- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലറിന്റെ സ്ഥാപകൻ ഇണ്ടിക്കാട്ടിൽ ടികെ ഡാനിയേൽ അദ്ധ്യാപകൻ; വിരമിച്ച അദ്ധ്യാപകർ പലരും പെൻഷൻതുകയും ആനുകൂല്യങ്ങളും പോപ്പുലറിൽ നിക്ഷേപിച്ചത് കൂട്ടുകാരനെ വിശ്വസിച്ച്; ഡാനിയേലിന്റെ മരണത്തോടെ എല്ലാം അടിതെറ്റി; മകനും മകളും കൊച്ചുമക്കളും അത്യാഡംബരത്തിൽ പോയതോടെ നിക്ഷേപകർക്ക് പണി കിട്ടി; എട്ട് ആഡംബരക്കാറുകൾ വാങ്ങിയ തട്ടിപ്പുകാർ ഓസ്‌ട്രേലിയയിലേക്കും സമ്പത്ത് വകമാറ്റി; എല്ലാം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് പണം നഷ്ടമായ പാവങ്ങൾ; വകയാറിൽ മാത്രം നടന്നത് 600 കോടിയുടെ തട്ടിപ്പ്
പത്തനംതിട്ട: കോന്നി വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ പണം നിക്ഷേപിച്ചവരിൽ അധികവും വിരമിച്ച അദ്ധ്യാപകരും, പുറംനാട്ടിൽനിന്ന് വന്ന മലയാളികളും. പോപ്പുലറിന്റെ സ്ഥാപകൻ ഇണ്ടിക്കാട്ടിൽ ടി.കെ.ഡാനിയേൽ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ പരിചയത്തിലാണ് വിരമിച്ച അദ്ധ്യാപകർ പലരും പെൻഷൻതുകയും ആനുകൂല്യങ്ങളും പോപ്പുലറിൽ നിക്ഷേപിച്ചത്. വകയാർ പോപ്പുലർ ഫിനാൻസിന് എതിരേയുള്ള സാമ്പത്തിക തിരിമറിയിൽ പണം കിട്ടാനായി 3000 പേർ കോന്നി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹെഡ് ഓഫീസിലെ ജീവനക്കാരെ തെളിവെടുപ്പിനായി പൊലീസ് വിളിപ്പിക്കും
ഡാനിയേലിന്റെ മരണംവരെ പലിശ കൃത്യമായി ഇവർക്ക് ലഭിച്ചിരുന്നു. മകൻ തോമസ് ഡാനിയേലും ഭാര്യ പ്രഭയും മക്കളും സ്ഥാപനം ഏറ്റെടുത്തതോടെ കൃത്യത നഷ്ടപ്പെട്ടു. നിക്ഷേപമായി കിട്ടുന്ന പണം സ്വന്തം സുഖസൗകര്യങ്ങൾക്ക് ചെലവഴിച്ചു. ഇവർക്ക് എട്ട് ആഡംബര വാഹനങ്ങൾ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയിലേക്കും പണം വഴിതിരിച്ചു വിട്ടു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ബ്രാഞ്ചുകൾ കൂട്ടുക എന്നതായിരുന്നു രീതി. ഏതെങ്കിലും സ്ഥലത്ത് പുതിയ ബ്രാഞ്ച് തുടങ്ങി നാട്ടുകാരായ മൂന്നുപേർക്ക് തൊഴിൽ നൽകും. അവരുടെ ജോലിയാണ് നിക്ഷേപങ്ങൾ ബാങ്കിൽ എത്തിക്കുക എന്നുള്ളത്. അടൂരിന് സമീപമുള്ള ഒരു ബ്രാഞ്ചിൽ ഇത്തരത്തിൽ മാനേജർ മുൻകൈ എടുത്ത് അഞ്ചുകോടി രൂപ നിക്ഷേപമായി സംഘടിപ്പിച്ചു.
വകയാറിലെ മുഖ്യ ഓഫിസ് ഉൾപ്പെട്ട കോന്നി മേഖലയിൽ മാത്രം നടത്തിയത് 600 കോടി രൂപയുടെ തട്ടിപ്പെന്ന് പൊലീസ് വിലയിരുത്തുന്നു. വിവിധ ബ്രാഞ്ചുകളിൽ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ ശേഖരിക്കുകയാണ്. കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർ ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിക്കാതെ നിക്ഷേപങ്ങൾ സ്വീകരിച്ചതിന് 2014ൽ പോപ്പുലർ ഫിനാൻസിനെതിരെ നടപടി ഉണ്ടായതാണ്. നിക്ഷേപം സ്വീകരിക്കുന്നതിനു റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് മറച്ചുവച്ചാണ് കോടികൾ നിക്ഷേപമായി സ്വീകരിച്ചു വകമാറ്റിയത്.
