റോം: സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാർഥികളെയും സംരക്ഷിക്കമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ലോകമെങ്ങുമുള്ള ക്രൈസ്തവരെ ഓർമപ്പെടുത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഉയിർപ്പ് തിരുനാൾ രാത്രിയിൽ നടന്ന കുർബാനയ്ക്ക് നേതൃത്വ നൽകിയശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. 

ദുരിതമനുഭവിക്കുന്നവർക്കും സ്ത്രീകൾക്കും അഭയാർഥികൾക്കും തണലാകണം. രാജ്യം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്നവരും കുടുംബവും വീടും നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. സഹായം ആവശ്യമുള്ളവർക്ക് അത് എത്തിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ടെന്നും അദ്ദേഹം ഈസ്റ്റർ ദിനത്തിൽ അദ്ദേഹം പറഞ്ഞു.

കുരിശിൽ തറച്ച ക്രിസ്തുദേവനെ കാണാൻ പോയ മാതാവിന്റെയും മഗ്ദലന മറിയത്തിന്റെയും ബൈബിളിലെ രംഗം ഉപമിച്ചുകൊണ്ടായിരുന്നു മാർപാപ്പയുടെ വാക്കുകൾ. ''ഇരുവരുടെയും മുഖത്ത് വിഷാദം തളംകെട്ടിയിരുന്നു. ഇതേ വിഷാദവും ഭയവും ഇന്ന് ലോകത്ത് പീഡിപ്പിക്കപ്പെടുന്നവരും സമൂഹത്തിൽ ഒറ്റപ്പെടുന്നവരുമായ എല്ലാ സ്ത്രീകളിലും കാണാമെന്ന്'' പറഞ്ഞ മാർപാപ്പ സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഓരോ വിശ്വാസിയേയും വീണ്ടും ഓർമപ്പെടുത്തി.

മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടിവരുന്ന ദരിദ്രരേയും അഭയാർഥികളെയും സംരക്ഷിച്ചും സഹായിച്ചുമാവണം ലോകം മുന്നോട്ട് പോവേണ്ടതെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. ഐഎസ് ഭീകരാക്രണ ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷയിലാണ് വത്തിക്കാൻ.