തിരുവനന്തപുരം: നിക്ഷേപകരെ വഞ്ചിച്ച പോപ്പുലർ ഫിനാൻസിന്റെ സ്വത്തുവകകൾ, അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമപ്രകാരം (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീം അക്ട് -ബഡ്സ് ആക്ട്) പിടിച്ചെടുക്കും. ബഡ്സ് നിയമം അനുസരിച്ച് നിക്ഷേപത്തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുക്കുന്ന വസ്തുവകകൾ കോടതിവിധിയനുസരിച്ച് വിറ്റ് നിക്ഷേപകർക്ക് പണം നൽകാം. പോപ്പുലർ ഫിനാൻസിനെതിരേയുള്ള നടപടികൾ ബഡ്സ് നിയമപ്രകാരമാകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് വിധേയരായ നിക്ഷേപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞവർഷം നവംബറിൽ കോടതി ഈ ആവശ്യം അംഗീകരിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനസർക്കാർ ഉത്തരവ്.

കേന്ദ്രനിയമത്തിന് കഴിഞ്ഞദിവസമാണ് സംസ്ഥാനസർക്കാർ ചട്ടം വിജ്ഞാപനം ചെയ്തത്. ഈ ചട്ടം അനുസരിച്ച് വസ്തുവകകൾ പിടിച്ചെടുക്കുന്ന ആദ്യ കേസാണിത്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സ്വത്ത് കണ്ടുകെട്ടാൻ തുടങ്ങിയെങ്കിലും പുതിയ നിയമത്തിന് കീഴിലേക്ക് മാറുന്നതോടെ നടപടികൾ വേഗത്തിലാവും. നിയമം നടപ്പാക്കാൻ സംസ്ഥാനത്തെ അഥോറിറ്റിയായി ആഭ്യന്തരവകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഥോറിറ്റിയുടെ തീരുമാനപ്രകാരമാണ് ഉത്തരവ്.

പിടിച്ചെടുത്ത സ്വത്തുക്കൾ വിറ്റഴിക്കാൻ അഥോറിറ്റി ഈ നിയമപ്രകാരം ചുമതലപ്പെടുത്തിയ പ്രത്യേക കോടതികളിൽ അപേക്ഷിക്കണം. ജില്ലകളിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതികളാണ് കേസുകൾ കൈകാര്യം ചെയ്യുക. കോടതിയാണ് വിൽക്കാൻ അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത്. സ്വത്ത് ഏറ്റെടുക്കുന്ന നടപടികൾ 30 ദിവസത്തിനകം പൂർത്തിയാക്കണം. കോടതികൾ 180 ദിവസത്തിനകവും തീരുമാനമെടുത്തിരിക്കണം. അനധികൃതമായി നിക്ഷേപം സ്വീകരിച്ച പ്രതികൾക്ക് ഏഴുവർഷംവരെയും നിക്ഷേപം തിരികെ നൽകിയില്ലെങ്കിൽ പത്തുവർഷംവരെയും തടവുശിക്ഷ ലഭിക്കാം.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിനെക്കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംസ്ഥാനസർക്കാർ സിബിഐ.ക്ക് വിട്ടിരുന്നു. എന്നാൽ, ഈ നിയമത്തിനുകീഴിൽ പ്രാഥമികമായി വേണ്ടത് അഥോറിറ്റി സ്വത്തുവകകൾ പിടിച്ചെടുക്കലാണ്. അതാണ് ഇപ്പോൾ സർക്കാർ ചെയ്തത്. ഇ.ഡി.യും അന്വേഷിക്കുന്നുണ്ട്. നിക്ഷേപകരുടെ പണം തിരികെ നൽകാത്തതിന് പത്തനംതിട്ട കോന്നി ആസ്ഥാനമായ പോപ്പുലർ ഫിനാൻസിനെതിരേ 1365 കേസുകളാണുള്ളത്. ഉടമ തോമസ് ഡാനിയേലും ഭാര്യ പ്രബാ ഡാനിയേലും മൂന്നുമക്കളും കേസിൽ അറസ്റ്റിലായിരുന്നു.

ബഡ്സ് നിയമപ്രകാരം അംഗീകൃത നിക്ഷേപ പദ്ധതികളുടെ കൂട്ടത്തിൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടേതും ഉൾപ്പെടുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപ പദ്ധതികളും അംഗീകൃതമാണ്. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവയുടെ നിക്ഷേപ പദ്ധതികളും നിയമം അംഗീകരിച്ചിട്ടുണ്ട്.