റ്റക്ക് ഒറ്റക്ക് എടുത്ത് ഓരോ ചെറുരംഗങ്ങളും നോക്കുമ്പോൾ നല്ല രസമുണ്ട്.എന്നാൽ അത് മാലകോർത്ത് ചലച്ചിത്രമായി വരുമ്പോൾ ഒന്നുമില്ല.മലപോലെ വന്നത് എലിപോലെയായി എന്ന നിലയിലാണ് യുവതലമുറയിലെ പ്രതിഭാധനനായ എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിച്ച്,നമ്മുടെ ജയറാമിന്റെ മകൻ കാളിദാസനെ നായകനാക്കിയെടുത്ത 'പൂമരം' എന്ന ചിത്രത്തിന്റെ അവസ്ഥ. പൂമരപ്പാട്ടിന്റെ തരംഗത്തിനിടയിലും ചിത്രം എന്തിനാണ് ഒന്നരവർഷത്തോളം വൈകിപ്പിച്ചതെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു ഉത്തരമേ ഉണ്ടാവൂ.എങ്ങനെ പടം മുന്നോട്ടുകൊണ്ടുപോവണമെന്നോ കൈ്‌ളമാക്‌സ് എന്താകണമെന്നോ സംവിധായകനുപോലും ധാരയില്ല എന്നതുതന്നെ.(ഈ തിരക്കഥയില്ലാതെ പടം പിടിക്കുകയെന്നൊക്കെ പറയുന്നത് കിം കി ഡുക്കിനെപ്പോലുള്ളവർക്കാണ് നടക്കുക.അതിന് അസാമാന്യ പ്രതിഭവേണം സർ.)

ഈ ചിത്രം സത്യത്തിൽ കാമ്പസ് കലോത്സവത്തെപ്പറ്റിയുള്ള നല്‌ളൊരു ഡോക്യുമെന്റിയാണ്.കൊതിപ്പിക്കുന്ന ഫ്രയിമുകളിലൂടെയും, ഇമ്പമാർന്ന ഗാനത്തിന്റെ അകമ്പടിയിലൂടെയും,കാമ്പസ് കലോത്സവത്തിനുള്ളിൽ പ്രേക്ഷകൻ പെട്ടുപോയ അവസ്ഥയുണ്ടാക്കാൻ സംവിധായകന് കഴിയുന്നുണ്ട്.സോ വാട്ട്, ഇനി യെന്ത് എന്നിടത്താണ് പിഴച്ചത്.ആ പ്രമേയത്തിലേക്ക് സിനിമാറ്റിക്ക് ആയ ഒരുകഥയെ കൊണ്ടുവരാനോ,ബോറടിയില്ലാതെയുള്ള ഒരു കാഴ്ചാനുഭവം നൽകാനോ ചിത്രത്തിന് കഴിഞ്ഞില്ല.കഥയിലെ നിലവാരത്തകർച്ചതന്നെയാണ് പൂമരത്തെ കാതലില്ലാത്ത പടുമരമാക്കുന്നത്.പക്ഷേ ഒരുകാര്യത്തിൽ സംവിധായകനെ സമ്മതിക്കണം.കാമ്പസ് ചിത്രങ്ങളെന്നപേരിൽ സമീപകാലത്ത് ഇറങ്ങിയ പടപ്പുകളെപ്പോലെ മദ്യപാനവും,ഓഞ്ഞ തമാശകളും, അശ്‌ളീല- ദ്വയാർഥ ഡയലോഗുകളും, മുട്ടിനുമുട്ടിന് പ്രണയവും,അന്ധമായ രാഷ്ട്രീയ വിധേയത്വവും ഈ ചിത്രത്തിൽ കയറ്റിവിട്ടിട്ടില്ല.

