പത്തനംതിട്ട:പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥാപന ഉടമ റോയി ഡാനിയലിന്റെ 2 മക്കൾ രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ ചർച്ചയാകുന്നത് പൊലീസിന്റെ കരുതൽ. സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ റിനു മറിയം തോമസ്, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം റിയ ആൻ തോമസ് എന്നിവരാണ് കസ്റ്റഡിയിലായത്. ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ ദുബായിലേക്കും അവിടെനിന്ന് ഓസ്‌ട്രേലിയയിലേക്കും കടക്കാനായിരുന്നു പദ്ധതി. പൊലീസ് തന്ത്രപരമായി ഇവരെ കുടുക്കി.

തട്ടിപ്പ് സാമ്രാജ്യത്തിന്റെ രാജ്ഞിമാരായി മാറിയ പെൺമക്കൾ അഴിക്കുള്ളിൽ ആകുന്നത് തടയാൻ നടത്തിയ നീക്കം പൊളിയകുകയായിരുന്നു. പൊലീസ് പുറത്തിറക്കിയ തിരച്ചിൽ നോട്ടിസിന്റെ അടിസ്ഥാനത്തിൽ റിനുവിനെയും റിയയെയും വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ ശേഷം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹം ഇരുവരെയും തടഞ്ഞു വയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പരസ്യമായി പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ ഇവരുടെ പേരില്ലായിരുന്നു. ഈ പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയയിലെ ബന്ധുക്കളുടെ അടുത്തേക്ക് പറക്കാൻ ശ്രമിച്ചതും കുടുങ്ങിയതും.

പത്തനംതിട്ടയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോന്നി ഇൻസ്‌പെക്ടർ പി.എസ്.രാജേഷിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം വിമാന മാർഗം ഡൽഹിക്ക് പുറപ്പെട്ടു. ഇവർ എത്തിയ ശേഷം റിനുവിനെയും റിയയെയും അറസ്റ്റ് ചെയ്ത് ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും. അതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇതോടെ റോയി ഡാനിയലിന്റെ രണ്ട് മക്കളും അഴിക്കുള്ളിലാകും. ഇത് റോയിയേയും സമ്മർദ്ദത്തിലാക്കും. റോയിയും ഭാര്യയും ഉടൻ കീഴടങ്ങാനും ഇത് വഴിയൊരുക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പത്തനംതിട്ട എസ് പി കെജി സൈമണിന്റെ ചടുലമായ നീക്കമാണ് റോയിയെ കുടുക്കുന്നത്.

കെജി സൈമണാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഒരു വിധ സമ്മർദ്ദത്തിനും സൈമൺ വഴങ്ങില്ല. അതുകൊണ്ടാണ് ചിട്ടി തട്ടിപ്പ് കേസ് പുറത്തു വന്ന് ദിവസങ്ങൾക്കുള്ളിൽ രണ്ടു പേർ അഴിക്കുള്ളിലായത്. റോയിയേയും പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. റോയിക്കും ഭാര്യയ്ക്കും വേണ്ടി വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്‌സ്പോർട്സ്, പോപ്പുലർ ഡീലേഴ്‌സ്, മാനേജിങ് പാർട്‌നർ തോമസ് ഡാനിയൽ, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്‌സ് എന്നീ പേരിൽ കഴിഞ്ഞ ദിവസം പത്തനംതിട്ട സബ് കോടതിയിൽ പാപ്പർ ഹർജി നൽകുകയും ചെയ്തിട്ടുണ്ട്.

