസ് ഓഫീസർ മർദിക്കുന്ന ദൃശ്യവും വ്യക്തമായതോടെ സംഭവം എങ്ങും ചർച്ചാ വിഷയമാകുകയായിരുന്നു. പെൺകുട്ടിയുടെ സമീപത്തേക്കു വന്ന മറ്റു യുവാക്കളെ ഓഫീസർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും അവരുടെ പിന്നാലെ തോക്കുമായി ഓടുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ.

എറിക് കേസ്‌ബോട്ട് എന്ന പൊലീസുകാരനാണ് വീഡിയോയിലെ വിവാദനായകൻ. കറുത്തവർഗക്കാരോട് വെള്ളക്കാരായ പൊലീസ് ഓഫീസർമാർ കാട്ടുന്ന ഇത്തരം അനീതിക്കെതിരേ പല ഭാഗത്തു നിന്നും  രൂക്ഷമായി വിമർശനം ഉയർന്നുകൊണ്ടിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ഫെർഗൂസനിൽ മൈക്കിൾ ബ്രൗൺ എന്ന യുവാവ് പൊലീസിന്റെ വെടിയേറ്റു മരിച്ചതിന് പിന്നാലെ ആഭ്യന്തര കലാപം വരെ ഫെർഗൂസനിൽ അരങ്ങേറിയിരുന്നു. ഈ വർഷം ആദ്യം നോർത്ത് കരോലിനയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.