തിരുവനന്തപുരം: എൽഡിഎഫിനൊപ്പം ചേക്കേറാമെന്ന പി സി ജോർജിന്റെ മോഹങ്ങൾക്കു തിരിച്ചടി. പുതിയ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസിനു പൂഞ്ഞാർ സീറ്റ് നൽകാൻ എൽഡിഎഫിൽ ധാരണയായി. ഇതുൾപ്പെടെ നാലു സീറ്റാണ് ജനാധിപത്യ കേരള കോൺഗ്രസിനു നൽകുന്നത്. പൂഞ്ഞാറിനു പുറമെ തിരുവനന്തപുരവും ഇടുക്കിയും ചങ്ങനാശേരിയും പുതിയ പാർട്ടിക്കു നൽകാനാണു ധാരണയായത്.

പൂഞ്ഞാറിൽ ഇടത് സ്ഥാനാർത്ഥിയായി പിസി ജോർജ് മത്സരിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രചരണങ്ങൾ. ഇതിനെ സിപിഎമ്മിലെ പ്രാദേശിക ഘടകം എതിർത്തു. ഇതിനിടെയാണ് കാഞ്ഞിരപ്പള്ളി മെത്രാനുമായുണ്ടാക്കിയ ധാരണ പ്രകാരം ജോർജ് ജെ മാത്യു സ്ഥാനാർത്ഥിയെന്ന നിലയിൽ രംഗത്ത് വരുന്നത്. ഇതിനേയും അതിശക്തമായി പ്രാദേശിക നേതൃത്വം എതിർത്തു. ഈ സാഹചര്യത്തിലാണ് ജനാധിപത്യ കേരളാ കോൺഗ്രസിന് സിപിഐ(എം) സീറ്റ് നൽകുന്നത്. മെത്രാന്റ് ആഗ്രഹം കൂടിറിഞ്ഞ് ഫ്രാൻസിസ് ജോർജ് വിഭാഗം പൂഞ്ഞാറിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫലത്തിൽ പൂഞ്ഞാറിൽ നിന്ന് ജോർജ് പുറത്തായി. ഇവിടെ ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും.

സമാനമായി കേരളാ കോൺഗ്രസ് സ്‌കറിയാ തോമസിലെ സുരേന്ദ്രൻ പിള്ളയ്ക്കും സീറ്റ് നഷ്ടമായി. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരളാ കോൺഗ്രസിന് നൽകിയതോടെ ആന്റണി രാജു മത്സരിക്കുമെന്ന് ഉറപ്പായി. രണ്ടു തവണയായി സുരേന്ദ്രൻ പിള്ളയാണ് ഇവിടെ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ആദ്യ തവണ പിജെ ജോസഫിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജയിക്കുകയും ചെയ്തു. ജോസഫും കൂട്ടരും ഇടതു മുന്നണി വിട്ടപ്പോൾ സുരേന്ദ്രൻപിള്ള ഇടതുപക്ഷത്ത് ഉറച്ചു നിന്നു. അച്യുതാനന്ദൻ മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തവണ തോറ്റു. ഈ സീറ്റിൽ വീണ്ടും മത്സരിക്കാൻ സുരേന്ദ്രൻ പിള്ള തയ്യാറെടുക്കുന്നതിനിടെയാണ് ഇടതു മുന്നണിയുടെ പുതിയ തീരുമാനം. ഫലത്തിൽ സുരേന്ദ്രൻ പിള്ളയെ തഴഞ്ഞ് ആന്റണിരാജുവിന് കൈകൊടുക്കുകയാണ് സിപിഐ(എം).

ഇടതുമുന്നണിയിൽ സുരേന്ദ്രൻ പിള്ളയുടെ കേരളാ കോൺഗ്രസ് വിഭാഗം അംഗമാണ്. അതുകൊണ്ട് തന്നെ ഇടതു മുന്നണിയോഗത്തിൽ സുരേന്ദ്രൻ പിള്ള പ്രതിഷേധം ഉയർത്തും. സ്‌കറിയാ തോമസ് വിഭാഗവുമായുള്ള സീറ്റ് ചർച്ചയിൽ കാര്യമായ പുരോഗതിയുമില്ല. ജനാധിപത്യ കേരളാ കോൺഗ്രസ് ഉള്ളതിനാൽ സ്‌കറിയാ തോമസിന്റെ ആവശ്യം മുന്നണിയിൽ ഇല്ലെന്ന പരോക്ഷ നിലപാടാണ് സിപിഎമ്മിന്. ഇതിന്റെ പ്രതിഫലനമാണ് ജനാധിപത്യ കേരളാ കോൺഗ്രസിന് സീറ്റ് അനുവദിച്ചതിൽ പ്രതിഫലിക്കുന്നത്. ഇടുക്കിയിലോ പൂഞ്ഞാറിലോ ഫ്രാൻസിസ് ജോർജ് മത്സരിക്കും. ഇതിന് അനുസരിച്ച് പിസി ജോസഫിന്റെ സീറ്റിലും തീരുമാനം ഉണ്ടാകും. ചങ്ങനാശ്ശേരിയിൽ കെസി ജോസഫും തിരുവനന്തപുരത്ത് ആന്റണി രാജുവുമാകും ഇടത് സ്ഥാനാർത്ഥികൾ.

