- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതകത്തോലിക്കാ സഭയ്ക്ക് ചരിത്ര നിമിഷം; ചാവറയച്ചനും ഏവുപ്രാസ്യമ്മയും ഇനി വിശുദ്ധർ; മലയാളികളടക്കമുള്ള പതിനായിരങ്ങളെ സാക്ഷി നിർത്തി മാർപ്പാപ്പ ഇരുവരേയും വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി
വത്തിക്കാൻ സിറ്റി: ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും ഇനി വിശുദ്ധർ. വത്തിക്കാനിൽ അനേകായിരം മലയാളികളെ സാക്ഷി നിർത്തി റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലുള്ള സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലിമധ്യേ ഫ്രാൻസിസ് മാർപാപ്പ ഇരുവരെയും വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി. ഇന്ത്യയിൽനിന്ന് ആദ്യമായി ഒരേസമയം രണ
വത്തിക്കാൻ സിറ്റി: ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും ഇനി വിശുദ്ധർ. വത്തിക്കാനിൽ അനേകായിരം മലയാളികളെ സാക്ഷി നിർത്തി റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലുള്ള സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലിമധ്യേ ഫ്രാൻസിസ് മാർപാപ്പ ഇരുവരെയും വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി. ഇന്ത്യയിൽനിന്ന് ആദ്യമായി ഒരേസമയം രണ്ടുപേർ വിശുദ്ധപദവിയിലേക്കുയർത്തപ്പെടുത്തി എന്നതാണ് പ്രത്യേകത.
കേരളത്തിൽ ആത്മീയത, വിദ്യാഭ്യാസം, അച്ചടി തുടങ്ങിയ മേഖലകളിൽ മാറ്റത്തിന്റെ പുതുപാത വെട്ടിത്തുറന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചനും 'പ്രാർത്ഥിക്കുന്ന അമ്മ' എന്നറിയപ്പെടുന്ന എവുപ്രാസ്യമ്മയും വിശുദ്ധരായി ഉയർത്തപ്പെട്ടത് ഭാരത്തിലെ കത്തോലിക്കാ സഭയ്ക്ക് അഭിമാന നിമിഷമാണ് സമ്മാനിച്ചത്.
ഇന്ത്യൻസമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലുള്ള സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലിമധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. ഇവർക്കൊപ്പം ഇറ്റലിക്കാരായ ജിയോവനി അന്റോണിയോ ഫരീന, ലുഡോവികോ ഡി കസോരിയ, നിക്കോള ഡി ലോംഗോബർഡി, അമാതോ റങ്കോണി എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.
ഭാരതസഭയിൽനിന്നുള്ള ആദ്യവിശുദ്ധനാണ് ചാവറയച്ചൻ. രണ്ടാമത്തെ വിശുദ്ധയാണ് എവുപ്രാസ്യമ്മ. ചാവറയച്ചൻ സ്ഥാപിച്ച സഭാസമൂഹത്തിലെ അംഗമാണ് ഇവരെന്ന പ്രത്യേകതയുമുണ്ട്. 2008 ഒക്ടോബർ 12ന് വിശുദ്ധപദവിയിലേക്കുയർത്തിയ അൽഫോൻസാമ്മയാണ് ഭാരതസഭയിലെ ആദ്യവിശുദ്ധ.
വിശുദ്ധപദവിപ്രഖ്യാപനത്തിന്റെ വൈസ് പോസ്റ്റുലേറ്റർമാരായിരുന്നവർ വിശുദ്ധരാക്കുന്നവരുടെ തിരുശേഷിപ്പ് മാർപാപ്പയ്ക്ക് കൈമാറിയതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് വിശുദ്ധപദവിപ്രഖ്യാപനത്തിന്റെ ചുമതലയുള്ള കർദിനാൾ അമാതോ, പാപ്പയോട് വിശുദ്ധപദവിപ്രഖ്യാപനം അഭ്യർത്ഥിച്ചു. പാപ്പ പേരുവിളിച്ച് ഓരോരുത്തരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ചടങ്ങ് രണ്ടുമണിക്കൂർ നീണ്ടു. കർദിനാൾമാർ ഉൾപ്പെടെ 1500 വൈദികർ വിശുദ്ധകുർബാനയിൽ സഹകാർമികരായി. ഇവരിൽ 800 പേർ ഇന്ത്യയിൽ നിന്നായിരുന്നു.
