- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വർണ പണയത്തിന് നൽകിയിരുന്നത് കുറഞ്ഞ നിരക്ക്; തൊട്ടടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ ഈ സ്വർണം പണയം വച്ച് കൂടുതൽ തുക എടുക്കും; ഇതിൽ ഒരു ഭാഗം നിക്ഷേപകർക്ക് പലിശയ്ക്ക് കൊടുക്കും; ബാക്കി തുക മറ്റ് ഇടപാടിനും; പണയമെടുക്കാൻ വരുന്നവരോട് സ്വർണം മറ്റൊരു ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അറിയിക്കും; ഇത് കൈ നനയാതെ മീൻ പിടിച്ച തന്ത്രം; തട്ടിപ്പിന്റെ രാജാവായി ഇണ്ടക്കാട്ടിൽ റോയ് ഡാനിയൽ; ആയിരങ്ങളെ വഞ്ചിച്ച് പോപ്പുലർ ഫിനാൻസ് സാമ്രാജ്യം കെട്ടിപ്പെടുത്തത് കുബുദ്ധി നിറച്ച്
പത്തനംതിട്ട: പല തരം തട്ടിപ്പുകളും കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ, പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ രാജാക്കന്മാരായിരുന്നുവെന്നതിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വർണപ്പണയത്തിന്മേൽ പണം കൊടുക്കുന്നതിലാണ് മറ്റൊരു തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്.
ഇടപാടുകാർ പണയം വയ്ക്കാൻ എത്തിയാൽ ഗ്രാമിന് വളരെ കുറഞ്ഞ നിരക്കിലാണ് പണം നൽകുന്നത്. അതിന് ഈ സ്വർണം ഇവർ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ കൊണ്ടുപോയി പണയപ്പെടുത്തി കൂടുതൽ പണം വാങ്ങും. ആ പണത്തിൽ ഒരു ഭാഗം നിക്ഷേപകർക്ക് പലിശയ്ക്ക് നൽകുകയും ചെയ്യും. ബാക്കി സ്വന്തം അക്കൗണ്ടിലും. ഇത് വിവിധ ആവശ്യങ്ങൾക്കും മറ്റ് ലോണുകൾ നൽകാനും വിനിയോഗിക്കും. ഇതിലൂടെ ലാഭം ഉണ്ടാക്കും. ഇതിനിടെ പണയം വച്ചത് എടുക്കാൻ ആളു വരുമ്പോൾ ഫെഡറൽ ബാങ്കിൽ പോയി എടുത്തു കൊടുക്കുകയാണ് ചെയ്യുന്നത്. പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളോടും ചേർന്നുള്ള ഫെഡറൽ ബാങ്ക് ശാഖകളിൽ ഇത്തരത്തിൽ സ്വർണം മറിച്ചു പണയം വച്ചിരുന്നതായി പൊലീസിന് പ്രാഥമികാന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.
കൈ നനയാതെ മീൻ പിടിച്ച് സമ്പാദിക്കുകയാണ് പോപ്പുലർ ഉടമകൾ ചെയ്തത്. ആരാന്റെ സ്വർണം കൊണ്ട്, ഒരു പൈസ പോലും ചെലവില്ലാതെ ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നത്. പണയ സ്വർണവും ഇപ്പോൾ തിരിച്ചു നൽകുന്നില്ല എന്നാണ് കേൾക്കുന്നത്. ഫെഡറൽ ബാങ്കിന്റെ വിവിധ ശാഖകളിലുണ്ടായിരുന്ന പണയ സ്വർണം തിരികെ എടുത്ത് വിറ്റ് നാടുവിടാനായിരുന്നു സ്ഥാപനം ഉടമ ഇണ്ടക്കാട്ടിൽ തോമസ് ഡാനിയൽ(റോയ്), ഭാര്യ പ്രഭാ ഡാനിയൽ, മകൾ റിയ എന്നിവരുടെ പദ്ധതി. അതാണിന്നലെ ഭാഗികമായി പാളിയത്.
കേരളത്തിന് അകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരിൽ നിന്നുമായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 250 ൽ അധികം പരാതികൾ ലഭിച്ചു. തട്ടിപ്പിന്റെ വ്യാപ്തി ഇതുവരെ മുന്നൂറു കോടി വരും. ഇനിയും പരാതിക്കാർ എത്താനുണ്ട്. കർണാടകയിൽ നിന്നും മറ്റും വിളി എത്തുന്നുണ്ട്. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ച്, തമിഴ്നാട്ടിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെയായി മുന്നൂറോളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലർ ഫിനാൻസ്.