കാളിദാസ് ജയറാമിന്റെ അഭിനയവും 'വൗ',എന്നും 'ഔട്ടസ്റ്റാൻഡിങ്ങ്' എന്നുമെന്നും തള്ളാനുള്ള വകുപ്പിലുമല്ല.ശരാശരി മാത്രം.ആദ്യത്തെ കുറേ രംഗങ്ങളിൽ തുടക്കക്കാരന്റെ പതർച്ചയും,മുണ്ടും ഷർട്ടുമടങ്ങുന്ന വേഷത്തിന്റെ വഴങ്ങായ്കയും പ്രകടമാണ്.ഈ കഥാപാത്രത്തിന് കാര്യമായി പേർഫോംചെയ്യാനുള്ള വകുപ്പും ഈ പടത്തിലില്ല.ഉള്ളത് കാളിദാസ് മോശമാക്കിയിട്ടുമില്ല. പക്ഷേ കാളിദാസനെ അപ്രസക്തനാക്കിക്കൊണ്ട് ഈ പടം കൊണ്ടുപോയത് നായിക നീത പിള്ളയാണ്.'പ്രേമത്തിലെ' മലരിന്റെ പ്രകടനംപോലെ നീത വൈറലാവുകയാണ്.ചിത്രം കഴിഞ്ഞ എല്ലാവരും അന്വേഷിക്കുന്നത് ഈ കുട്ടി ഏതാണെന്നാണ്.അഡാർ ലൗവിലെ പ്രിയാവാര്യർക്കുശേഷം ഒരു നടി ഇത്രയേറെ ചർച്ചചെയ്യപ്പെടുന്നത് ഇതാദ്യം.

ഇതാ ഒരു കലോത്സവ ഡോക്യുമെന്റി

പണ്ടെങ്ങാണ്ട് ഒരു ചക്കയിട്ടപ്പോൾ മുയല് ചത്തുവെന്ന് കരുതി, ചക്കയിടുമ്പോഴൊക്കെ മുയലിറച്ചി തിന്നാമെന്ന് വെള്ളമിറക്കുന്നതുപോലാണ് സംവിധായകൻ എബ്രിഡ് ഷൈനിന്റെ കാര്യം. അദ്ദേഹത്തിന്റെ മുൻചിത്രമായ 'ആക്ഷൻ ഹീറോ ബിജു', നിയതമായ ഒരു കഥാഫോർമാറ്റ് ഇല്ലാതെ ഒരു പൊലീസ് സ്റ്റേഷനിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളെ പിന്തുടരുകയാണ്.ബിജുവിലേതുപോലെ, എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിന് ഒരുങ്ങുന്ന ഒരുപറ്റം കുട്ടികളെ പിന്തുടരുകയാണ് ചിത്രം.പക്ഷേ ബിജുവിൽ ഒരു തുണ്ട് ബോറടിയില്ലായിരുന്നെങ്കിൽ, പൂമരത്തിലെ പലരംഗങ്ങളും വിശിഷ്യാ ആദ്യപകുതി ബാറടിയാണ്. കഥകളിയും ഓട്ടൻതുള്ളലും, മിക്രിയും, ചാക്യാർകൂത്തും, ഭരതനാട്യവും, മൈമും, ചില്ലറ അടിപടിയും, വായ്‌നോട്ടവും,ജഡ്ജിമാരെ തെറിപറയലുമൊക്കെയായി കാമ്പസ് കലോത്സവത്തിന്റെ നടുവിൽ വന്ന് നിൽക്കുന്ന ഫീൽ പ്രേക്ഷന് കിട്ടുമെങ്കിലും അതിനെ ഒരു ഫീച്ചർ ഫിലിമാക്കാൻ പറ്റിയ കഥാവികാസത്തിന് സംവിധായകന് കഴിയുന്നില്ല.

