രിക്കും വരെ മാർപ്പാപ്പ ആയി തുടരാമെന്നിരിക്കേ ആരോഗ്യകാരണങ്ങളാൽ സ്വയം വിരമിച്ച പോപ്പ് ബെനഡിക്ട് പതിനാറാമനെ പോപ്പ് ഫ്രാൻസീസ് വീണ്ടും കുട്ടുമുട്ടി. ചരിത്രത്തിലെ അപൂർവ കൂട്ടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങിയത് വത്തിക്കാനിലെ ക്ലെമന്റൈൻ ഹാളിലാണ്. പൗരോഹിത്യത്തിന്റെ അറുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ബെനഡിക്ട് പതിനാറമനെ ആദരിക്കുന്ന ചടങ്ങിലാണ് ഇരുമാർപ്പാപ്പമാരുടേയും അപൂർവ സംഗമം നടന്നത്.

2013-ൽ പോപ്പ് സ്ഥാനമൊഴിഞ്ഞ ശേഷം പോപ്പ് ഇമെരിറ്റസ് ബെനഡിക്ട് പതിനാറാമൻ വത്തിക്കാൻ ഗാർഡൻസിലെ കോൺവെന്റിലാണ് താമസിക്കുന്നത്. അപൂർവമായി മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള പോപ്പ് ഇമെരിറ്റസ് കഴിഞ്ഞ ദിവസം ക്ലെമന്റൈൻ ഹാളിൽ നടന്ന ചടങ്ങിലും സദസിനെ കൈയിലെടുത്തു. പോപ്പ് ഫ്രാൻസീസ് ആധ്യക്ഷം വഹിച്ച ചടങ്ങിൽ പതിവു രീതിയിൽ നിന്നു വേറിട്ട് എഴുതിത്ത്തയാറാക്കാത്ത പ്രസംഗം നടത്തി പോപ്പ് ഇമെരിറ്റസ് സദസിന്റെ ഹൃദയം കവർന്നു.

കത്തോലിക്കാ സഭയോടും നിലവിലുള്ള ഹയരാർക്കിയോടും വിനയപൂർവം കീഴ്‌പ്പെട്ട് വിശ്രമജീവിത നയിക്കുന്ന ബെനഡിക്ട് പതിനാറാമൻ പോപ്പ് ഫ്രാൻസിസിന്റെ ഭരണപാടവത്തെ പുകഴ്‌ത്താനും മറന്നില്ല. വത്തിക്കാൻ ഗാർഡൻസിന്റെ മനോഹാരിതയുടെ പശ്ചാത്തലത്തിൽ തന്റെ ഇനിയുള്ള കാലം കഴിയാൻ അവസരമൊരുക്കിത്തന്നതിന് പോപ്പ് ഇമെരിറ്റസ് ഫ്രാൻസീസ് മാർപ്പാപ്പയോട് പ്രത്യേകം നന്ദി പറഞ്ഞു. താൻ വളരെ സുരക്ഷിതനാണെന്ന ബോധം വത്തിക്കാൻ ഗാർഡൻസിലെ ജീവിതത്തിലൂടെ അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്നും ബെനഡിക്ട് പതിനാറാമൻ ചൂണ്ടിക്കാട്ടി.

സഭയുടെ 600 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്ത് സ്വയം വിരമിക്കുന്നത്. ആഗോളകത്തോലിക്കാ സഭയുടെ തലവനായി ഇരിക്കവേ സ്വയം രാജിവച്ച് ചെറിയൊരു മൊണാസ്ട്രിയിൽ ജീവിതം നയിക്കാൻ ബെനഡിക്ട് പതിനാറാമൻ തീരുമാനിച്ചത് ഏറെ ത്യാഗനിർഭരമാണെന്നും സഭയെ നയിക്കാൻ പോപ്പ് ഇമെരിറ്റസ് തന്റെ പ്രാർത്ഥനകളിലൂടെ സാധിക്കട്ടെയെന്നും ഫ്രാൻസീസ് മാർപ്പാപ്പ ആശംസിച്ചു.

രണ്ടു മാർപ്പാപ്പമാരുടെ അപൂർവസംഗമത്തിന് വത്തിക്കാൻ ക്ലെമന്റൈൻ ഹാളിൽ വത്തിക്കാൻ കൂരിയ മൊത്തം സന്നിഹിതരായിരുന്നു. ഹാളിലേക്ക് കരഘോഷങ്ങൾക്കിടയിൽ കടന്നു വന്ന പോപ്പ് ഫ്രാൻസീസ് നിരവധി തവണ പോപ്പ് ബെനഡിക്ടിനെ ആലിംഗനം ചെയ്തു. പോപ്പ് ഫ്രാൻസീസ് കടന്നുവരവേ ബെനഡിക്ട് പതിനാറാമൻ തന്റെ തലയിലെ തൊപ്പ് ഊരി ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. വളരെ അപൂർവമായാണ് ഇരുവരും ഇതുവരെ പരസ്പരം കണ്ടുമുട്ടിയിട്ടുള്ളത്.