പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അഞ്ചാം പ്രതിയും ഉടമ റോയ് ഡാനിയലിന്റെ രണ്ടാമത്തെ മകളുമായ ഡോ. റിയ ആൻ തോമസിന്റെ അറസ്റ്റ് അപ്രതീക്ഷിതം. ഇതിന് കാരണമായതാകട്ടെ ഹൈക്കോടതി ഇടപെടലും. നിക്ഷേപകരുടെ ഹർജിയിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുള്ള കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയാണ് റിയയ്ക്ക് വിനയായത്. ഇതിന്റെ അടിസ്ഥാനത്തിൽ കോന്നി പൊലീസ് സ്റ്റേഷനിൽ പുതുതായി രണ്ടു കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിലാണ് ഇപ്പോൾ റിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുൻകുർ ജാമ്യത്തിനായി റിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായാൽ മതിയെന്നാണ് ഹൈക്കോടതി ജാമ്യ ഹർജി തള്ളിക്കൊണ്ട് അറിയിച്ചിരുന്നത്. പൊലീസിന് മുന്നിൽ ഹാജരാകുന്നതിന് സാവകാശം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റുണ്ടാകില്ലെന്ന ധാരണയിലായിരുന്നു റിയയും ബന്ധുക്കളും. അതു കൊണ്ട് തന്നെ നിലമ്പൂരിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിയ ഒളിവിൽ പോകാനും ശ്രമിച്ചിരുന്നില്ല.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമ്പോൾ കോന്നി സ്റ്റേഷനിലുള്ള ഒരു കേസ് മാത്രമാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് എതിരേയുണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയാണ് വന്നതും. എന്നാൽ ഇന്നലെ പുതിയതായി എടുത്ത രണ്ടു കേസുകൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘത്തിലുള്ള കോന്നി പൊലീസ് ഇൻസ്പെക്ടർ പിഎസ് രാജേഷും സംഘവും റിയ ജോലി ചെയ്യുന്ന നിലമ്പൂരിലേക്ക് തിരിച്ചത്. തന്നെ അറസ്റ്റ് ചെയ്യാൻ വന്ന പൊലീസ് സേനയെ കണ്ട് റിയ അമ്പരന്നു. തുടർന്ന് ഹൈക്കോടതി വിധിയുടെ കാര്യം ഓർമിപ്പിച്ചു. ആ കേസിലല്ല, പുതിയ കേസിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചതോടെ ഒപ്പം പോരേണ്ടി വന്നു. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ എത്തിച്ച റിയയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

സർക്കാരിന്റെയും പൊലീസിന്റെയും ഒത്തുകളി പൊളിഞ്ഞതോടെ പോപ്പുലർ തട്ടിപ്പ് കേസിൽ ഉടമകൾക്ക് കുറേക്കാലം ജയിലിൽ കിടക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. നേരത്തേ കേരളത്തിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമുള്ള പരാതികൾ ഒറ്റ കേസായി കോന്നിയിൽ രജിസ്റ്റർ ചെയ്യാനാണ് സർക്കാരിന്റെ നിർദേശ പ്രകാരം ഡിജിപി ഉത്തരവിട്ടത്. തങ്ങളുടെ ജോലി ഭാരം ലഘൂകരിക്കാനാണ് ഇത്തരമൊരു വിചിത്രമായ നടപടിയെന്നാണ് പൊലീസിന്റെ വാദം. എന്നാൽ, ഇത് പോപ്പുലർ ഉടമകളെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നത് വ്യക്തമാണ്.

എല്ലാം കൂടി ഒരു കേസാക്കുകയും അതിന് ജാമ്യം ലഭിക്കുകയും ചെയ്താൽ ഉടമകൾക്ക് പുറത്തിറങ്ങി കറങ്ങി നടക്കാമായിരുന്നു. അതാണിപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ മൂലം പൊളിഞ്ഞത്. ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തതോടെ പോപ്പുലർ ഉടമകൾ ഇനി കുറേ പാടുപെടും പുറത്തിറങ്ങാൻ.