തിരുവനന്തപുരം: പൂവാറിലെ കാരക്കാട് റിസോർട്ടിൽ നടന്ന ലഹരി പാർട്ടി പിടികൂടിയത് കഴിഞ്ഞ ഏപ്രിൽ പത്തിന് കൊച്ചി നമ്പർ 18 ഹോട്ടലിൽ അടക്കം നാല് ആഡംബര ഹോട്ടലുകളിൽ റെയ്ഡ് നടത്തിയ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ടീം. അന്ന് വിവരം ചോർന്നതിനാൽ ഹോളിഡേ ഇൻ എന്ന ഹോട്ടലിൽ നിന്ന് മാത്രമാണ് ലഹരി പിടിക്കാൻ സാധിച്ചത്. അന്നത്തെ റെയ്ഡ് ഫലപ്രദമായിരുന്നെങ്കിൽ നമ്പർ 18 ലെ മോഡലുകളുടെ മരണം ഉണ്ടാകുമായിരുന്നില്ല.

പൂവാറിലെ ഒരു ഐലന്റിലെ റിസോർട്ടിൽ ലഹരിപാർട്ടി നടക്കുന്നു എന്ന വിവരം ലഭിച്ചിട്ടാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പൂവാറിലെത്തിയത്. ഇത്തവണ വിവരം ചോരാതിരിക്കാൻ മുൻകരുതലെടുത്തായിരുന്നു അവരുടെ ഓരോ നീക്കവും. സ്‌ക്വാഡിലെ 11 പേർക്കൊപ്പം കാട്ടാക്കട എക്‌സൈസ് ഓഫീസിലെ അഞ്ച് പേർകൂടി ടീമിലുണ്ടായിരുന്നു.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് തലവൻ ടി. അനിൽകുമാർ, ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ, മുകേഷ്‌കുമാർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഞായറാഴ്ച ഉച്ചയോടെ പൊഴിക്കരയിലെത്തിയ ശേഷമായിരുന്നു കാരക്കാട് റിസോർട്ടിലാണ് ലഹരിപാർട്ടിയെന്ന് സ്‌ക്വാഡിന് മനസിലായത്. ഈ റിസോർട്ടിൽ എത്തിച്ചേരണമെങ്കിൽ ബോട്ടിൽകൂടി മാത്രമേ കഴിയൂ. പൂവാർ ഐലൻഡിലാണ് റിസോർട്ട്.

ടൂറിസ്റ്റുകളാണെന്ന വ്യാജേന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വേഷം മാറി ബോട്ടിൽ കയറുകയും പാർട്ടി നടക്കുന്ന റിസോർട്ട് അന്വേഷിച്ച് റിസോർട്ട് കാണാനെന്ന വ്യാജേന സംഘം അവിടെ എത്തുകയുമായിരുന്നു. എന്നാൽ റിസോർട്ടിലെത്തിയപ്പോൾ അവിടെ റൂമില്ലെന്നും രണ്ട് ദിവസത്തേയ്ക്ക് എല്ലാ റൂമും ബുക്ക് ചെയ്തിരിക്കുകയാണെന്നും ലഹരിപ്പാർട്ടിയുടെ സംഘാടകർ അറിയിക്കുകയായിരുന്നു. പാർട്ടി കാണാൻ എന്ന പേരിൽ എക്‌സൈസ് സംഘം റിസോർട്ടിനുള്ളിൽ കടക്കുകയായിരുന്നു.

സംഘം അകത്ത് കടന്നയുടനെ കോട്ടേജുകൾ പുറത്തു നിന്നു പൂട്ടുകയും രക്ഷപ്പെടാനുള്ള എല്ലാ വഴിയും അടക്കുകയും ചെയ്തു. അതിനു ശേഷം ഓരോ കോട്ടേജിലും പരിശോധന നടത്തുകയും ചെയ്തു. ഇതോടെയാണ് ഇവിടെ പരിശോധന നടക്കുന്ന കാര്യം താമസക്കാർ അറിയുന്നത്. എന്നാൽ കൂട്ടത്തിൽ പലരും കടുത്ത ലഹരിയിലേയ്ക്ക് വഴുതിവീണുകഴിഞ്ഞതിനാൽ അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