കുമ്പഴയിൽനിന്ന് വിരമിച്ച ഒരു അദ്ധ്യാപകൻ പെൻഷൻ തുക പോപ്പുലറിൽ നിക്ഷേപിച്ചു. തുടർന്ന് അദ്ദേഹത്തെ ജില്ലാ ആസ്ഥാനത്തെ ശാഖാമാനേജരായി നിയമിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലിചെയ്ത് വിരമിച്ച് നാട്ടിൽ സ്ഥിരതാമസത്തിനുവന്ന പലരും 10ലക്ഷം രൂപ വീതം പോപ്പുലറിൽ നിക്ഷേപിച്ചു. വിദേശത്തുള്ളവർ നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും മാസവരുമാനം കിട്ടാനായും പോപ്പുലറിൽ പണം നിക്ഷേപിച്ചിരുന്നു. സ്ഥിരനിക്ഷേപം എന്ന പേരിലിട്ട തുകകൾ പലതും ഓഹരി വിപണിയുടെ മാതൃകയിലാണ് പോപ്പുലറിന്റെ അക്കൗണ്ടിൽ കാണുന്നത്. ഇത് മാനേജ്മെന്റ് ആസൂത്രിതമായി ചെയ്തതാണെന്ന് പൊലീസ് കരുതുന്നു.
പോപ്പുലർ ഫിനാൻസിന്റെ ബ്രാഞ്ചുകളിൽ മറിച്ച് പണയം വയ്ക്കാത്ത സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിട്ടുണ്ട്. അവ തിരികെ കിട്ടാൻ, പണയം വെച്ചിട്ടുള്ളവർ ബ്രാഞ്ച് ജീവനക്കാരെ സമീപിക്കുന്നുണ്ട്. പൊലീസ് നിർദ്ദേശം ഇല്ലാത്തതിനാൽ ബ്രാഞ്ചുകൾ തുറക്കാൻപറ്റാത്ത അവസ്ഥയിലാണ്. പൊലീസ് നിർദേശമുണ്ടായാൽ ഇത്തരം സ്വർണ ഉരുപ്പടികൾ തിരികെ നൽകാമെന്നാണ് ജീവനക്കാർ പറയുന്നത്.
അനധികൃത നിക്ഷേപം സ്വീകരിച്ചതിന്റെ പേരിൽ പോപ്പുലറിനെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് 6 വർഷമായി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി നീട്ടുകയായിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതിയില്ലാതെ ബോണ്ട് ഇറക്കിയതിന്റെ പേരിലും പോപ്പുലറിനെതിരെ നിയമ നടപടിയുണ്ടാകും. 5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കും എന്ന പേരിലാണ് ഒരു നിയമ പരിരക്ഷയുമില്ലാതെ സാൻ പോപ്പുലറിന്റെ പേരിൽ ബോണ്ട് ഇറക്കിയത്. 7 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കുമെന്ന് അവകാശപ്പെട്ടു മറ്റൊരു സ്‌കീമിലും ഇവർ നിക്ഷേപകരെ ചേർത്തിരുന്നു. വിവാഹ ആവശ്യത്തിനും മറ്റും പണം സ്വരുക്കൂട്ടിയവരാണ് ഈ സ്‌കീമിൽ വഞ്ചിക്കപ്പെട്ടവരിൽ അധികവും.
സാമ്പത്തിക നഷ്ടത്തിനു കാരണം മാനേജർമാർ നടത്തിയ തട്ടിപ്പുകളാണെന്ന ആരോപണം പോപ്പുലർ ഉടമ തോമസ് ഡാനിയേൽ നൽകിയ പാപ്പർ ഹർജിയിലുണ്ട്. സാമ്പത്തിക കെടുകാര്യസ്ഥതയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നതെന്നതിന്റെ കുറ്റസമ്മതം കൂടിയാണ് ഹർജിയിലെ ആരോപണം. മൊത്തം 8 പാപ്പർ ഹർജികളാണ് പോപ്പുലറിനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ സബ് കോടതിയിൽ സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