ഗോള കത്തോലിക്കാ സഭയിൽ വനിതാ പൗരോഹിത്യം അനുവദിക്കില്ലെന്ന് പോപ്പ് ഫ്രാൻസിസ്. സ്വീഡൻ സന്ദർശനത്തിനുശേഷം റോമിലേക്ക് മടങ്ങവെ വിമാനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം മാർപാപ്പ വ്യക്തമാക്കിയത്. സ്വീഡനിൽ ലുഥറേൻ സഭാ ആസ്ഥാനത്ത് വനിതാ പുരോഹിതയാണ് മാർപാപ്പയെ സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് റോമൻ കത്തോലിക്കാ സഭയിൽ സ്ത്രീകൾ വൈദികരാകുമെന്ന് കരുതുന്നില്ലെന്ന് മാർപാപ്പ വ്യക്തമാക്കിയത്.

വനിതാ പൗരോഹിത്യം നിഷേധിച്ചുകൊണ്ട് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറത്തിറക്കിയ ഉത്തരവ് നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1994-ലാണ് ഇതുസംബന്ധിച്ച നിർദ്ദേശം ജോൺ പോൾ രണ്ടാമൻ മാർപാപ്പ നൽകിയത്. കത്തോലിക്കാ പാരമ്പര്യത്തിനെതിരാണ് വനിതാ പൗരോഹിത്യമെന്ന് അദ്ദേഹം അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

കത്തോലിക്കാ സഭയിൽ ഒരിക്കലും വനിതാ പുരോഹിതർ ഉണ്ടാവില്ലേ എന്ന ചോദ്യത്തിനും സുവ്യക്തമായ മറുപടിയാണ് പോപ്പ് നൽകിയത്. ജോൺ പോൾ മാർപാപ്പയുടെ നിർദേശങ്ങൾ കൃത്യമായി വായിക്കുകയാണെങ്കിൽ അത് മനസ്സിലാവും എന്ന് അദ്ദേഹം പറഞ്ഞു. വനിതാ പൗരോഹിത്യത്തിന് അനുകൂലമായ നിലപാടല്ല മുമ്പും ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ലോകമെമ്പാടും പുരോഹിതരെ കിട്ടാൻ വിഷമം നേരിടുന്ന സാഹചര്യത്തിൽ, വനിതകളെ പൗരോഹിത്യച്ചുമതല ഏൽപ്പിച്ചേക്കുമെന്നൊരു ധാരണ ഉടലെടുത്തിരുന്നു.

യേശുക്രിസ്തു തന്റെ പ്രതിപുരുഷന്മാരായി ആണുങ്ങളെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന വിശ്വാസമാണ് കത്തോലിക്കരുടേത്. എന്നാൽ, പ്രാചീന കാലത്ത് വനിതാ ഡീക്കന്മാരുടെ പദവി സംബന്ധിച്ച് പഠിക്കാൻ ഓഗസ്റ്റിൽ ഒരു സമിതിയെ ഫ്രാൻസിസ് മാർപാപ്പ ചുമതലപ്പെടുത്തിയപ്പോൾ, വനിതാ പൗരോഹിത്യത്തിന് വഴി തെളിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. കുർബാന നിർവഹിക്കാൻ അവകാശമില്ലാത്തവരാണ് ഡീക്കന്മാർ. എന്നാൽ മാമോദീസ നടത്തുന്നതിനും ശവസംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനും ഇവർക്ക് അവകാശമുണ്ട്. ആദ്യകാലത്ത് അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഡീക്കന്മാരാകുന്നതിൽനിന്ന് വനിതകളെ തടഞ്ഞു.

ക്രൈസ്തവ സഭയിൽ ലിംഗ സമത്വത്തിനുവേണ്ടി വാദിക്കുന്നവർ വനിതാ പൗരോഹിത്യം അനുവദിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാർപാപ്പയുടെ ഇപ്പോഴത്തെ നിലപാട് അതിനെ പാടേ തള്ളിയിരിക്കുകയാണ്.