പൊതുവെ ലളിതമായ ജീവിത്തതിന് പേര് കേട്ട വ്യക്തിയാണ് ഇപ്പോഴത്തെ പോപ്പായ ഫ്രാൻസിസ്. ഇക്കാരണത്താലാണ് സാധാരണ പോപ്പുമാർ താമസിച്ച് വന്നിരുന്ന റോമിന്റെ തെക്ക് ഭാഗത്തുള്ള കാസ്റ്റെൽ ഗാൻഡോൾഫോിലെ പാലസ്സോ എന്ന ആഡംബര കൊട്ടാരത്തിൽ താമസിക്കാനില്ലെന്ന് പറഞ്ഞ് ഫ്രാൻസിസ് സാധാരണ ഫ്ലാറ്റിലേക്ക് താമസം മാറിയത്. ഇപ്പോഴിതാ ഈ ആഡംബര കൊട്ടാരത്തെക്കുറിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പരസ്യമായിരിക്കുകയാണ്. ഇതാദ്യമായി പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്നതിനെ തുടർന്നാണ് ഇതിലെ ആഡംബരത്തിന്റെ നേർക്കാഴ്ചകൾ വെളിച്ചത്ത് വന്നിരിക്കുന്നത്.

ആൽബൻ ഹിൽസിലെ 135 ഏക്കർ എസ്റ്റേറ്റിലാണീ സൗധം സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെയാണ് വത്തിക്കാൻ പേപ്പൽ സമ്മർ റിട്രീറ്റിലെ അപാർട്ട്മെന്റുകളുടെ കവാടം പൊതുജനത്തിന് കാണാനായി ആദ്യമായി തുറന്നിരിക്കുന്നത്. ഇതോടെ ഇവിടുത്തെ അതുല്യമായ ആർഭാടക്കാഴ്ചകൾ ലോകത്തിന് മുന്നിൽ പരസ്യമാവുകയും ചെയ്തിരിക്കുകയാണ്.

മുൻ പോപ്പുമാരായ പിയുസ് പന്ത്രണ്ടാമനും പോൾ ആറാമനും മരിച്ച കിടക്കയും ജോൺ പോൾ രണ്ടാമൻ 1981ലെ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് തിരിച്ച് വന്ന കിടക്കയും കാണാനുള്ള അവസരം ഇപ്പോൾ പൊതുജനത്തിന് ലഭിച്ചിരിക്കുകയാണ്. ഇവയെല്ലാം ഇപ്പോഴും ഈ പോപ്പ് കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ കൊട്ടാരത്തിന്റെ പൂന്തോട്ടം 2014ൽ തന്നെ സന്ദർശകർക്കായി തുറന്ന് കൊടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഇവിടേക്ക് വത്തിക്കാൻ ആഴ്ചയിൽ ഒരു ട്രെയിൻ സർവീസും ആരംഭിച്ചിരുന്നു. എന്നാൽ ഇതാദ്യമായിട്ടാണ് പാലസ്സോയിലെ പ്രൈവറ്റ് അപാർട്ടുമെന്റുകളുടെ ഉൾവശങ്ങളുടെ ആഡംബരത അടുത്ത് നിന്ന് കാണുന്നതിനുള്ള അവസരം വത്തിക്കാൻ പൊതുജനത്തിന് നൽകിയിരിക്കുന്നത്. 

പോപ്പുമാർ ഉപയോഗിക്കുന്ന മുറിയിൽ നിന്നും നോക്കിയാൽ തടാകത്തിന്റെ മനോഹരമായ കാഴ്ച നുകരാം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇവിടം നിരവധി പേർക്ക് അഭയസ്ഥാനമായി വർത്തിച്ചിരുന്നു. സഖ്യസേനകൾ 1944 ജനുവരി 22ന് അൻസിയോ തീരപ്രദേശത്ത് കാല് കുത്തിയതിനെ തുടർന്ന് ഭയചകിതരായ ഇവിടുത്തുകാർ പോപ്പിന്റെ കൊട്ടാരത്തിൽ അഭയം തേടുകയായിരുന്നു. തുടർന്ന് അന്നത്തെ പോപ്പായ് പിയുസ് പന്ത്രണ്ടാമൻ ആയിരക്കണക്കിന് പേർക്ക് ഇവിടെ അഭയം നൽകിയിരുന്നു.

1944 ജൂൺ 4ന് റോം സ്വതന്ത്രമാക്കപ്പെടുന്നത് വരെ ഇവരിവിടെ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ചർച്ചുമായി ബന്ധപ്പെട്ട അമൂല്യമായ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന വത്തിക്കാനിലെ മ്യൂസിയങ്ങൾ കാസ്റ്റെൽ ഗാൻഡോൾഫോ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വിശാലമായ ഫാമും ഉണ്ട്. വത്തിക്കാനിലേക്കുള്ള പാൽ ഉൽപന്നങ്ങൾ ,മുട്ട, തേൻ തുടങ്ങിയവ ഇവിടെ നിന്നാണ് ഉൽപാദിപ്പിക്കുന്നത്.

ഇതിന് മുമ്പത്തെ പോപ്പുമാരെല്ലാം ഈ ആഡംബര കൊട്ടാരത്തിൽ താമസിച്ചിരുന്നു.എന്നാൽ ഇവിടുത്തെ പ്രധാനപ്പെട്ട വാതിലുകൾക്ക് തകരാറുണ്ടായതിനെ തുടർന്ന് പോപ്പ് ബെനഡിക്ട് പതിനാറാമൻ തന്റെ മാർപ്പാപ്പ പദവിയുടെ അവസാന നാളുകളിൽ ഇവിടെ നിന്നും വിട്ട് നിന്നിരുന്നു. ഇപ്പോഴത്തെ പോപ്പായി ചുമതലയേറ്റ ഫ്രാൻസിസ് ഈ ആഡംബര സൗധത്തിൽ താമസിക്കാൻ വിസമ്മതിക്കുകയുമായിരുന്നു.