പോപ്പുലർ ഫിനാൻസ് ഉടമകളായ റോയി, ഭാര്യ പ്രഭ എന്നിവരുടെ ചിത്രം വച്ച് മാത്രമേ ലുക്കൗട്ട് നോട്ടീസ് പുറത്തു വിട്ടിട്ടുള്ളൂ എന്നായിരുന്നു പൊലീസ് മാധ്യമങ്ങൾക്ക് നൽകിയ വിവരം. തങ്ങൾക്കെതിരേ കൂടി നോട്ടീസ് വരുന്നതിന് മുൻപ് രാജ്യം വിടാനായിരുന്നു റോയിയുടെ മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരുടെ നീക്കം. ഇതിൽ പ്രകാരം ഡൽഹി വിമാനത്താളവത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ എത്തിയപ്പോഴാണ് സിഐഎസ്എഫ് തടഞ്ഞു വച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി പൊലീസ് ഇൻസ്‌പെക്ടർ പിഎസ് രാജേഷ് ഇന്ന് തന്നെ ഡൽഹിയിലേക്ക് തിരിക്കും. അവിടുത്തെ കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറണ്ട് സമ്പാദിച്ച് പ്രതികളുമായി നാട്ടിലേക്ക് തിരിക്കും. ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകാനായിരുന്നു റിയയുടെയും റിനുവിന്റെയും പദ്ധതി. ഇവർ കേരളത്തിൽ തന്നെയുണ്ടായിരുന്നോ അതോ ഡൽഹിയിലായിരുന്നോ എന്ന വിവരം പൊലീസ് പരിശോധിച്ച് വരികയാണ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡംഗങ്ങളും ഉയർന്ന ഉദ്യോഗസ്ഥരുമായിട്ടുള്ള എട്ടോളം പേർക്കെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ റോയി, പ്രഭ എന്നിവർക്കെതിരേ മാത്രമാണ് നോട്ടീസുള്ളത് എന്ന വിവരമാണ് അന്വേഷണ സംഘം പുറത്തു വിട്ടത്. മറ്റുള്ളവർ ഒളിവിൽ പോകാതിരിക്കാനും അവർ വഴി മുഖ്യപ്രതികളിലേക്ക് ചെന്നെത്താനുമുള്ള വഴിയായിട്ടാണ് പൊലീസ് ഇതിനെ കണ്ടത്. അതിൽ പ്രതികൾ വീഴുകയായിരുന്നു.

കേരളത്തിന് അകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരിൽ നിന്നുമായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ ലഭിച്ച പരാതികൾ കണക്കാക്കിയാൽ നൂറു കോടി യുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇനിയും പരാതിക്കാർ എത്താനുണ്ട്. ഇരുനൂറിലേറെപ്പേർ വിവിധ സ്റ്റേഷനുകളിലായി പരാതി നൽകിയിട്ടുണ്ട്. പെൻഷൻ പറ്റിയപ്പോൾ ലഭിച്ച ആനുകൂല്യങ്ങൾ എല്ലാം ചേർത്ത് 28 ലക്ഷം നിക്ഷേപിച്ച വനിതാ എസ്‌ഐയാണ് തട്ടിപ്പ് സംബന്ധിച്ച് ആദ്യ പരാതി കോന്നി പൊലീസ് സ്റ്റേഷനിൽ കൊടുത്തത്.

ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ച്, തമിഴ്‌നാട്ടിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെയായി മുന്നൂറോളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലർ ഫിനാൻസ്. ഈ ബ്രാഞ്ചുകളും പത്രാസും പകിട്ടുമൊക്കെയാണ് നിക്ഷേപകരെ കുഴിയിൽ ചാടിച്ചത്. നിക്ഷേപ സർട്ടിഫിക്കറ്റിന് പകരം ഷെയർ ആണ് തങ്ങളുടെ കൈയിലുള്ളത് എന്ന് നിക്ഷേപകരിൽ ഒരാൾ പോലും അറിഞ്ഞില്ല. പന്ത്രണ്ടു ശതമാനം പലിശ കിട്ടും എന്ന് അറിഞ്ഞപ്പോൾ ആൾക്കാർ കണ്ണും പൂട്ടി നിക്ഷേപം നടത്തുകയായിരുന്നു. ദേശ സാൽകൃത ബാങ്കുകളിൽ ലഭിക്കുന്നതിന്റെ ഇരട്ടിയാണ് പലിശ. പണം സ്വീകരിച്ച ശേഷം നിക്ഷേപകർക്ക് നൽകുന്ന രസീതിൽ ഒരിടത്തും പലിശ നിരക്ക് പറയുന്നില്ല.

