ന്യൂയോർക്ക്: അടുത്ത സെപ്റ്റംബറിൽ പോപ്പ് ഫ്രാൻസീസ് ഫിലാഡൽഫിയ സന്ദർശിക്കുന്നു. മാർപ്പാപ്പയായതിനു ശേഷമുള്ള ആദ്യത്തെ യുഎസ് സന്ദർശനമാണിതെന്ന് വക്താവ് വെളിപ്പെടുത്തി. 35 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു മാർപ്പാപ്പ ഫിലാഡൽഫിയ സന്ദർശിക്കുന്നത്. അതേസമയം മാർപ്പാപ്പയുടെ യുഎസ് സന്ദർശനം ആഗോള കുടുംബസംഗമത്തോടനുബന്ധിച്ചുള്ളതായത് തികച്ചും ആകസ്മികമായാണെന്ന് പോപ്പിനോടടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഫിലാഡെൽഫിയയിൽ അരങ്ങേറുന്ന എട്ടാമത് ആഗോള കുടുംബസംഗത്തിൽ മാർപ്പാപ്പ മുഖ്യാതിഥിയായിരിക്കും. ഫ്രാൻസീസ് മാർപ്പാപ്പയ്ക്കു മുമ്പ് മൂന്നു മാർപ്പാപ്പമാരാണ് യുഎസ് സന്ദർശിച്ചിട്ടുള്ളത്. പോൾ ആറാമനും ജോൺ പോൾ രണ്ടാമനും ഇപ്പോഴത്തെ എമരിത്തുസ് ബെനഡിക്ട് പതിനാറൻ മാർപ്പാപ്പയുമാണ് യുഎസ് സന്ദർശിച്ചിട്ടുള്ളവർ.

മൂന്നു ദിവസത്തെ സന്ദർശനമാണ് മാർപ്പാപ്പയ്ക്ക് തയാറാക്കിയിട്ടുള്ളത്. സെപ്റ്റംബർ 27ന് ബെൻ ഫ്രാങ്കഌൻ പാർക്ക് വേയിൽ പോപ്പ് കുർബാന അർപ്പിക്കും. രണ്ടു മില്യണിലധികം പേർ കുർബാനയിൽ പങ്കെടുക്കാൻ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മോഡേൺ ഫിലാഡൽഫിയയുടെ ചരിത്രത്തിലെ വൻ സംഭവമായിരിക്കുമിതെന്ന് മേയർ മൈക്കിൾ നട്ടർ വിശേഷിപ്പിച്ചു.