സോഷ്യൽ മീഡിയ നല്ലതാണെങ്കിലും അതിൽ മുഴുകി കന്യാസ്തീകൾ ജീവിതലക്ഷ്യം ഇല്ലാതാക്കുകയാണെന്ന് പോപ്പ് ഫ്രാൻസിസിന്റെ മുന്നറിയിപ്പ്. ജീവിതത്തിലെ പരീക്ഷണങ്ങളിൽനിന്ന് ഒളിച്ചോടുന്നതിന് ഇന്റർനെറ്റിൽ അഭയം തേടുന്ന കന്യാസ്ത്രീകളോടും സമയം പാഴാക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ട്വിറ്ററിൽ 96 ലക്ഷത്തോളം പേരാണ് പോപ്പിനെ പിന്തുടരുന്നത്. ആശയവിനിമയത്തിന് സോഷ്യൽ മീഡിയ നല്ലതാണെന്നുതന്നെ പോപ്പ് കരുതുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിലൂടെ മതപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ കന്യാസ്ത്രീകൾ പരാജയപ്പെടുന്നുണ്ടെന്ന് അദ്ദേഹം ആശങ്കപ്പെട്ടു.

നമ്മുടെ ചിന്തകളെയും ലോകത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനെയും സ്വാധീനിക്കാൻ സോഷ്യൽ മീഡിയക്ക് സാധിക്കുന്നുണ്ടെന്ന് മാർപാപ്പ പറഞ്ഞു. ഒരു സമൂഹത്തെയും ഇതിൽനിന്ന് മാറ്റിനിർത്താനാവില്ല. ആശയവിനിമയത്തെയും ചിന്തകളുടെ രൂപപ്പെടുത്തലിനെയും ഡിജിറ്റൽ സംസ്‌കാരം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, അതിൽ മുഴുകി സമയം പാഴാക്കുന്നത് കന്യാസ്ത്രീകളുടെ ജീവിതലക്ഷ്യം ഇല്ലാതാക്കുന്നുണ്ട്. സഭയ്ക്ക് പൂർണമായും സമർപ്പിക്കപ്പെട്ട ജീവിതത്തെ ആ ലക്ഷ്യത്തിൽനിന്ന് അകറ്റുന്ന തരത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽനിന്ന് കന്യാസ്ത്രീകൾ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയെയും പുത്തൻ സാങ്കേതിക വിദ്യയെയും എന്നും പിന്തുണയ്ക്കുന്നയാളാണ് മാർപാപ്പ. ഇക്കൊല്ലമാദ്യം ആപ്പിൾ സിഇഒ ടിം കുക്കിനെ പോപ്പ് വത്തിക്കാനിലേക്ക് ക്ഷണിച്ചിരുന്ു. ഇന്റർനെറ്റും സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളും സന്ദേശങ്ങളും ദൈവത്തിന്റെ വരദാനമാണെന്നാണ് പോപ്പ് ആ അവസരത്തിൽ അഭിപ്രായപ്പെട്ടത്.