കോട്ടയം: പൂഞ്ഞാറിലെ സിപിഎമ്മിനു തലവേദനയായി പുതിയ വിവാദം. ഇടത് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു തോൽവിയിൽ നേതാക്കൾക്കു പങ്കുണ്ടെന്ന് ആരോപണമുന്നയിക്കുകയും തെളിവു ശേഖരിക്കുകയും ചെയ്ത ഈരാറ്റുപേട്ട പത്താഴപ്പടി മുൻ ബ്രാഞ്ച് സെക്രട്ടറി നടയ്ക്കൽ കുന്നുംപുറത്ത് കെ.എം. നസീറിന്റെ കൊലപാതകത്തിലെ പ്രതികളായ ആറു സിപിഐ(എം). നേതാക്കൾക്കു പാർട്ടി സ്വീകരണം നൽകിയതാണു വിവാദമായിരിക്കുന്നത്. അതിനിടെ കൊല്ലപ്പെട്ട നസീറിന്റെ മകൻ അനസ് സിപിഐ(എം). പൂഞ്ഞാർ ഏരിയാകമ്മിറ്റി ഓഫീസിൽ കയറി അക്രമം നടത്തി. ഇന്നലെ െവെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.

നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലുണ്ടായ കനത്ത തോൽവിയും തുടർന്നുണ്ടായ സംഭവങ്ങൾക്കും പിന്നാലെ കോട്ടയത്തെ സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ് പുതിയ സംഭവങ്ങൾ. പിസി ജോർജിന് വിജയമൊരുക്കിയത് സിപിഐ(എം) നേതാക്കളാണെന്നായിരുന്നു നസീറിന്റെ നിഗമനം. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. നസീറിനെ കൊല്ലുകയും ചെയ്തു. ഇതിൽപ്പെട്ടവരെ പാർട്ടി പുറത്താക്കി. ഇവർക്കാണ് സ്വീകരണം നൽകിയത്. ഇതിൽ പാർട്ടിക്കാരും പങ്കെടുത്തു. നസീറിന്റെ കൊലപാതത്തിൽ പ്രതിക്കൂട്ടിലാക്കപ്പെട്ട പാർട്ടിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കുന്നതാണ് ഈ സംഭവം. ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി നേതാക്കളുടെ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നു നേതൃത്വത്തിന്റെ നിലപാടുകളാണു നസീറിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഒരുവിഭാഗം പ്രവർത്തകരുടെ ആരോപണം.

തിടനാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേസിലെ പ്രതികളായ ആറുപേർക്കും രഹസ്യമായാണു സ്വീകരണം നൽകിയത്. കഴിഞ്ഞ ആഴ്ച തിടനാടുള്ള ഒരു പ്രമുഖ നേതാവിന്റെ വീട്ടിൽ രാത്രിയിലായിരുന്നു രഹസ്യമായി സ്വീകരണം. സിപിഐ(എം). ഏരിയ കമ്മിറ്റിയംഗവും ഡി.െവെ.എഫ്.ഐ. പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറിയുമായ ഇ. നവാസ്, ലോക്കൽ കമ്മിറ്റിയംഗം പാറയിൽ ജബ്ബാർ, ഡി.െവെ.എഫ്.ഐ. മേഖലാ കമ്മിറ്റിയംഗങ്ങളായ വലിയവീട്ടിൽ സുെബെർ, പഴയിടത്ത്‌ െഫെസൽ, എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം അണ്ണാമലപറമ്പിൽ മുഹമ്മദ്, പാർട്ടിയംഗം പുന്നക്കൽ അജ്മൽ എന്നിവരാണു കേസിലെ പ്രതികൾ. തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ കമ്മറ്റിയംഗങ്ങൾക്കു പുറമെ നസീർ വധത്തിൽ പാർട്ടി നടപടി സ്വീകരിച്ച മുൻ പൂഞ്ഞാർ ഏരിയാ സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നിവരും, ഏരിയാകമ്മറ്റിയംഗമായ പഞ്ചായത്ത്‌ െവെസ് പ്രസിഡന്റ്, രണ്ട് ഏരിയാ കമ്മറ്റിയംഗങ്ങൾ എന്നിവരും പങ്കെടുത്തു.

ലോക്കൽ കമ്മിറ്റി നേതാക്കളുടെ പാർട്ടിവിരുദ്ധ നടപടികളും അഴിമതിയും സംബന്ധിച്ച് മരിച്ച നസീർ നേതൃത്വത്തിനു നിരന്തരം പരാതികൾ നൽകിയിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കുകയോ, കുറ്റക്കാർക്കെതിരെ നടപടികളെടുക്കുകയോ ചെയ്യാതെ നേതൃത്വം മൗനംപാലിച്ചതായും ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്. സ്വീകരണത്തിന് തൊട്ട് പിന്നാലെയാണ് നസീറിന്റെ മകൻ അനസ് സിപിഐ(എം). പൂഞ്ഞാർ ഏരിയാകമ്മിറ്റി ഓഫീസിൽ കയറി അക്രമം നടത്തിയത്.

കാപ്പിവടിയുമായി രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഇയാൾ ഓഫീസിൽ എത്തിയതെന്ന് പാർട്ടിക്കാർ പറയുന്നു. ഓഫീസിൽ മൂവരും ചേർന്ന് അതിക്രമിച്ചുകയറി നേതാക്കളെ മർദ്ദിക്കാനൊരുങ്ങിയപ്പോൾ പാർട്ടി പ്രവർത്തകർ തടയുകയായിരുന്നു. ഇതോടെ ഇവരുമായി പിടിവലിയുണ്ടായി. ഇതുസംബന്ധിച്ച് അനസിനും സുഹൃത്തുക്കൾക്കുമെതിരേ ഏരിയാ സെക്രട്ടറി ഈരാറ്റുപേട്ട സി.ഐയ്ക്ക് പരാതി നൽകി. നസീറിന്റെ മരണവുമായി ബന്ധപ്പെട്ട് പാലാ പൊലീസിൽ കീഴടങ്ങിയ പ്രതികളെ കാണാനെത്തിയ അനസ് സ്റ്റേഷനിൽവച്ച് ഇവരെ മർദിച്ചതിനേത്തുടർന്ന് അന്ന് പൊലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു.