വത്തിക്കാൻ: സാധാരണക്കാർക്ക് അപ്രാപ്യമായ സിംഹാസനത്തിൽ നിന്നും താഴെ ഇറങ്ങി കത്തോലിക്ക സഭക്ക് പുതിയ ദിശാബോധം നൽകുന്ന പോപ്പ് ഫ്രാൻസിസ് പാപങ്ങളെ നിർവ്വചിക്കുന്നതിലും പൊളിച്ചെഴുത്ത് നടത്തുന്നു. നിർബന്ധിത സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തേണ്ടി വന്നാലും അത് കുമ്പസാരത്തിലൂടെ പൊറുക്കാൻ വയ്യാത്ത പാപമായി കണക്കാക്കപ്പെട്ടിട്ടുള്ളതിനാൽ വേദനയോടെ കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് ആശ്വാസമാകുകയാണ് പോപ്പിന്റെ പുതിയ പ്രഖ്യാപനം. കുമ്പസാരത്തിലൂടെ വൈദികർക്ക് പൊറുക്കാൻ സാധിക്കുന്ന പാപത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുയാണ് ഗർഭഛിദ്രത്തെയും പോപ്പ് ഫ്രാൻസിസ് ഇപ്പോൾ.

കത്തോലിക്ക സഭയുടെ പരിശുദ്ധ വർഷത്തിലാണ് മാർപ്പാപ്പയുടെ ആഹ്വാനം. ഗഭർഛിദ്രം ചെയ്ത സ്ത്രീകളോടും ഗർഭഛിദ്രം ചെയ്യുന്ന ഡോക്ടർമാരോടും ക്ഷമിക്കാൻ പുരോഹിതരോട് മാർപാപ്പയുടെ ആഹ്വാനം. ചൊവ്വാഴ്ച വത്തിക്കാൻ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗർഭഛിദ്രം ചെയ്യുന്നത് ഗുരുതരമായ പാപമായി കണക്കാക്കിയിരുന്ന സഭയുടെ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയായാണ് മാർപാപ്പയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. പരിശുദ്ധ വർഷം ആചരിക്കുമ്പോൾ ഗർഭഛിദ്രം ചെയ്യുന്ന സ്ത്രീകളോട് ക്ഷമിക്കുന്നത് പുരോഹിതന്മാരുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുകയാണ് മാർപാപ്പ.

ഗർഭഛിദ്രത്തിന് വിധേയരാകുന്ന സ്ത്രീകളുടെ മാനസിക വ്യഥ നേരിട്ട് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അവരോട് ക്ഷമിക്കാനുള്ള തീരുമാനമെന്ന് മാർപാപ്പ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഗർഭഛിദ്രം പാപമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും ദയാപൂർവമായ കാഴ്ചപ്പാടാണ് ഇതിലൂടെ സഭ ലക്ഷ്യമിടുന്നതെന്നും വത്തിക്കാൻ വക്താവ് ഫെഡറികോ ലൊംബാർഡി പറഞ്ഞു. മാർപാപ്പയുടെ കത്തിലെ ഇളവ് പരിശുദ്ധ വർഷത്തിൽ മാത്രമേ ബാധകമാകൂ എന്ന് വത്തിക്കാൻ ഡെപ്യൂട്ടി വക്താവ് ഫാ. സിറോ ബെനഡെറ്റിനി പറഞ്ഞു.

ഗർഭഛിദ്രം കടുത്ത പാപമായി കരുതുന്ന പുരോഹിതരോടാണ് പോപ്പ് തീരുമാനമറിയിച്ചത്. വേദനാജനകമായ ഈ തീരുമാനത്തിൽ ദുഃഖിക്കുന്ന ധാരാളം സ്ത്രീകളെ താൻ കണ്ടിട്ടുണ്ട്. ചെയ്യുന്ന പാപത്തിന്റെ കാഠിന്യമറിഞ്ഞെത്തുന്നവർക്ക് സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായി സ്വാഗതമോതണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വിശ്വാസികളുടെ പാപങ്ങൾക്ക് മാപ്പുനൽകാൻ ഈ വർഷം ഡിസംബർ എട്ടുമുതൽ 2016 നവംബർ 20 വരെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും വാർഷികാഘോഷം സംഘടിപ്പിക്കുമെന്ന് പാപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

വിവാഹ മോചനം നേടിയതിന് ശേഷം പുനൽ വിവാഹം ചെയ്യുന്ന കത്തോലിക്കരെ പള്ളികൾ സ്വീകരിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവാഹ മേചനം നേടിയ കാത്തോലിക്കർ പുനർ വിവാഹം ചെയ്യുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗർഭഛിദ്രത്തിലെ തീരുമാനവും. പുനർ വിവാഹം ചെയ്യുന്നവർ പള്ളിയുടെ ഭാഗം തന്നെയാണെന്നും പോപ്പ് വ്യക്തമാക്കിയിരുന്നു. ഇവരെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായി കണക്കാക്കുന്നത് തെറ്റാണെന്നും അതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്കായി നൽകുന്ന പ്രഭാഷണത്തിലാണ് പോപ്പ് നിലപാട് വ്യക്തമാക്കിയത്.

കത്തോലിക്കാ സഭയുടെ വിശ്വാസപ്രകാരം ആദ്യ വിവാഹം അസാധുവാക്കാതെയുള്ള വിവാഹം വ്യഭിചാരമായാണ് കണക്കാക്കുന്നത്. ഇത്തരക്കാർക്ക് കൂദാശകൾ സ്വീകരിക്കാനും സഭ അനുവാദം നൽകുന്നില്ല. നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ വിളിച്ചു ചേർത്ത യോഗത്തിൽ കുടുംബസങ്കൽപ്പത്തെ കുറിച്ച് ബിഷപ്പുമാർ അഭിപ്രായം പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ മനസ്സിലാക്കി പോപ്പ് പുതിയ തീരുമാനങ്ങൾ എടുക്കുന്നത്.

ഈ തീരുമാനമെല്ലാം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികൾക്ക് തുണയാകുന്നതാണ്. പീഡനത്തിന് ഇരായായി ഗർഭഛിദ്രം നടത്തുന്നവരെ പോലും പാപികളായി കാണുന്ന സാഹചര്യത്തിന് ഇതോടെ അവസാനമാകും. അതുകൊണ്ട് കൂടിയാണ് പോപ്പിന്റെ നിലപാടുകൾക്ക് പിന്തുണ ഏറുന്നത്.