- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഗ്രൂപ്പിന് ആന്ധ്രയിലും തമിഴ്നാട്ടിലും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം; പിടിച്ചെടുത്ത പ്രമാണങ്ങളും രേഖകളും സത്യമോ എന്ന് പരിശോധിക്കാൻ റോയ് ഡാനിയലുമായി പൊലീസ് സംഘം ഇതരസംസ്ഥാനങ്ങളിലേക്ക് തിരിച്ചു; ഭാര്യയെയും മക്കളെയും തെളിവെടുപ്പിന് തിരുവനന്തപുരത്ത് എത്തിച്ചു; വിദേശ അക്കൗണ്ടിൽ നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്രസഹായം തേടും
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ കോന്നി വകയാറിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ പൊരുൾ തേടി പൊലീസ് സംഘം റോയ് ഡാനിയലുമായി ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. പൊലീസ് ഇൻസ്പെക്ടർ പിഎസ് രാജേഷിന്റെ നേതൃത്വത്തിൽ കോന്നി സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരാണ് പോയിരിക്കുന്നത്.
റോയിയുടെ ഭാര്യ പ്രഭ, മക്കളായ റിനു, റേബ എന്നിവരെ തെളിവെടുപ്പിനായി തിരുവനന്തപുരത്തേക്കും കൊണ്ടു പോയി. ഇന്നലെ പ്രതികളുമായി നടത്തിയ റെയ്ഡിൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ തോതിൽ പോപ്പുലർ ഉടമകൾ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ കണ്ടെത്തിയിരുന്നു. നിക്ഷേപകരിൽ നിന്നും വാങ്ങിയ പണം ഇതരസംസ്ഥാനങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടുന്നതിനാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ, ഈ ഭൂമി മുഴുവൻ സ്വന്തം പേരിലാണ് ഇവർ വാങ്ങിയിട്ടുള്ളത് എന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
തട്ടിപ്പ് നടത്താൻ ലക്ഷ്യമിട്ടവർ ഒരിക്കലും ഭൂമി സ്വന്തം പേരിൽ വാങ്ങേണ്ട കാര്യമില്ലെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന ഘടകം. വിദേശ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളതിന്റെ രേഖകളും പിടികൂടിയവയിൽ ഉൾപ്പെടുന്നു. എന്നാൽ, ഇതിൽ നിക്ഷേപമുണ്ടോ എന്ന് അറിയണമെങ്കിൽ ബാങ്കുകളെ നേരിട്ട് സമീപിക്കേണ്ടതായി വരും. കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയ തോമസ് ഡാനിയേൽ(റോയ്), ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവരെയാണ് വകയാറിലെ വീട്ടിൽ അന്വേഷണസംഘം എത്തിച്ചത്.
ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ മേൽനോട്ടത്തിൽ കോന്നി, കൂടൽ, ഏനാത്ത് പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രമാണങ്ങൾ ഉൾപ്പെടെ നിരവധി രേഖകൾ പരിശോധനയിൽ കണ്ടെത്തി. ജില്ലാ പൊലീസ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും ചേർന്നാണ് രേഖകൾ പരിശോധിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു വലിയ ഗൂഢാലോചനയോ ആസൂത്രണമോ നടന്നിട്ടുണ്ടോ എന്നത് വെളിച്ചത്തുകൊണ്ടുവരാൻ തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് അന്വേഷണം നീക്കുകയാണെന്നും നിക്ഷേപതുകകൾ മാറ്റിയിട്ടുണ്ടെങ്കിൽ അത് എങ്ങോട്ടൊക്കെ ആകാമെന്നും തുടങ്ങിയ സർവ വിവരങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പൊലീസ് ശക്തമായ അന്വേഷണം നടത്തി വഞ്ചിതരായവർക്കു നീതി ലഭ്യമാക്കും. അന്വേഷണം കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകാൻ കർശന നിർദ്ദേശം കൊടുത്തിട്ടുണ്ട്. തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരുമെന്നും പ്രതികളുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. റിമാൻഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയിരുന്നു. പോപ്പുലർ ഫിനാൻസിന്റെ ശാഖകൾ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പും നിക്ഷേപ തുകകൾ എവിടേക്ക് മാറ്റിയെന്നതും കണ്ടെത്തേണ്ടതുണ്ട്.
പോപ്പുലർ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു പരാതികൾ വരുന്നുണ്ടെന്നും, അവയെല്ലാം കോന്നിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ചേർത്ത് അന്വേഷണം തുടരുമെന്നും ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. 2000 കോടിയോളം രൂപയുടെ തട്ടിപ്പ് വിവിധ സംസ്ഥാനങ്ങളിലായി നടത്തിയെന്നാണു പൊലീസ് നിഗമനം. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ കമ്പനി ഉടമകൾക്ക് ഭൂമി ഇടപാടുകളുണ്ട്. വിവിധ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകളിൽ ഇവർ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പണം ഓസ്‌ട്രേലിയയിലേക്കു കടത്തിയെന്നാണ് കരുതുന്നത്. മുൻപ് ഇവർ ഓസ്‌ട്രേലിയയിൽ നിന്ന് പഴയ കംപ്യൂട്ടർ ഇറക്കുമതി ചെയ്യുന്ന ബിസിനസ് നടത്തിയിരുന്നു. കംപ്യൂട്ടർ ഇടപാടിലൂടെ 6 കോടിയോളം രൂപ പ്രതികൾക്കു ലഭിച്ചു. ഇതിനു പിന്നാലെയാണ് പ്രത്യേക കമ്പനികൾ രൂപീകരിച്ച് പണം തട്ടാൻ ആസൂത്രണം നടന്നത്. അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കേസ് സിബിഐക്കു വിടണമെന്ന ഹർജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടിയതിനു പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്