പത്തനംതിട്ട: 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പു കേസിൽ കൂടുതൽ പേർ പ്രതികളായാക്കും. തട്ടിപ്പിൽ ഉടമകളെ കൂടാതെ മറ്റു ചിലർക്കും പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ഉടമകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്ന് നഗരങ്ങളിൽ ഇവർക്ക് സ്വത്തുക്കളുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ എന്നിവിടങ്ങളിലായി നിരവധി ആഡംബര ഫ്‌ളാറ്റുകൾ ഇവർക്കുണ്ട്.

കൊച്ചിയിൽ ആഡംബര വില്ലയും സ്വന്തമായുണ്ട്. ഫ്‌ളാറ്റുകളിൽ ചിലത് തോമസ് ഡാനിയേലിന്റെ പേരിലും മറ്റ് ചിലത് മക്കളുടെ പേരിലുമാണ്. നാല് വർഷത്തിനിടെ മൂന്ന് ആഡംബര കാറുകളാണ് ഉടമകൾ സ്വന്തമാക്കിയത്. രണ്ട് ബെൻസ് കാറുകളും ഒരു ഓഡിയും ഇവർക്കുണ്ട്. കാറുകളിൽ മറ്റൊന്ന് ഡ്രൈവറുടെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി. കേരളാ അതിർത്തിയായ തെങ്കാശിയിലും പരിസരത്തുമായി ഏക്കർ കണക്കിന് വസ്തുവാണ് പോപ്പുലർ ഗ്രൂപ്പ് ഉടമകൾ വാങ്ങിക്കൂട്ടിയിരുന്നത്. കേരളത്തിലേത് പോലെ ഭൂമി വില ഇവിടെ ഇല്ല. തുച്ഛമായ തുകയ്ക്കാണ് ഒരേക്കർ ഭൂമിക്ക് ലഭിക്കുക. വ്യാഴാഴ്ച തെങ്കാശിയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ സംഘം ആന്ധ്രയിലേക്ക് കടന്നിരുന്നു. ഇവിടെ ഒരു ചെമ്മീൻ കെട്ട് മാത്രമാണുള്ളത്.

തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസ് ഉടമകളിൽ നാലാം പ്രതിയെന്ന് പൊലീസ് പറയുന്ന വനിതാ ഡോക്ടറുടെ അറസ്റ്റും താമസിയാതെ ഉണ്ടായേക്കും. മാനേജിങ് ഡയറക്ടർ തോമസ് ഡാനിയേലിന്റെ മകളും നാലാം പ്രതിയുമായ ഡോ. റിയ തോമസ് സർക്കാർ സർവീസിൽ ജോലി ചെയ്യുന്നതായിട്ടാണ് പൊലീസ് പറയുന്നത്. പോപ്പുലർ ഫിനാൻസിന്റെ ഡയറക്ടർമാരിൽ ഒരാളാണ് പിടികിട്ടാനുള്ള റിയ തോമസ്.

എൽ.എൽ.പി. (ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ്) സർട്ടിഫിക്കറ്റ് നൽകിയാണ് തുകകൾ സ്വീകരിച്ചിരുന്നത്. 21 എൽ.എൽ.പി. സ്ഥാപനങ്ങളാണ് പോപ്പുലറിന് ഉണ്ടായിരുന്നത്. പണം ശേഖരിച്ച് രാജ്യം വിടുക എന്നതായിരുന്നു ഉടമകളുടെ ലക്ഷ്യമെന്ന് അന്വേഷണസംഘത്തിന് ബോദ്ധ്യപ്പെട്ടു. പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴും നിക്ഷേപകർക്ക് അവരുടെ തുക തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് യാതൊരു നടപടികളും ആയിട്ടില്ല. ഓസ്ട്രേലിയയിലേക്ക് പണം കടത്തിയെന്ന് തെളിഞ്ഞതോടെ കേന്ദ്ര ഏജൻസികളുടെ ഇടപെടലും ഇക്കാര്യത്തിൽ വേണ്ടിവരും.

പോപ്പുലർ ഫിനാൻസിന്റെ വകയാറുള്ള ആസ്ഥാനത്തെ പ്രധാന ജീവനക്കാരെ ജില്ലാ പൊലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തു. വിവിധ ശാഖകളിലെ നിക്ഷേപങ്ങൾ, പുറത്തേക്ക് പോയ തുക എന്നിവ സംബന്ധിച്ച വിവരങ്ങൾ ജില്ലാ സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ വിശകലനം ചെയ്തുവരുന്നു. ഫിനാൻസ് സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ ശാഖകളിലും മറ്റും വന്ന നിക്ഷേപങ്ങളും, പുറത്തേക്കു പോയ തുകകളും സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണ്. ജില്ലാ സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ കണക്കുകൾ വിശകലനം ചെയ്തുവരുന്നതായും, ചോദ്യംചെയ്യലിൽ വിലപ്പെട്ട വിവരങ്ങൾ ലഭിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പരിശോധനകൾ തുടരുകയാണ്. നിക്ഷേപകരുടെ പണം വിവിധ പേരുകളിൽ രജിസ്റ്റർ ചെയ്ത മറ്റു സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതു സംബന്ധിച്ചും, മറ്റുമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇലക്ടോണിക് രേഖകൾ വിശകലനം ചെയ്യുന്നതെന്ന് ജില്ലാപൊലീസ് മേധാവി വ്യക്തമാക്കി. അതിനിടെ, പ്രതികളുടെ പേരിൽ തമിഴ്‌നാട്ടിൽ ഉണ്ടെന്നു പറയപ്പെടുന്ന വസ്തുവകകളെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിന് കോന്നി എസ്‌ഐ കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു. പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണമാണ് നടന്നുവരുന്നതെന്ന് എസ്‌പി പറഞ്ഞു.

പ്രതികളുമായി രണ്ടു ടീമുകളായി തിരിഞ്ഞുള്ള പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കോന്നി പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ തെളിവെടുപ്പ് ഏറെക്കുറെ പൂർത്തിയായി. ഇനി ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലേക്ക് സംഘം പ്രതികളുമായി തെളിവെടുപ്പിന് നീങ്ങുകയാണ്. അടൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ കമ്പനി മാറ്റിയ അക്കൗണ്ടുകളെപ്പറ്റിയും അവിടങ്ങളിലെ സഹായികളെപ്പറ്റിയും അന്വേഷണവും രേഖകളുടെ പരിശോധനയും തുടരുകയാണ്.