കോട്ടയം: സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ കേരളത്തിന്റെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മികച്ച നേട്ടമുണ്ടായപ്പോൾ ശരിക്കും ഞെട്ടിയത് പൂഞ്ഞാറിലായിരുന്നു. മൂന്ന് മുന്നണികളെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച പി സി ജോർജ്ജ് വലിയ വിജയമാണ് നേടിയത്. ഈ ജയത്തിന് പിന്നിൽ എല്ലാ പാർട്ടികളിൽ നിന്നുമുള്ള നിർലോഭമായ സഹായം ജോർജ്ജിന് ലഭിച്ചുവെന്ന കാര്യവും ഉറപ്പായിരുന്നു. സിപിഎമ്മിൽ നിന്നു തന്നെയാണ് ഏറ്റവും അധികം സഹായം ജോർജ്ജിന് ലഭിച്ചത്. പൂഞ്ഞാറിലെ തോൽവി അന്വേഷികകാൻ സിപിഐ(എം) നിയോഗിച്ച സംസ്ഥാന സമിതിയുടെ റിപ്പോർട്ട് പ്രകാരം സിപിഐ(എം) നേതാക്കൾ വ്യാപകമായ തോതിൽ പണം വാങ്ങി വോട്ട് മറിച്ചുവെന്ന ആരോപണവമാണ് ഉയർത്തിവിടുന്നത്.

സിപിഐ(എം) സംസ്ഥാന സമിതി നിയോഗിച്ച ബേബി ജോൺ കമ്മിഷനു മുമ്പിൽ പരാതി പ്രവാഹം തന്നെ ഉണ്ടായി. ജില്ലാ, ഏരിയാ നേതാക്കളാണ് തോൽവിക്ക് ഉത്തരവാദികളെന്നും പലർക്കും പി.സി. ജോർജിൽ നിന്നു പ്രതിഫലം ലഭിച്ചെന്നും പ്രാദേശിക നേതാക്കൾ കമ്മിഷനു മുന്നിൽ തുറന്നടിച്ചു. നിയോജക മണ്ഡലത്തിലെ രണ്ട് ഏരിയാ കമ്മിറ്റികളിൽ ഒന്നിന്റെ സെക്രട്ടറി പുതുതായി വാങ്ങിയ കാറിന്റെ പണമിടപാട് സംബന്ധിച്ച രേഖകളും നേതാക്കൾ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളും തെളിവായി കമ്മിഷനു കൈമാറി. ജോർജ്ജ് നൽകിയ പണം ഉപയോഗിച്ചാണ് ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയകാർ ഏരിയാ സെക്രട്ടറി വാങ്ങിയതെന്നാണ് റിപ്പോർട്ട്.

പൂഞ്ഞാറിൽനിന്നുള്ള ജില്ലാ കമ്മിറ്റിയംഗം, പൂഞ്ഞാർ ഏരിയാ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഏരിയാ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളിയിലെ മൂന്ന് ഏരിയാ കമ്മിറ്റിയംഗങ്ങൾ, നാലു ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ പി.സി. ജോർജിൽ നിന്നു പണം വാങ്ങി പാർട്ടിയെ ഒറ്റുകൊടുത്തെന്ന് ചില പ്രാദേശിക നേതാക്കൾ കമ്മിഷനെ അറിയിച്ചു. എത്തിയ മുഴുവൻ പേരുടെയും പരാതി സ്വീകരിച്ച ശേഷമാണ് ബേബി ജോൺ മടങ്ങിയത്. പി.സി. ജോർജിൽനിന്നു ലക്ഷങ്ങൾ വാങ്ങിയ ചില നേതാക്കൾ പാർട്ടിയെ തെരഞ്ഞെടുപ്പിൽ ഒറ്റുകൊടുത്തതായി ഒരു പ്രമുഖ നേതാവ് കമ്മിഷനു മുമ്പിൽ പരാതി ഉന്നയിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ചില നേതാക്കൾ സാമ്പത്തികമായി മെച്ചപ്പെട്ട കാര്യം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പലരും കമ്മീഷൻ മുമ്പാകെ അറിയിച്ചുണ്ട്. പാർട്ടി സംവിധാനം പല ലോക്കൽ കമ്മിറ്റികളിലും ദുർബലമായിരുന്നു. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയും പ്രസ്താവനയും അടങ്ങിയ നോട്ടീസുകൾ ഏരിയാ കമ്മിറ്റി ഓഫീസുകളിൽ കെട്ടിക്കിടന്നു, പല പ്രമുഖ നേതാക്കളും പ്രചാരണത്തിൽനിന്നു മാറിനിന്നു എന്നിങ്ങനെയുള്ള പരാതികളും ഉയർന്നു. പലർക്കും ജോർജിൽ നിന്നു 10 ലക്ഷം രൂപ വരെ ലഭിച്ചെന്ന പരാതിയുമുണ്ടായി. കോൺഗ്രസുകാരനായിരുന്ന ജോർജ് ജെ. മാത്യുവിനെ മൽസരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതാണ് കനത്ത പരാജയം നേരിടുവാൻ ഇടയാക്കിയതെന്നു ചിലർ പരാതിപ്പെട്ടു.

പൂഞ്ഞാറിൽ 22,270 വോട്ട് മാത്രം ലഭിച്ച എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.സി. ജോസഫിനു കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ടിരുന്നു. 2011ൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന മോഹൻ തോമസ് 44,105 വോട്ടും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന ഫിലിപ്പോസ് തോമസ് പൂഞ്ഞാർ മണ്ഡലത്തിൽ 40,853 വോട്ടും നേടിയിരുന്നു. ഓരോ ലോക്കൽ കമ്മിറ്റിയിലെ ബൂത്തുകളിലും മുന്നണിക്ക് നഷ്ടമായ വോട്ടുകൾ ലഭിച്ചത് പി.സി. ജോർജിനാണെന്നും ചിലർ കമ്മിഷനു മുമ്പിൽ ചൂണ്ടിക്കാട്ടി.

ഈരാറ്റുപേട്ട മുൻ ലോക്കൽ സെക്രട്ടറി നസീറിന്റെ മരണത്തിൽത്തിന് പിന്നിലും ജോർജ്ജിൽ നിന്നും പണം വാങ്ങിയവരാണെന്ന് ചിലർ അന്വേഷണ കമ്മീഷൻ മുമ്പാകെ അറിയിച്ചു. പാർട്ടി നേതാവിനെ പാർട്ടിക്കാർ തന്നെ തല്ലിക്കൊന്ന അവസ്ഥ വളരെ ഭീതിപ്പെടുത്തുന്നതാണെന്നും പ്രവർത്തകർ കമ്മീഷനെ അറിയിച്ചു. പി.സി. ജോർജിനുവേണ്ടി പ്രവർത്തിച്ച നേതാക്കളെ സംബന്ധിച്ച വിവരങ്ങളും തെളിവുകളും നസീറിന് അറിയാമായിരുന്നു. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ജനാധിപത്യ കേരളാ കോൺഗ്രസിലെ പി സി ജോസഫ് ആയിരുന്നു പൂഞ്ഞാറിൽ പി സി ജോർജ്ജിന്റെ എതിരായി മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി.