കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചാൽ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിൽ എത്തും. ഇതിനുള്ള തീരുമാനം വത്തിക്കാൻ എടുത്തു കഴിഞ്ഞു. മോദിയും മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച ഉറപ്പായതോടെ പാപ്പയുടെ ഇന്ത്യാസന്ദർശനം പ്രതീക്ഷിച്ച് ക്രൈസ്തവസമൂഹവും കാത്തിരിപ്പിലാണ്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് ഏറ്റവുമൊടുവിൽ ഇന്ത്യ സന്ദർശിച്ചത്. 1986-ൽ കേരളത്തിൽവന്ന അദ്ദേഹം 1999-ൽ വീണ്ടും സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയെ കണ്ടിരുന്നു. അത്തവണ കേരളത്തിലേക്കുവന്നില്ല. 2000-ൽ വാജ്പേയ് വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിച്ചു. മോദിയുടെ ക്ഷണപ്രകാരം ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലെത്തിയാൽ കേരളത്തിലും വരുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള കർദ്ദിനാൾമാർക്ക് ശുഭപ്രതീക്ഷയാണ് ഇക്കാര്യത്തിലുള്ളത്. 1964-ൽ പോൾ ആറാമനാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ച മാർപ്പാപ്പ.

സിറോ മലബാർ സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലിമിസ്, ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർ ഈ വർഷം ജനുവരിയിൽ മോദിയെ സന്ദർശിച്ചപ്പോൾ മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗോവ ഗവർണ്ണറായ അഡ്വ പി എസ് ശ്രീധരൻ പിള്ളയും ഇതിനുള്ള സമ്മർദ്ദം ചെലുത്തി. ഇതിന്റെ ഭാഗമായാണ് മോദി വത്തിക്കാനിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ മലയാളി ഇടപെടലുകൾ കൂടി പരിഗണിച്ച് മാർപ്പാപ്പ കേരളത്തിൽ എത്തുമെന്നാണ് സൂചന.

ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മാർ തുടങ്ങിയിടങ്ങളിലും മാർപ്പാപ്പ സന്ദർശനം നടത്തിയകാര്യം മോദിക്ക് മുമ്പി ക്രൈസ്തവ സഭാ അധ്യക്ഷന്മാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ മോദിയും പാപ്പയും നേരിട്ടുകാണുമ്പോൾ ഇക്കാര്യം ആവശ്യപ്പെടണമെന്നാണ് രാജ്യത്തെ ക്രൈസ്തവർ ആഗ്രഹിക്കുന്നതെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.

ശനിയാഴ്ച ഇന്ത്യൻ സമയം 12 മണിയോടെയാണ് മോദിയും മാർപ്പപ്പയും അരമണിക്കൂർ തമ്മിൽക്കാണുക. മോദിയോട് മാർപ്പാപ്പ എന്തെങ്കിലും പ്രത്യേകവിഷയം ഉന്നയിക്കുമോയെന്നാണു സഭകൾ ഉറ്റുനോക്കുന്നത്. കർണാടകസർക്കാരിന്റെ നിർദിഷ്ട മതപരിവർത്തന ബില്ലിനെതിരേ ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മക്കാഡോ രംഗത്തുവന്നിരുന്നു. ക്രൈസ്തവരുടെ ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ച് സർവേ നടത്താൻ അവിടത്തെ പിന്നാക്ക ക്ഷേമവകുപ്പിനു നൽകിയ നിർദ്ദേശവും വിവാദമായി.

ഇതിനെതിരേ മക്കാഡോ നടത്തിയ പ്രസ്താവന വത്തിക്കാന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'വത്തിക്കാൻ ന്യൂസി'ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പ എന്തെങ്കിലും പറയുമോയെന്നാണ് അറിയാനുള്ളത്. ഗോവ, മണിപ്പുർ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ മോദി-മാർപ്പാപ്പ കൂടിക്കാഴ്ച ബിജെപി.യെ ആഹ്ലാദിപ്പിക്കുന്നതാണ്. രണ്ടിടത്തും ക്രൈസ്തവർ നിർണ്ണായക ശക്തികളാണ്.