എം.ജി വാഴ്‌സിന്റെ കലോത്സവത്തിന് ഒരുങ്ങുന്ന മഹാരാജാസിലെയും സെന്റ് തേരാസാസ് ഗേൾസ് കോളജിലെയും വിദ്യാർത്ഥികളെ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.പക്ഷേ ആദ്യ സീനിൽ തന്നെ ചിത്രത്തിന്റെ അമച്വർ സ്വഭാവംപ്രകടമാണ്.മഹാരാജാസ് കോളജിലെ യൂണിയൻ ചെയർമാൻ കൂടിയായ ഗൗതമനും (ചിത്രത്തിൽ കാളിദാസ്) അദ്ദേഹത്തിന്റെ ശിൽപ്പിയായ പിതാവും ചേർന്ന് കല എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഒരു സോദ്ദ്യേശ്യ പ്രഭാഷണമാണ്.നാടക ഡയലോഗുകൾപോലുള്ള ഈ രംഗം കഴിയുമ്പോഴേക്കും കോട്ടുവാ കൂട്ടിനത്തെും. കഴിഞ്ഞ അഞ്ചു വർഷങ്ങളായി സെന്റ് തേരസാസിന്റെ കുത്തകയാണ് കലോത്സവ കിരീടം.ഇത്തവണ അത് തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ചാണ് മഹാരാജാസ് വരുന്നത്. വിട്ടുകൊടുക്കില്‌ളെന്ന് തേരസാസിലെ പെൺപുലികളും. തുടർന്നങ്ങോട്ട് ചില സീനുകൾ ചടുലമാണ്.പ്രത്യേകിച്ച് സെന്റ് തേരസാസ് ഗേൾസ് കോളജിനെ ചുറ്റിപ്പറ്റി പ്രമേയമത്തെുമ്പോൾ.ഒന്നാന്തരം പ്രകടനമാണ് ആ രംഗങ്ങളിൽ പെൺകുട്ടികൾ നടത്തുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട കോളജാണ് സെന്റ് തേരസാസ്.

സമ്പന്നരുടെ മക്കൾ മാത്രം പഠിക്കുന്ന ജാട കോളജ് എന്ന തെറ്റിദ്ധാരണയും,സുന്ദരികളായ പെൺകുട്ടികൾക്കുനേരയുള്ള മല്ലുഫെയിം സൂക്കേടായ അപവാദപ്രചാരണവും ചേർന്നാണ് ഈ സെന്റ്‌തേരസാസ് കഥകൾ മലയാളത്തിൽ പടർന്നുപിടിച്ചത്.( ഒരു പാൽക്കാരൻ ചെക്കനെ ഹോസ്റ്റലിൽ കുറേ പെൺകുട്ടികൾ ബലാൽസംഗം ചെയ്തുകൊന്നുവെന്ന കെട്ടുകഥപോലും സെന്റ്‌തേരസാസിന്റെ പേരിലാണ് പ്രചരിച്ചിരുന്നത്! )ആശ്വാസം.ഈ പടം ആ അപവാദ വ്യവസായത്തിനും സ്ത്രീവിരുദ്ധതക്കും വളമേകുന്നില്ല. മഹാരാജാസുകാർ പിരിവെടുത്താണ് കലോത്സവത്തിന് എത്തുന്നെങ്കിൽ നമ്മൾ കഷ്ടപ്പെട്ട് സ്‌പോൺസറെ കണ്ടത്തെിയാണ് മേളക്ക് എത്തുന്നതെന്ന് സെന്റ്‌തേരസാസിലെ കുട്ടികൾ ഒരിടത്ത് പറയുന്നുണ്ട്.