17 പേരെയാണ് റിസോർട്ടിൽ നിന്നും പിടികൂടിയത്. പിടികൂടിയവരിൽ പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരും ഭക്ഷണം പാകം ചെയ്യാൻ എത്തിയവരുമുണ്ട്. രിശോധനയിൽ എംഡിഎംഎ ക്രിസ്റ്റൽ, എംഡിഎംഎ പിൽസ്, ഹാഷിഷ് ഓയിൽ, എൽഎസ്ഡി. സ്റ്റാമ്പ്, കഞ്ചാവ്, മദ്യം എന്നിവ കണ്ടെടുത്തു. ഇതിൽ വലിയ അളവിൽ നിരോധിതലഹരിവസ്തുക്കൾ കൈവശം വയ്ക്കുകയും പാർട്ടി സംഘടിപ്പിക്കുകയും ചെയ്ത ഡിജെ അക്ഷയ് മോഹൻ, അഷ്‌ക്കർ, പീറ്റർഷാൻ എന്നിവരൊഴികെയുള്ളവരെ ചോദ്യം ചെയ്ത് ജാമ്യത്തിൽ വിട്ടു.

ലഹരിപാർട്ടിയുമായി ഒരു മോഡലിന് ബന്ധമുള്ളതായും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരത്തെ ഒരു മോഡലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. പാർട്ടിയിൽ ലഹരി വിൽപ്പന നടത്തിയ സംഘവുമായി മോഡലിന് ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്.

ഇവിടെ പാർട്ടി നടത്തിയത് 'നിർവാണ മ്യൂസിക് ഫെസ്റ്റിവൽ' എന്ന പേരിലാണ്. ഇതിനായി പ്രത്യേക പാസുകളുംഉണ്ടായിരുന്നു. ഈ പാർട്ടിയിലേക്ക് പ്രവേശിക്കുന്നതിന് 1000, 1500, 2000 എന്നിങ്ങനെയായിരുന്നു തുക. ശനിയാഴ്ച ഇവിടെ നൂറോളം പേർ പങ്കെടുത്തിരുന്നു എന്നാണ് വിവരം.

ആയിരം രൂപയ്ക്ക് സിൽവർ പാസും 1500 രൂപയ്ക്ക് ഗോൾഡും രണ്ടായിരം രൂപയ്ക്ക് വി.ഐ.പി. പാക്കേജുമാണ് ഇവർ സംഘടിപ്പിച്ചിരുന്നത്. സിൽവർ പാസിൽ ബിയറും ഗോൾഡ് പാസിൽ ബിയറും മദ്യവും വി.ഐ.പി. പാസിൽ എത്തുന്നവർക്ക് മദ്യവും ഭക്ഷണവുമാണ് സംഘാടകർ ഓഫർ ചെയ്യുന്നത്. ഇതിനുപുറമേ ലഹരി പാർട്ടിയിൽ വിതരണം ചെയ്യുന്ന മയക്കുമരുന്നുകൾക്ക് പ്രത്യേകം പണം നൽകണം. ആറായിരം രൂപ മുതൽ ഈടാക്കിയാണ് ലഹരിമരുന്നുകൾ പാർട്ടിയിൽ വിതരണം ചെയ്തത്.

 

ലഹരി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നത് അക്ഷയ്മോഹന്റെ നേതൃത്വത്തിൽ വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയാണ്. രണ്ടു ദിവസത്തേക്ക് റിസോർട്ട് വാടകയ്ക്ക് എടുത്തിരുന്നു. എക്‌സൈസ് റിസോർട്ടിലെ സിസിടിവി. ദൃശ്യങ്ങളും പിടിയിലായവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്. ഇതിലൂടെ ലഹരി എത്തിച്ചതിന്റെ വിവരങ്ങളും മറ്റും അറിയാൻ കഴിയും. ഞായറാഴ്‌ച്ച വൈകുന്നേരം റിസോർട്ടിൽ നടത്താനിരുന്ന ഫാഷൻ ഷോയ്ക്ക് ഇവരുമായി ബന്ധമുണ്ടോ എന്ന വിവരവും എക്‌സൈസ് പരിശോധിക്കുന്നുണ്ട്.

പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചക്കട സ്വദേശി സഞ്ജിത്തിന്റെ പേരിലാണ് റിസോർട്ട്. പീറ്റർ, ആൽബിൻ, രാജേഷ് എന്നിവർ വാടകയ്ക്കാണ് ഇപ്പോൾ റിസോർട്ട് നടത്തുന്നത്.