- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും സിപിഎം കൈകഴുകുമ്പോൾ നീതി തേടി മലപ്പുറത്ത് ഒരു കുടുംബം; പൂവൻവളപ്പിൽ കോയയെ പൊതുജനമധ്യത്തിൽ തല്ലിക്കൊന്നത് ഡിവൈഎഫ്ഐ സംഘം; നാട്ടുകാർ ദൃക്സാക്ഷികളായ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് എ വിജയരാഘവന്റെ മകൻ; ഇന്നും പ്രതികൾ പാർട്ടിതണലിൽ
മലപ്പുറം: സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് പാർട്ടി നേതാക്കൾ ആവർത്തിച്ച് പറയുമ്പോൾ സിപിഎം ഇടപെടൽ മൂലം നീതി നിഷേധിക്കപ്പെട്ട ഒരു കുടുംബം മൂന്ന് വർഷത്തോളമായി നീതിക്കായുള്ള കാത്തിരിപ്പിലാണ്.
പറപ്പൂർ പൊട്ടിപ്പാറയിൽ പൂവൻവളപ്പിൽ കോയയെ 2018 ഒക്ടോബർ 11-ാം തീയതി വാഹനം ഒതുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിന്റെ പേരിൽ തൊട്ടടുത്ത ദിവസം സംഘടിച്ച് എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ റോഡിലിട്ട് മർദ്ദിച്ചുക്കൊല്ലുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ അബ്ദുൾ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കോയയെ മർദ്ദിച്ചത്. മർദ്ദനത്തിൽ കോയയുടെ പതിനെട്ട് വാരിയെല്ലുകൾ ഒടിയുകയും പാൻക്രിയാസിന് മാരക്ക പരുക്കും സംഭവിച്ചിരുന്നു. ഇതാണ് മരണകാരണമായത്.
വളരെയേറെ സമാധാനാന്തരീക്ഷമുണ്ടായിരുന്ന ആ നാടിനെ ഞെട്ടിച്ച കൊലപാതകമായിരുന്ന പൂവൻവളപ്പിൽ കോയയുടേത്. കോയയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ രാഷ്ട്രീയഭേദമന്യേ ജനങ്ങൾ സംഘടിച്ച് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. പൊതുവഴിയിലിട്ട് ഒരു വയോധികനെ തല്ലിക്കൊല്ലാൻ മനസ് കാട്ടിയ ഗുണ്ടകളെ പറപ്പൂരിലെ ജനങ്ങൾ ഒറ്റപ്പെടുത്തിയെങ്കിലും അവരെ കൈവെടിയാൻ സിപിഎം തയ്യാറായിരുന്നില്ല.
കൊലപാതകത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ നേതാവ് അബ്ദുൾ ജബ്ബാറിനെ കേസിൽ നിന്നും ഒഴിവാക്കിക്കാൻ പാർട്ടി ഒട്ടേറെ ശ്രമിച്ചെങ്കിലും പൊതുസമൂഹത്തിന്റെ ഇടപെടൽ കാരണം അത് നടന്നില്ല. എന്നാൽ ഒന്നാം പ്രതിയാകേണ്ടിയിരുന്ന ജബ്ബാറിനെ ഭരണസ്വാധീനം ഉപയോഗിച്ച് മൂന്നാം പ്രതിയാക്കാൻ അവർക്ക് സാധിച്ചു. രണ്ട് മാസം പോലും ജയിലിൽ കിടക്കാതെ പ്രതികളെ പുറത്തിറക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവന്റെയും മന്ത്രി ആർ ബിന്ദുവിന്റെയും മകൻ അഡ്വ. ഹരികൃഷ്ണൻ നേരിട്ടെത്തി. അതിന് ശേഷം പ്രതികൾക്ക് ജോലി നൽകി അവരുടെ കുടുംബത്തിന്റെ സംരക്ഷണവും സിപിഎം ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടര വർഷത്തിലധികമായിട്ടും കേസ് ഇതുവരെ ട്രയൽ പോലുമായിട്ടില്ല എന്നതാണ് വസ്തുത.
ജബ്ബാറിനെ കോട്ടയ്ക്കലിലെ സിഐടിയു ചുമട്ടുതൊഴിലാളി യൂണിയനിൽ അംഗമാക്കിയതിൽ പ്രതിഷേധിച്ച് നിരവധി സിഐടിയു പ്രവർത്തകർ യൂണിയനിൽ നിന്നും രാജിവച്ചിരുന്നു. എന്നിട്ടും പ്രതികളെ കൈവിടാൻ സിപിഎം തയ്യാറായില്ല. ഭരണസ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും സാക്ഷികളെ സിപിഎം വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അബ്ദുൾ ജബ്ബാർ ഇപ്പോഴും സിപിഎമ്മിന്റെ നേതൃത്വതലത്തിൽ സജീവമാണ്. കഴിഞ്ഞ ആഴ്‌ച്ച നടന്ന ചക്രസ്തംഭന സമരത്തിന് നേതൃത്വം നൽകിയത് ജബ്ബാറായിരുന്നു. കോയയുടെ കൊലപാതകം രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നില്ല. ഒരു വാഹനം ഒതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവരെ ചോദ്യം ചെയ്തു എന്നത് മാത്രമായിരുന്നു പ്രകോപനകാരണം.
എന്നിട്ടും ആ കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടി ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുന്നതിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയാണ്. സിപിഎമ്മിനും സെക്രട്ടറി എ വിജയരാഘവനും പറയുന്നതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ പൂവൻവളപ്പിൽ കോയയുടെ കൊലപാതകികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുള്ള മര്യാദയെങ്കിലും കാണിക്കണമെന്നാണ് കോയയുടെ കുടുംബം ആവശ്യപ്പെടുന്നത്.