വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയോളം ലാളിത്യം കൊണ്ട് ഇത്രയും ശ്രദ്ധപിടിച്ചു പറ്റിയ മറ്റൊരാൾ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. യാത്രകളിൽ സ്വന്തം ബാഗ് കൈവയിൽ ചുമന്നു കൊണ്ടു പോയി ശ്രദ്ധേയനായ പാപ്പ ഇത്തവണ ശ്രദ്ധ നേടിയത് പുതിയ ചെരുപ്പു വാങ്ങാനായി കടയിൽ നേരിട്ടെത്തിയതാണ്. കാലുവേദന കുറയ്ക്കാൻ പ്രത്യേക രീതിയിലുള്ള ഓർത്തോപീഡിക് ചെരുപ്പാണ് മാർപാപ്പ ഉപയോഗിക്കുന്നത്. ഈ ചെരുപ്പു വാങ്ങാനാണ് അദ്ദേഹം നേരിട്ടെത്തിയത്.

വത്തിക്കാൻ നഗരത്തിലെ മരുന്നു കടയിൽനിന്നാണ് അദ്ദേഹം നേരിട്ടെത്തി ചെരുപ്പു തിരഞ്ഞെടുത്തത്. മാർപ്പാപ്പ ഷോപ്പിലെത്തിയത് അറഞ്ഞ് ഷോപ്പിനുചുറ്റും ആളുകൾ തിങ്ങിക്കൂട്ടി. ചിലർ ഒപ്പം നിന്നും ഫോട്ടോയെടുച്ചും, മാർപ്പാപ്പ ചെരുപ്പു വാങ്ങുന്ന ചിത്രങ്ങളും ചിലർ സെൽഫിയായി എടുത്തു. കടക്കാരനെ അനുഗ്രഹിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഇതിനോടകം പോപ്പിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ ചിലർ പോസ്റ്റു ചെയ്തതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഇതോടെ അതിവേഗം തന്നെ വാർത്ത സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞു. പോപ്പിനെ റോമിന്റെ മേയർ ആക്കണം എന്നു വരെ ആവശ്യപ്പെട്ട കമന്റുകൾ വരികയും ചെയത്ു. 2015 സെപ്റ്റംബറിൽ മാർപാപ്പ കണ്ണട വാങ്ങാൻ നേരിട്ടെത്തിയതും വാർത്തയായിരുന്നു. എല്ലാക്കാലവും ലാളിത്യം കൊണ്ടാണ് ഫ്രാൻസിസ് പാപ്പ ശ്രദ്ധിക്കപ്പെടുന്നത്.