അതേ സമയം ഷെയറിന്റെ ലാഭവിഹിതം 12 ശതമാനം എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരൊന്നും തന്നെ ഈ സർട്ടിഫിക്കറ്റ് വായിച്ചതായി തോന്നുന്നില്ലെന്ന് അന്വേഷണം നടത്തുന്ന പൊലീസ് സംഘം ചൂണ്ടിക്കാട്ടുന്നു. അരലക്ഷം മുതൽ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരുണ്ട്. കള്ളപ്പണം വെളുപ്പിക്കാനായി കൊണ്ടിട്ടവർ മാത്രം ഒന്നും മിണ്ടുന്നില്ല. മക്കളുടെ വിവാഹം, പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് നിക്ഷേപിച്ചവരുടെ നെഞ്ചിൽ തീയാണ്. കിടപ്പാടം വിറ്റ് നിക്ഷേപിച്ചവർ ആത്മഹത്യയുടെ വക്കിലാണ്. നീതി തേടി ദിവസവും ഇവർ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പ്രവർത്തനം സ്തംഭിച്ച പോപ്പുലർ ഫിനാൻസ്, സബ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്യുമ്പോൾ വെട്ടിലാകുന്ന് നൂറു കണക്കിന് നിക്ഷേപകർ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. 2000 കോടിയോളം രൂപയാണ് ഈ സ്ഥാപനം പലരിൽ നിന്നായി നിക്ഷേപം വാങ്ങിയത്. ഇവരെ വെട്ടിലാക്കുന്നതാണ് നടപടി. അതിനിടെ ഉടമകളെ കണ്ടെത്താൻ പൊലീസ് ഒന്നും ചെയ്യുന്നുമില്ല. അതിനിടെ പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി പത്തനംതിട്ട ജില്ലാപൊലീസ് മേധാവി കെജി സൈമൺ അറിയിച്ചിരുന്നു.

1965-ൽ ടി.കെ. ഡാനിയേൽ എന്നയാൾ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയാണ് പോപ്പുലർ ഫിനാൻസ് എന്ന പേരിൽ വളർന്നത്. ചിട്ടിക്കമ്പനിക്കൊപ്പം സ്വർണം പണയത്തിന്മേൽ വായ്പകളും നൽകിയിരുന്നു. പിതാവിന് പിന്നാലെ മകൻ തോമസ് ഡാനിയേൽ എന്ന റോയ് ഡാനിയേൽ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വർണപണ്ട പണയത്തിന് പുറമേ പലമേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. നിലവിൽ കേരളത്തിന്റെ വിവിധയിടങ്ങളിലായി 274 ബ്രാഞ്ചുകളാണ് ഈ കമ്പനിക്കുള്ളത്. ഇത്രയും വലിയ നെറ്റ് വർക്കുള്ള കമ്പനിയാണ് പൊളിയുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപം തട്ടിയെടുത്തതാണെന്ന ആരോപണവും അതിശക്തമാണ്. ബിനാമി പേരുകളിൽ ഇത് മാറ്റിയിട്ടുണ്ടാകാമെന്നാണ് ഉയരുന്ന സംശയം.

ചിട്ടിതട്ടിപ്പിൽ തടുങ്ങി വൻ കമ്പനിയായി മാറിയ പോപ്പുലറിന്റെ തകർച്ചയ്ക്ക് പിന്നിൽ കള്ളക്കളികളുണ്ടെന്നാണ് സംശയം. വീടുപണി, വിവാഹം, വാർദ്ധക്യകാലത്തെ വരുമാനം എന്നീ ലക്ഷ്യങ്ങൾ വച്ചാണ് പലരും പണം നിക്ഷേപിച്ചത്. എന്നാൽ കമ്പനി ഉടമകൾ വഞ്ചിച്ചതോടെ ഇവരെല്ലാം നിരാശരാണ്.