12 ശതമാനം പലിശയെന്ന് കേട്ട് മുൻപിൻ നോക്കാതെ നിക്ഷേപിക്കാൻ ഇറങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരൊന്നും തന്നെ ഈ സർട്ടിഫിക്കറ്റ് വായിച്ചതായി തോന്നുന്നില്ലെന്ന് അന്വേഷണം നടത്തുന്ന പൊലീസ് സംഘം ചൂണ്ടിക്കാട്ടുന്നു. അരലക്ഷം മുതൽ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരുണ്ട്. കള്ളപ്പണം വെളുപ്പിക്കാനായി കൊണ്ടിട്ടവർ മാത്രം ഒന്നും മിണ്ടുന്നില്ല. മധ്യതിരുവിതാംകൂർ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കോന്നി ആസ്ഥാനമായുള്ള പോപുലർ ഫിനാൻസ് നടത്തിയത്.
കേരളത്തിനകത്തും പുറത്തുമായി 350 ശാഖകൾ ഉള്ള പോപുലർ ലക്ഷക്കണക്കിന് നിക്ഷേപകരിൽനിന്ന് ആയിരത്തിലധികം കോടിയാണ് തട്ടിയെടുത്തത്. 1976ൽ പ്രവർത്തനം ആരംഭിച്ച പോപുലറിെന്റ അടിത്തറ ഇളകിത്തുടങ്ങിയത് 2014-15 കാലഘട്ടത്തിലാണ്. നിലവിലെ കമ്പനി എം.ഡി റോയി ഡാനിയേലിന് വനാമി കൊഞ്ച് കയറ്റുമതിയിൽ കോടികളുടെ നഷ്ടമുണ്ടായി. ഇതോടെ മകൾ ഡോ. റീനു മറിയം തോമസിന് സിഇഒ ചുമതല നൽകി. ഇതിനെ തുടർന്ന് ഒരോവർഷം കഴിയുന്തോറും കൂടുതൽ കൂടതൽ അടിത്തറ തകർന്നു 2020 ആയപ്പോഴേക്കും പതനം പൂർത്തിയാവുകയായിരുന്നു. ഇതിനിടെ കള്ളക്കളികളും തുടങ്ങി. മകൾ ചുമതല ഏറ്റശേഷം ഏറ്റവും അധികം ബിസിനസ്സുള്ള ശാഖകൾ വിവിധ പേരുകളിൽ നിധി ലിമിറ്റഡുകളായി രജിസ്റ്റർ ചെയ്ത് നിക്ഷേപം സ്വീകരിച്ചതോടെ പാവങ്ങൾ ചതിയിൽ പെട്ടു തുടങ്ങി.
തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. അതിനിടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം മാറ്റാൻ ആലോചന നടക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇത് വരെയുള്ള കണക്കുകളെല്ലാം പ്രാഥമിക കണക്കുകൂട്ടൽ മാത്രമാണ്. മുഴുവൻ നിക്ഷേപകരുടെ പൂർണ്ണ കണക്കെടുത്തെങ്കിൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
ഉടമകളായ റോയി ഡാനിയൽ, ഭാര്യ പ്രഭ, മക്കൾ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുടുംബസമേതം രാജ്യംവിടാൻ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനിടെ, ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ഇവരുടെ പെൺമക്കളും സ്ഥാപനത്തിന്റെ സിഇഒയുമായ ഡോ. റിനു മറിയം തോമസ്, ഡയറക്ടർ ഡോ. റിയ ആൻ തോമസ് എന്നിവരെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ തെളിവ് കിട്ടും.
ആസ്ട്രേലിയയിലെ ബന്ധുക്കളുടെ അടുത്തേക്ക് പോകാനായിരുന്നു റിയയുടെയും റിനുവിന്റെയും പദ്ധതി. പോപ്പുലർ ഫിനാൻസിന്റെ കോന്നി വകയാറിലെ ആസ്ഥാന ഓഫിസിൽ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തി. നിക്ഷേപവും പണംമാറ്റലുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് നിക്ഷേപകരെ പൊലീസ് വിരട്ടിയോടിച്ചു. സ്ഥാപനത്തിന് മുന്നിൽ സത്യഗ്രഹം ഇരിക്കാൻ തുടങ്ങിയ നിക്ഷേപകരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
ഇതിനിടെ, സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹരജി നൽകിയിട്ടുണ്ട്. കോടതി സെപ്റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരിൽനിന്നായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്