അതപോലെതന്നെ മഹാരാജാസ് കാമ്പസിനെയും എസ്.എഫ്.ഐയെയും അമിതമായ കാൽപ്പനികവത്ക്കരിക്കുന്ന നടപ്പുരീതിയും ഈ പടം മാറ്റിപ്പിടിക്കുന്നുണ്ട്.മഹാരാജാസ് നൊസ്റ്റാൾജിയ ചിത്രത്തിന്റെ ഭാഗാമണെങ്കിലും അതിൽ അഭിരമിക്കുന്നില്ല എന്ന ആശ്വാസമുണ്ട്.നായകൻ സ്വാഭാവികമായും എസ്.എഫ്.ഐ ആയതുകൊണ്ട് മറ്റ് സംഘടനകളെ ഇകഴ്‌ത്തുന്ന രീതിയും ഇവിടെയില്ല.അവസാനം എല്ലാവരുംചേർന്ന് ഇൻക്വിലാബ് വിളിക്കുന്ന 'വിപ്‌ളവ' സിനിമയല്ല ഇത്.സെന്റ്‌തോരസാസിലെ യൂനിയൻ ചെയർപേഴ്‌സനായ നായികയും,മഹാരാജാസിലെ യൂണിയൻ ചെയർമാനായ നായകനും കവിതക്ക് ഒന്നാം സമ്മാനം പങ്കിട്ടിട്ടും അവർ തമ്മിലുള്ള ഒരു പ്രേമം ബിൽഡപ്പ് ചെയ്യാത്തതിലും സംവിധായകനോട് നാം നന്ദിയുള്ളവയാരിക്കും.പക്ഷേ അവർ തമ്മിൽ ചിത്രത്തിൽ സംസാരിക്കുന്നുപോലുമില്ല.പാസിങ്ങ് ഷോട്ടുകൾ മാത്രം.ഇത് വ്യത്യസ്തതക്കുവേണ്ടിയുള്ള വ്യത്യസ്തതയായും യാന്ത്രികമായും തോനുന്നുണ്ട്.

ട്രാൻസ്‌ജെൻഡറുകൾ അടക്കമുള്ളവരോടുള്ള സമീപനം ഉദാരമാക്കിയതിനും സംവിധായകൻ അഭിവാദ്യം അർഹിക്കുന്നു.നൃത്താധ്യാപകരെയംമറ്റും വികലമായി ചിത്രീകരിക്കുന്ന പതിവ് രീതി ഈ പടത്തിലില്ല.അൽപ്പം നർമ്മം ചേർത്തുവെന്ന് മാത്രം.എബ്രിഡിന്റെ 'ആക്ഷൻഹീറോ ബിജു',മുടിനീട്ടിവളർത്തിയവൻ തൊട്ട് കറുത്തവർ വരെയുള്ളവർക്ക് നേരയുള്ള ഒരു സാംസ്കാരിക പ്രത്യാക്രമണമായിരുന്നു.

പക്ഷേ ഇങ്ങനെയാക്കെയാണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുക എന്ന പ്രാഥമിക സംവിധായക ദൗത്യം എബ്രിഡ് ഈ പടത്തിൽ മറന്നുപോയിരക്കുന്നു.മൈം അടക്കമുള്ള കലോത്സരംഗങ്ങൾ സീന്മാറാതെ കാട്ടിയും, മുട്ടിനുമുട്ടിന് അന്തരീക്ഷത്തിൽനിന്ന് വരുന്ന പാട്ടുകളും ചേർത്ത് ആദ്യപകുതിയിൽ പലയിടത്തും പ്രേക്ഷകർക്ക് ബോറടിക്കുന്നുണ്ട്.എന്തിനോ വേണ്ടിയെന്നോണം കഥ നീങ്ങുകയാണ്.മനോഹരമായ ഫ്രെയിമുകളെ ഇങ്ങനെ കഥയില്ലാതെ നശിപ്പിച്ച സംവിധയകന്റെ തലയ്ക്ക്,പങ്കായംപൊക്കി ഒന്ന് കൊടുക്കാനാണ് ഈ സമയത്ത് തോന്നുക.രണ്ടാം പകുതി അൽപ്പം നർമ്മമൊക്കെയുള്ളതുകൊണ്ട് ഭേദമാണ്. വെറുതെ കുറേ സംഭവങ്ങൾ കോർത്തിട്ടാൻ അത്ചലച്ചിത്രമാവില്ലല്ലോ. കുറ്റം പറയരുത്.എബ്രിഡ് രംഗങ്ങൾ ഒന്നാന്തരമായി സംവിധാനിച്ചിട്ടുണ്ട്.പക്ഷേ അതിന് ഹോൾഡ്‌ചെയ്യാനുള്ള പ്രമേയ ഭദ്രത ചിത്രത്തിനില്ല.