പൂഞ്ഞാർ സീറ്റിൽ ആഴ്ചകളോളം നീണ്ട പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിന് മുമ്പിൽ സിപിഐ(എം) നേതൃത്വം വഴങ്ങുക കൂടിയാണ്. പൂഞ്ഞാറടക്കം എട്ടോളം സീറ്റുകളിൽ കാഞ്ഞിരപ്പള്ളി മെത്രാന് താല്പര്യമുള്ള കർഷകവേദിക്ക് സീറ്റ് കൊടുക്കാം എന്നുള്ള ധാരണയാണ് പൂഞ്ഞാറിൽ പൊളിയുന്നത്. സിപിഎമ്മിന്റെ ഉന്നത നേതൃത്വവും കാഞ്ഞിരപ്പള്ളി മെത്രാനുമായി ഉണ്ടാക്കിയ ഈ ധാരണ അനുസരിച്ച് പൂഞ്ഞാറിൽ മുൻ കേരള കോൺഗ്രസ് ചെയർമാനും മൂന്ന് വട്ടം കോൺഗ്രസ് എംഎൽഎയുമായിരുന്ന ജോർജ് ജെ മാത്യുവിനെ ഇടതുമുന്നണി സ്ഥാനാർത്ഥി ആക്കാമെന്നായിരുന്നു ധാരണ. പാർട്ടി അണികളുടെ എതിർപ്പ് ശക്തിയായതോടെ സീറ്റ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിന് നൽകി. കാഞ്ഞിരപ്പള്ളി മെത്രാന്റെ താൽപ്പര്യത്തിന് അനുസരിച്ചാകും ഇവിടുത്തെ സ്ഥാനാർത്ഥിയെ ജനാധിപത്യ കേരളാ കോൺഗ്രസ് നിശ്ചയിക്കുക.

ഫ്രാൻസിസ് ജോർജിനെ തന്നെ പൂഞ്ഞാറിൽ ഇടതുസ്ഥാനാർത്ഥിയാക്കണെമെന്നാണ് ഇപ്പോൾ മണ്ഡലത്തിലെ സിപിഐ(എം) പ്രവർത്തകരുടെ ആഗ്രഹം. അങ്ങനെ എങ്കിൽ ഏറ്റവും കുറഞ്ഞത് 25,000 വോട്ട് ഭൂരിപക്ഷത്തിൽ ജയിപ്പിച്ച് വിടാമെന്ന് സിപിഐ(എം) അണികൾ ഒരേപോലെ പറയുന്നു. ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥിയാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സിപിഐ(എം) പ്രവർത്തകർ. പൂഞ്ഞാറിൽ ഇടത് മുന്നണി ഫ്രാൻസിസ് ജോർജിന് കൈകൊടുത്തതോടെ പിസി ജോർജിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. ജോർജിന്റെ പാർട്ടിയുടെ പിന്തുണ പിൻവലിച്ചാൽ ഭരണം പോകുന്ന സിപിഐ(എം) പഞ്ചായത്ത് പ്രസിഡന്റുമാരെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദവും വിജയിച്ചില്ല. കാഞ്ഞിരപ്പള്ളി മെത്രാന്റെ എതിർപ്പ് തന്നെയാണ് ജോർജിന് വിനയാകുന്നത്.

എൽഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായി

ഇന്ന് എ കെ ജി സെന്ററിൽ ഘടകകക്ഷികളുമായി നടന്ന ഉഭയകക്ഷി ചർച്ചയോടെ എൽഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായി. മുന്നണിയിൽ ഓരോ പാർട്ടികളും എത്ര സീറ്റിൽ മത്സരിക്കണമെന്നും ഏതൊക്കെ സീറ്റുകളിൽ വേണം എന്ന കാര്യത്തിലും ധാരണയായി.

92 സീറ്റിൽ സിപിഐഎം മത്സരിക്കും. സിപിഐ 27 സീറ്റിലാണ് മത്സരിക്കുന്നത്. ജനതാദൾ എസ് അഞ്ച് സീറ്റിൽ (വടകര, ചിറ്റൂർ, അങ്കമാലി, കോവളം, തിരുവല്ല) മത്സരിക്കും. ജനാധിപത്യ കേരള കോൺഗ്രസ് (പൂഞ്ഞാർ, തിരുവനന്തപുരം, ഇടുക്കി, ചങ്ങനാശേരി), എൻസിപി (കുട്ടനാട്, എലത്തൂർ, പാല, കോട്ടയ്ക്കൽ) എന്നീ ഘടകകക്ഷികൾ നാല് സീറ്റിൽ വീതം മത്സരിക്കും. മൂന്ന് സീറ്റുകളിൽ ഐഎൻഎൽ (കാസർകോട്, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്) മത്സരിക്കാനും ഇടതുമുന്നണിയിൽ തീരുമാനമായി. സിഎംപി (ചവറ), കേരള കോൺഗ്രസ് ബി (പത്തനാപുരം), ആർഎസ്‌പി -എൽ (കുന്നത്തൂർ) , കോൺഗ്രസ് എസ് (കണ്ണൂർ), കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം (കടുത്തുരുത്തി) എന്നിവർ ഓരോ സീറ്റിലാണ് മത്സരിക്കുന്നത്.