നിരാലംബരയാവർക്ക് അത്താണിയാണ് ദൈവം. ദൈവത്ിന്റെ പ്രതിപുരുഷനും അങ്ങനെ തന്നെ വേണമല്ലോ. റോമിൽ മുൻവേശ്യകളെ പാർപ്പിച്ചിരിക്കുന്ന അഭയകേന്ദ്രത്തിൽ അപ്രതീക്ഷിതമായി എത്തി ഫ്രാൻസിസ് മാർപാപ്പ അത് തെളിയിച്ചു. അശരണരായ ആ സ്ത്രീകളുടെ വാതിലിൽ മുട്ടിവിളിച്ച് അവർക്ക് അനുഗ്രഹം നൽകി പോപ്പ് വ്യത്യസ്തനായി.

നൈജീരിയക്കാരായ ഏഴുപേരും അൽബേനിയക്കാരായ നാലുപേരും റുമാനിയയിൽനിന്നുള്ള ആറുപേരും ഇറ്റലി, ടുണീഷ്യ, യുക്രൈൻ എന്നിവിടങ്ങളിൽനിന്ുള്ള ഓരോരുത്തരുമാണ് ഇവിടെ താമസിക്കുന്നത്. അവരോടൊപ്പമിരുന്ന് പോപ്പ് അവരുടെ പാപമോചനത്തിനായി പ്രാർത്ഥിച്ചു.

വേശ്യാവൃത്തിക്കുവേണ്ടിയുള്ള മനുഷ്യക്കടത്ത് മനുഷ്യരാശിക്കുനേർക്കുള്ള കുറ്റകൃത്യമാണെന്ന് പോപ്പ് ഫ്രാൻസിസ് നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിൽ ചതിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടും വേശ്യാവൃത്തിയിലെത്തപ്പെട്ട യുവതികളെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്. 30 വയസ്സിനടുത്ത് പ്രായമുള്ളവരാണ് ഇവരെല്ലാവരും.

പോപ്പ് ജിയോവാനി 22-മാന്റെ സ്മരണയ്ക്കായുള്ള ജീവകാരുണ്യ സംഘടനയാണ് ഇവർക്ക് അഭയകേന്ദ്രം ഒരുക്കിയത്. ഒരുമണിക്കൂറിലേറെ അവിടെ ചെലവഴിച്ച മാർപാപ്പ ഈ യുവതികൾ കടന്നുവന്ന യാതനകളുടെ കഖതൾ കേട്ടു. ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ ചരിത്രം അവർ പോപ്പിന് മുന്നിൽ തുറന്നുകാട്ടി.

ദയാവായ്പിന്റെ വെള്ളിയാഴ്ച എന്ന രീതിയിൽ എല്ലാമാസവും ഒരു വെള്ളിയാഴ്ച അപ്രതീക്ഷിതമായൊരു ചടങ്ങിൽ പോപ്പ് പങ്കെടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഈ അഭയകേന്ദ്രം പോപ്പ് സന്ദർശിച്ചത്. അവിടുത്തെ കുട്ടികളുടെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചും യുവതികളെ അനുഗ്രഹിച്ചും ദൈവത്തിന്റെ ദയാവായ്പ് അവരിലേക്ക് പകരാൻ പോപ്പ് തയ്യാറായി.