തിരുവനന്തപുരം: അഴിമതി തടയാൻ ഇത്തരം വിധികൾ അത്യാവശ്യമാണ്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പിൽ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനടക്കമുള്ളവരെ തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിക്കുമ്പോൾ നീതി പീഠത്തിലെ വിശ്വാസമാണ് കൂടുന്നത്. പട്ടികജാതി വികസനവകുപ്പ് മുൻ ഡയറക്ടർ കെ.എസ്. രാജൻ, ഫിനാൻസ് ഓഫീസർ എൻ. ശ്രീകുമാർ എന്നിവരടക്കം അഞ്ച് പേരെയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചത്.

ജില്ലാ ഡെവലപ്‌മെന്റ് ഓഫീസർ സത്യദേവൻ, വർക്കല ഡെവലപ്‌മെന്റ് ഓഫീസർ സി. സുരേന്ദ്രൻ, വർക്കലയിലെ കമ്പ്യൂട്ടർ സ്ഥാപനമായ പൂർണ്ണ സ്‌കൂൾ ഓഫ് ഐ.ടിയുടെ സുകുമാരൻ തുടങ്ങിയവരെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും പിഴയുമാണ് ശിക്ഷ. ചെറിയ അഴിമതിയാണ് ഇതെന്ന് കരുതുന്നവരുണ്ടാകാം. എന്നാൽ ഖജനാവിൽ നിന്ന് ഒരു രൂപ പോലും തട്ടിക്കൊണ്ടു പോകുന്നത് ഗുരുതര തെറ്റാണ്.

2002 - 2003 കാലയളവിലാണ് ഇതുമായിബന്ധപ്പെട്ട കേസ് നടക്കുന്നത്. സർക്കാർ ഖജനാവിന് 2,32,500 രൂപ നഷ്ടം വരുത്തി എന്നാണ് കേസ്. വർക്കലയിലെ പൂർണ്ണ ഐ.ടി. സ്‌കൂളിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തിയ പരിശീലന പദ്ധതിയായിരുന്നു ഇത്. 75 ശതമാനത്തോളം തുക സ്ഥാപനത്തിന് അഡ്വാൻസായി നൽകി. എന്നാൽ സ്ഥാപനത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല.

31 വിദ്യാർത്ഥികളായിരുന്നു സ്ഥാപനത്തിൽ പരിശീലനം നേടിയത്. വിദ്യാർത്ഥികൾക്ക് എൽ.ബി.എസിന്റെ സർട്ടിഫിക്കറ്റ് നൽകും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ സ്ഥാപനത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല എന്ന് അറിയുകയായിരുന്നു. കേസ് വിജിലൻസ് ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. വിജിലൻസ് നൽകിയ കുറ്റപത്രത്തിൽ വിചാരണ പൂർത്തിയാക്കിയതിന് ശേഷമാണ് അഞ്ച് പ്രതികളേയും വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്

സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് പോലും ലഭിച്ചില്ലെന്നും സർക്കാർ പണം വകമാറ്റിയെന്നും വിജിലൻസ് കണ്ടെത്തുകയായിരുന്നു. കേസ് വിജിലൻസ് ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. വിജിലൻസ് നൽകിയ കുറ്റപത്രത്തിൽ വിചാരണ പൂർത്തിയാക്കിയതിന് ശേഷമാണ് അഞ്ച് പ്രതികളേയും വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. പദ്ധതിയിൽ അഴിമതി നടന്നതായി തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ജഡ്ജ് പി. ഗോപകുമാർ കണ്ടെത്തി.

ഉദ്യോഗസ്ഥർ കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് വർക്കലയിലുള്ള പൂർണ്ണ സ്‌കൂൾ ഓഫ് ഐ.ടി എന്ന സ്ഥാപനത്തെ തെറ്റായി കമ്പ്യൂട്ടർ പരിശീലനതിനുള്ള സ്ഥാപനമായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ ഹാജരായി. 2002-03 കാലഘട്ടത്തിൽ അംഗീകാരമില്ലാത്ത ട്രെയിനിങ് സെന്ററിന് ട്രെയിനിങ് നടത്തുന്നതിലേക്ക് ഫണ്ട് മുൻകൂറായി അനുവദിക്കുകയായിരുന്നു.

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഹാർഡ്വെയർ ട്രെയിനിങ്ങിനു വേണ്ടി ഒരാൾക്ക് 10,000 രൂപ നിരക്കിൽ ട്രെയിനിങ് നടത്തുന്നതിന് സ്‌പെഷ്യൽ സെൻട്രൽ അസിസ്റ്റൻസ് ടു ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ (എസ്.സി.എ, എസ്.സി.പി) പ്രകാരം ഫണ്ട് അനുവദിച്ചു. തുക ലഭിക്കാൻ വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ സ്‌കൂൾ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഉടമ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിങ് കോഴ്‌സിന് അംഗീകാരമുണ്ടെന്ന് കാണിച്ച് ട്രെയിനിങ്ങിന് വേണ്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

തുടർന്ന് സ്ഥാപന ഉടമയായ സുകുമാരൻ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അവരുമായി ഗൂഢാലോചന നടത്തി വിദ്യാർത്ഥികളുടെ ഫീസായ 3,10,000 രൂപയുടെ 75 ശതമാനം തുകയായ 2,32,500 രൂപ അഡ്വാൻസായി വാങ്ങി. ഇതെല്ലാം നടന്നത് ചട്ടവിരുദ്ധമായിട്ടാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്. പൂജപ്പുര വിജിലൻസ് സ്‌പെഷ്യൽ യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം വിജിലന്‌സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

വിജിലൻസ് പൂജപ്പുര സ്‌പെഷ്യൽ യൂനിറ്റിലെ മുൻ എസ്‌പി സുകേശനാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി അന്വേഷണം നടത്തിയ കേസിൽ നിലവിലെ വിജിലൻസ് ആസ്ഥാനത്തെ ഡിവൈ.എസ്‌പി സി. വിനോദാണ് കുറ്റപത്രം സമർപ്പിച്ചത്. ബാർ കോഴയിൽ അടക്കം ചർച്ചയായ ഉദ്യോഗസ്ഥനാണ് സുകേശൻ.