തിരുക്കർമങ്ങളിൽ ചാവറയച്ചന്റെ തിരുശേഷിപ്പ്, നാമകരണ കോടതിയുടെ വൈസ് പോസ്റ്റുലേറ്റർ ഫാ. ജെയിംസ് മഠത്തിക്കണ്ടം അൾത്താരയിലേക്ക് ആനയിച്ചു. പുഷ്പങ്ങൾ സംസ്ഥാന സർക്കാർ പ്രതിനിധി മന്ത്രി കെ സി ജോസഫാണ് വഹിച്ചത്്. എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പ് സിഎംസി സുപ്പീരിയർ ജനറൽ മദർസാങ്റ്റ അൾത്താരയിലേക്കു കൊണ്ടുപോയി. തിരുശേഷിപ്പിനൊപ്പം കത്തിച്ച മെഴുകുതിരി സിഎംസി തൃശൂർ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഒമറും പുഷ്പങ്ങൾ ഇരിങ്ങാലക്കുട പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റോസ് മേരിയും വഹിച്ചു.
മലയാളി ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയിലെ ഗായകസംഘത്തിൽ മലയാളികളടക്കം 50 പേരുണ്ടായിരുന്നു. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സഭയിൽനിന്നുള്ള പ്രതിനിധിസംഘം പങ്കെടുത്തത്. സിറോ മലങ്കരസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, റാഞ്ചി ആർച്ച് ബിഷപ് കർദിനാൾ ഡോ. ടെലസ്‌ഫോർ ടോപ്പൊ, വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, തൃശൂർ അതിരൂപതാ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ് മാർജോസഫ് പെരുന്തോട്ടം, പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉൾപ്പെടെയുള്ള സഭാതലവന്മാരും ഒപ്പമുണ്ടായിരുന്നു. ചാവറയച്ചനും എവുപ്രാസ്യമ്മയ്ക്കുമൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ആറു പേരുടെയും ചിത്രങ്ങൾ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നേരത്തെ അനാവരണം ചെയ്തിരുന്നു.
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും മധ്യസ്ഥതയാൽ രോഗസൗഖ്യം നേടിയതായി വത്തിക്കാൻ സാക്ഷ്യപ്പെടുത്തിയ പാലാ സ്വദേശി മരിയയും കൊടകര സ്വദേശി ജ്യൂവലും വെള്ളിയാഴ്ചതന്നെ വത്തിക്കാനിലെത്തിയിരുന്നു. വേദിയുടെ മുൻനിരയിരുന്നു ഇവർക്കുള്ള ഇരിപ്പിടം. ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ മലയാളികളുൾപ്പെടെ അഞ്ചരലക്ഷത്തിലധികം വിശ്വാസികളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി റോമിൽ എത്തിയത്. കേന്ദ്രസംസ്ഥാന സർക്കാറുകളുടെ പ്രതിനിധികൾ റോമിലെത്തിയിരുന്നു. പ്രൊഫസർ പി.ജെ കുര്യന്റെ നേതൃത്വത്തിലാണ് കേന്ദ്രപ്രതിനിധിസംഘം. ജോസ് കെ.മാണി എംപിയും സംഘത്തിലുണ്ട്. മന്ത്രിമാരായ കെ.സി. ജോസഫ്, പി.ജെ. ജോസഫ്, എംപി. വിൻസെന്റ് എംഎൽഎ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചത്.
പ്രാദേശികസമയം ഏഴുമണി മുതൽ പ്രവേശനം ചത്വരത്തിലേക്ക് വിശ്വാസികളെ കയറ്റി വിട്ടു. എന്നാൽ പല മലയാളികളും രാവിലെ അഞ്ചുമണിക്ക് തന്നെ ക്യൂ നിൽക്കാൻ എത്തി. വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന ജാഗരണ പ്രാർത്ഥനയിൽ കേരളത്തിൽ നിന്നുള്ള ബിഷപ്പുമാരുൾപ്പെടെ ആയിരക്കണക്കിനു മലയാളികൾ പങ്കെടുത്തു. റോമിലെ സിറോ മലബാർ കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ. വൈകിട്ടു നാലിനു റോമിലെ സാന്താമരിയ മജോരെ ബസിലിക്കയിൽ പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനകൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയസ് ക്ലീമീസ് കാതോലിക്ക ബാവ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി കെ സി ജോസഫ്, ജോസ് കെ മാണി എംപി, ഒല്ലൂർ എംഎൽഎ വിൻസെന്റ്, മുൻ എംഎൽഎ തോമസ് ചാഴിക്കാടൻ എന്നിവർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.