കഥയുടെ ഫോക്കസില്ലായ്മക്ക് ഉദാഹരണമായി കൈ്‌ളാമക്‌സിനോട് അനുബന്ധിച്ച് 'ആക്ഷൻഹീറോ ബിജുവിലെ' പൊലീസ് സ്റ്റേഷൻ തിരിച്ചുവരുന്നുണ്ട്.സുപ്രീം കോടതി ജഡ്ജിയെപ്പോലെ അധികാരമുള്ളതായി തോനുന്ന എസ്.ഐയായി ജോജുജോർജ് വന്ന് സാഹിത്യവും വേദാന്തവും കൂട്ടിച്ചേർത്ത് വെറുപ്പിക്കുന്നു.അതും കാമ്പസും കലോത്സവത്തിലും മാത്രം ശ്രദ്ധിച്ച് നീങ്ങുന്ന കഥാഘടനയിലാണ് ദീർഘനേരത്തെ പൊലീസ് സീൻ വരുന്നത്.പൊലീസ് ബാധ എബ്രിഡിനെ പൂർണമായും വിട്ടിട്ടില്‌ളെന്ന് ചുരുക്കം.

നായകന്റെ പിതാവ് അച്ചടിഭാഷയിൽ ഗൗതമനെ കഥാന്ത്യത്തിലും ഉപദേശിക്കുന്നത് കാണുമ്പോൾ ശരിിക്കും ചിരിച്ചുപോയി.മഹാരാജാസിലെ യൂനിയൻ ചെയർമാനായ മകനോട്,കുട്ടികൾ തല്ലുണ്ടാക്കി ആശുപത്രിയിലായത് ചൂണ്ടിക്കാട്ടി 'മകനെ അത് നിന്റെ കുഴപ്പമാണ്.നീ നല്‌ളൊരു നേതാവ് അല്ലാത്തതുകൊണ്ടാണ് അവരെ നിയന്ത്രിക്കാൻ കഴിയാത്തത്' എന്നാണ് അച്ഛൻ പറയുന്നത്.സാമൂഹ്യബന്ധങ്ങളെക്കുറിച്ച് എന്തെങ്കിലും ധാരണയുള്ളവർ ഇങ്ങനെ എഴുതിവെക്കുമെന്ന് തോനുന്നില്ല.ഒരു വലിയ കോളജിലെ കുട്ടികളെ മുഴുവൻ നേർവഴിക്ക് നടത്തേണ്ടത് ആരാണ്. ആ കോളജിലെ യൂണിയൻ ചെയർമാൻ.കൊള്ളാം! ഇങ്ങനെയുള്ള ഒരു ലളിതവത്ക്കരണ യുക്തിയായിപ്പോയി 'പൂമരം' മൊത്തത്തിൽ.കാമ്പസിനായി എടുത്ത ഒരു ഗുണപാഠ കഥ മാത്രം. കണ്ടുവരുമ്പോഴാണ് 'പൂമരം' കാതലില്ലാത്ത പൊള്ളയാണെന്ന് നാം അറിയുക.

കാളിദാസനേക്കാൾ കസറിയത് നീത പിള്ള

കാളിദാസന്റെ മഹാരാജാസ് കൂട്ടത്തേക്കാൾ ചിത്രത്തെ ചൈതന്യവത്താക്കുന്നത് സെന്റ്‌തേരസാസ് സംഘത്തിലെ പെൺകുട്ടികളാണ്.ഐറിൻ എന്ന പേരുള്ള സെന്റ്‌തേരസാസിലെ യൂണിയൻ ചെയർമാനെ അവതരിപ്പിച്ച നീത പിള്ള മലയാള സിനിമയുടെ ഭാവിയാണ്.കപ്പ് നമ്മൾ തന്നെ നേടുമെന്നൊക്കെ പറഞ്ഞ് ആദ്യപകുതിയിലെ നീതയുടെ പ്രസംഗമൊക്കെ ഫയർ തന്നെയാണ്.കുട്ടികളെ പ്രചോദിപ്പിച്ചും പ്രോൽസാഹിപ്പിച്ചും നീത ലിഫ്റ്റ്‌ചെയ്യുന്ന രംഗങ്ങളൊക്കെ കാണേണ്ടതാണ്.

ആരും പ്രണയിച്ചുപോകുന്ന മുഖശ്രീയുള്ള ഈ കുട്ടിക്ക് ഒരു ലൗസോങ്ങ് കൊടുത്തിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചുപോവും.ഏത് കാമ്പസും അൽപ്പം പൈങ്കിളി തന്നെയാണ് സാർ. നീതക്കൊപ്പം വേഷമിട്ട മറ്റ് പെൺകുട്ടികളും സൂപ്പർ.മഹാരാജാസ് ടീമിനേക്കാളും എനർജി പാക്ക്ഡ് പ്രകടനം ഇവരുടേതാണ്. സംഗീതത്തിൽ മുങ്ങിക്കൂളിച്ച ചിത്രമാണ് പൂമരം.കലക്കത്ത് കുഞ്ചൻ നമ്പ്യാരെതൊട്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ വരെ ചിത്രത്തിന്റെ ടൈറ്റിലിൽ എഴുതിക്കാണിക്കുന്നുണ്ട്.ഒരോ പാട്ടിനും ഓരോ എഴുത്തുകാരും സംഗീത സംവിധായകരും.ഇത്രയും വലിയ ഒരു മ്യൂസിക്ക് ടീം അണിനിരന്ന ചിത്രം വേറെയുണ്ടോയെന്ന് സംശയമാണ്.പക്ഷേ ആ ബ്രഹത്ത് ടീമിന്റെ ഗുണം ചിത്രത്തിന്റെ സംഗീതവിഭാഗത്തിന് കിട്ടിയിട്ടില്ല.

വൈറലായ പൂമരപ്പാട്ട് ഒഴിച്ചാൽ (അതിന്റെ വരികളുടെ അർഥമൊക്കെ അവിടെ നിൽക്കട്ടെ) ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ മാത്രമാണ് ഹൃദയത്തിൽ തൊടുന്നത്.ബാക്കിയുള്ളവ 'കേട്ടിരിക്കാം' എന്ന മലയാളിയുടെ സ്ഥിരം നമ്പറിൽ ഒതുക്കാം.അത്രമാത്രം.

വാൽക്കഷ്ണം: റിലീസിങ് സമയത്തെക്കുറിച്ചൊന്നും മലയാള ചലച്ചിത്ര വ്യവസായത്തിന് ഇപ്പോഴും തരിമ്പും ബോധ്യമില്‌ളെന്നും പൂമരവും തെളിയിക്കുന്നു.രണ്ടു വർഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ ചിത്രം ഇറക്കിയ സമയം നോക്കുക.ഈ പടം ലക്ഷ്യമിടുന്ന പ്രേക്ഷകരായ കാമ്പസ് സമൂഹം മൊത്തമായി പരീക്ഷയും അസൈന്മെൻസുമായി ഓടിനടക്കുന്ന സമയത്ത്! നല്ല ബെസ്റ്റ് ടൈം.ഇനി പരീക്ഷാക്കാലം കഴിഞ്ഞ് യുവാക്കൾ തീയേററിലേക്ക് എത്തുമ്പോഴേക്കും ചിത്രം ഹോൾഡ് ഓവറും ആവും.ഇത്രയും കാത്തിരുന്ന ഇതിന്റെ ടീമിന് ഒരു രണ്ടാഴ്ച കൂടി കാത്തിരുന്നാൽ വല്ല കുഴപ്പവും ഉണ്ടാകുമായിരുന്നോ.ഒരു രീതിയിലും ചിത്രം വിജയിക്കാൻ സമ്മതിക്കില്‌ളെന്ന് നിർമ്മാതാക്കൾതന്നെ വാശിപിടിച്ചാൽ പാവം പ്രേക്ഷകർക്ക് എന്തുചെയ്യാൻ കഴിയും.